അടൂര്‍ സഹോദരിമാര്‍

posted on:

19 Sep 2008

അടൂര്‍ പന്നിവിഴാ പാറപ്പുറത്ത് ഭവാനി. അടൂര്‍ പന്നിവിഴാ പാറപ്പുറത്ത് പങ്കജം. ഇവര്‍ ജ്യേഷ്ഠത്തിയും അനുജത്തിയുമാണ്.

മധ്യതിരുവിതാംകൂറിലെ ദരിദ്രമായ ഒരു നായര്‍ കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികള്‍. ഇവര്‍ക്ക് ഇളയതും മൂത്തതുമായി പിന്നെയുമുണ്ട് ആറു കുട്ടികള്‍. അച്ചന്‍ കുഞ്ഞിരാമന്‍പിള്ള കൃഷിക്കാരനായിരുന്നു. അമ്മ കുഞ്ഞുകുഞ്ഞമ്മ. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനോ അവര്‍ക്ക് വയറു നിറച്ച് ആഹാരം കൊടുക്കാനോ കഴിയാത്ത അവസ്ഥ. ഇളയെ പെണ്‍കുട്ടി പങ്കജമാണ് കുടുംബത്തെ കരകയറ്റാന്‍ ഒരു വഴി കണ്ടത്. അന്നവള്‍ക്ക് പതിന്നാലു വയസ്സ് പ്രായം. നാടകസംഘത്തില്‍ ചേരുക. ഒരു നാടകത്തില്‍ അഭിനയിച്ചാല്‍ അക്കാലത്ത് നൂറു രൂപ പ്രതിഫലം കിട്ടും. കുടംബത്തില്‍ പിറന്ന പിള്ളേര്‍ നാടകം കളിക്കാന്‍ പോകുന്നത് മാനക്കേടാണ്. നാട്ടുകാര്‍ അതിമിതും പറഞ്ഞുപരത്തും. പക്ഷേ, പങ്കജത്തിന് മാനത്തേക്കാള്‍ വലുത് വീട്ടിലെ പട്ടിണിയായിരുന്നു. അവളുടെ തീരുമാനത്തിന് മനസ്സില്ലാമനസ്സോടെ അച്ഛന് സമ്മതം മൂളേണ്ടിവന്നു. അങ്ങനെ പങ്കജം നാടകക്കാരിയായി.

ആലപ്പുഴയില്‍ നാടകം കളിക്കുമ്പോഴാണ് അക്കാലത്ത് വലിയ സിനിമക്കാരനായിരുന്ന തിക്കുറുശ്ശി സുകുമാരന്‍നായര്‍ പങ്കജത്തെ കാണുന്നത്. സിനിമയിലഭിനയിക്കാമോ എന്നു ചോദിച്ചപ്പോള്‍ അതിനവള്‍ സമ്മതം മൂളി. അഞ്ഞൂറു രൂപ ആദ്യ സിനിമയ്ക്കായി തിക്കുറുശ്ശി അഡ്വാന്‍സും കൊടുത്തു. അങ്ങനെ പങ്കജം 'ശരിയോ തെറ്റോ' എന്ന സിനിമയിലൂടെ സിനിമാക്കാരിയുമായി. ഇത് 1954ലെ കഥ.

ആലപ്പുഴയില്‍ ഉദയാ സ്റ്റുഡിയോയില്‍ സിനിമയിലഭിനയിക്കാന്‍ പോയപ്പോള്‍ പങ്കജം കൂട്ടുകൊണ്ടുപോയത് നേരേമൂത്ത ഭവാനിച്ചേച്ചിയെയായിരുന്നു. ഉദയാ സ്റ്റുഡിയോയില്‍വെച്ച് കുഞ്ചാക്കോയാണ് ഭവാനിയെക്കൂടി ചിത്രത്തിലഭിനയിക്കാന്‍ വിളിച്ചത്. അങ്ങനെ ഭവാനിയും സിനിമക്കാരിയായി. പിന്നീട് ഒരിക്കലും അവര്‍ക്ക് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കഴിഞ്ഞ അമ്പതു വര്‍ഷങ്ങളിലേറെ അവര്‍ മലയാള ചലച്ചിത്രരംഗത്ത് സജീവമായി നിലനിന്നു. എണ്ണം പറഞ്ഞാല്‍ ഏതാണ്ട് നാനൂറിലേറെ ചിത്രങ്ങള്‍. ഇതിനിടെ അടൂര്‍ ഭവാനിക്ക് ഒരു തവണ സര്‍ക്കാരിന്റെ സഹനടിക്കുള്ള അവാര്‍ഡും കിട്ടി. പങ്കജത്തിന് പുരസ്‌കാരങ്ങള്‍ കിട്ടിയ ഓര്‍മയില്ല. അടുത്തൊരു നാള്‍ കേരള സര്‍ക്കാരിന്റെ ഒരു അവാര്‍ഡ് രണ്ടു പേര്‍ക്കും കിട്ടിയത് സന്തോഷത്തോടെ അവര്‍ ഓര്‍ക്കുന്നു. അതുപക്ഷേ, നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതായിരുന്നു. നാടകത്തില്‍നിന്നാരംഭിച്ച പങ്കജത്തിന്റെ കലാപ്രവര്‍ത്തനം സിനിമയില്‍നിന്ന് വീണ്ടും നാടകത്തിലേക്കു വഴിതിരിഞ്ഞിരുന്നു. അടൂര്‍ ജയാതിയറ്റേഴ്‌സ് എന്നൊരു സമിതി ഉണ്ടാക്കി. നിരവധി നാടകങ്ങള്‍ രംഗത്തവതരിപ്പിച്ചു. അതില്‍ ഭവാനിയും പങ്കാളിയായി.

സിനിമാനടിയായിരിക്കുമ്പോള്‍തന്നെ ഇരുവരുടേയും വിവാഹം കഴിഞ്ഞു. രണ്ടുപേര്‍ക്കും ഒരോ മക്കളും. പങ്കജം തന്റെ മകന്‍ അജയന് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചു. ബോര്‍ഡിങ്ങിലയച്ച് പഠിപ്പിച്ചു. ബിരുദം തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കിയ മകനെ പിന്നീട് ദില്ലിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലാണ് മാസ്റ്റര്‍ബിരുദമെടുക്കാന്‍ അയച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മകന്‍ പക്ഷേ, അമ്മയുടെ വഴിയെ സിനിമയിലേക്കാണെത്തിച്ചേര്‍ന്നത്. കുറെ അധികം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അതുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നു കണ്ട് അതില്‍നിന്ന് പിന്‍തിരിഞ്ഞ് ഇപ്പോള്‍ അടൂരില്‍ അമ്മയോടൊപ്പം ഭാര്യയും മകളുമായി കഴിയുന്ന അജയന്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ രംഗത്ത് സജീവമാണ്. ഭവാനിയുടെ മകനും പ്രത്യേകിച്ച് ജോലിയൊന്നുമില്ല. അടുത്തുള്ളൊരമ്പലത്തില്‍ ചെറിയൊരു പണിയുണ്ട്.

നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഈ രണ്ടമ്മമാര്‍ക്കും സാമ്പത്തികമായി സുരക്ഷിതരാവാന്‍ കഴിഞ്ഞില്ല. പ്രായം രണ്ടാള്‍ക്കും ഏറെയായി. ശാരീരികമായും സ്വസ്ഥതയില്ല. ഓര്‍മകള്‍ക്കുപോലും തെളിച്ചമില്ലാത്ത അവസ്ഥ.

എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?

'ഏറ്റവും വലിയ പ്രതിഫലമായി ഞാന്‍ വാങ്ങിയിട്ടുള്ളത് അയ്യായിരം രൂപയാണ്. അത് 'ചെമ്മീനി'ല്‍ അഭിനയിച്ചതിന് കിട്ടിയതാണ്. ഭവാനിക്കു പറയാനുള്ള കഥ അതാണ്. ചക്കിമരക്കാത്തിയായി വേഷം കെട്ടയതിനാണ് ഏറ്റവും വലിയ പ്രതിഫലം കിട്ടിയത്. പണമല്ലല്ലോ വലുത്. ചക്കിമരക്കാത്തിയായി ആളുകളുടെ മനസ്സില്‍ ഒരു സ്ഥാനം കിട്ടിയല്ലോ... അതിലാണ് ഭവാനിക്ക് സംതൃപ്തി.

വീടിന്റെ നാലതിരുകള്‍പ്പുറത്തെ ലോകത്തെക്കുറിച്ച് ഈ രണ്ടമ്മമാര്‍ക്കും ഇന്ന് ഓര്‍മകളധികമില്ല. എങ്കിലും കൂടെ അഭിനയിച്ചവരെക്കുറിച്ചൊക്കെ പറയുമ്പോള്‍ മുഖത്ത് വല്ലാത്ത തെളിച്ചം. അവരില്‍ ആരൊക്കെ ജീവിച്ചിരിക്കുന്നു എന്ന് രണ്ടാള്‍ക്കും നിശ്ചയമില്ല. അതൊക്കെ ആരും അവരോട് പറയാറുമില്ല. ജീവിതത്തിന്റെ തിക്കിലും തിരക്കിലും ഈ അമ്മമാരോട് കഥ പറഞ്ഞിരിക്കാന്‍ മക്കള്‍ക്കുമില്ല തീരെ സമയം.
സത്യനെക്കുറിച്ച് പറയുമ്പോള്‍ ഭവാനിയുടെ മുഖത്ത് തിളക്കം. ''സത്യന്‍സാറ് തനി തങ്കമല്ല്യോ... തങ്കപ്പെട്ട മനുഷ്യന്‍. ഭവാനിഅമ്മേ എന്നു വിളിക്കുന്നതിന് ഏഴു നാക്കാ. എന്നോട് വലിയ കാര്യമായിരുന്നു. ഈ വീട്ടില്‍ എനിക്കുവേണ്ടി അദ്ദേഹം കാശുമുടക്കി ഒരു മുറി തീര്‍ത്തുതന്നു. ആ മുറിയിലാ ഞാനിപ്പോഴും കഴിയുന്നത്.''

ഷീലയോടും ശാരദയോടുമായിരുന്നു പങ്കജത്തിന് കൂടുതല്‍ അടുപ്പം. ഷീലയുടെ എല്ലാ ദുഃഖങ്ങളും അന്ന് പങ്കജത്തോടായിരുന്നു പങ്കുവെച്ചിരുന്നത്. ''ഒരുപാട് ദുഃഖിച്ച സ്ത്രീയാണവര്‍. പ്രേംനസീറിനെ കല്യാണം കഴിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ, അത് നടന്നില്ല. അതെങ്ങനെ നടക്കാന്‍. അദ്ദേഹം കുടുംബവും കുട്ടികളുമായൊക്കെ കഴിഞ്ഞുകൂടിയ മനുഷ്യനല്ലായിരുന്നോ. അങ്ങനെ ആഗ്രഹിക്കാന്‍ കൊള്ളാമോ. എങ്കിലും എന്നോട് വലിയ സ്‌നേഹമാ. ചിലപ്പോഴൊക്കെ എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കാറുണ്ട്. ഞാന്‍ അവരോട് ഒരു സഹായവും ചോദിച്ചിട്ടില്ല. ചോദിച്ചാ തരും. പക്ഷേ, ഞാന്‍ ചോദിക്കില്ല'', പങ്കജത്തിന്റെ ഓര്‍മകള്‍ക്കുമില്ല ഇന്നൊരടുക്കും ചിട്ടയും.

2006ലാണ് അവസാനമായി അഭിനയിച്ചത്. 'അമ്മത്തൊട്ടില്‍' എന്ന ചിത്രത്തില്‍. ഇന്നും അഭിനയിക്കാന്‍ വലിയ മോഹമാണ് പക്ഷേ, ആരും വിളിക്കുന്നില്ല. അതാണവരുടെ വലിയ പരാതി. 'സേതുരാമയ്യര്‍ സി.ബി.ഐ.' ആണ് ഭവാനി അവസാനമായി അഭിനയിച്ച ചിത്രം. ഭവാനിക്കും അഭിനയിക്കാന്‍ മോഹമുണ്ട്. പക്ഷേ, അവര്‍ക്കും അവസരങ്ങള്‍ കിട്ടാത്തതിലാണ് പരാതി.

അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ചോദിച്ചാല്‍ അതൊക്കെ ഓര്‍ത്തെടുക്കാന്‍ ഭവാനിക്ക് കഴിയുന്നില്ല. എങ്കിലും 'ചെമ്മീനി'ലെ ചക്കിമരക്കാത്തിയെ ഓര്‍മയുണ്ട്. 'കരകാണാക്കടലി'ല്‍ സത്യന്റെ അമ്മയായി അഭിനയിച്ചതും ഭവാനി ഓര്‍ക്കുന്നു.
കിട്ടിയ പ്രതിഫലത്തെക്കുറിച്ച് ചോദിച്ചാല്‍ ഭവാനി പറയും-''അതൊക്കെ പറയാനൊക്കത്തില്ല കുഞ്ഞേ, ഒന്നിച്ചല്ലല്ലോ അവര് തരുന്നത്.
 1 2 NEXT