കഥ തന്നെ താരം -ജയേന്ദ്ര

posted on:

26 Jun 2011

ചെന്നൈ: കഴിഞ്ഞ 25 കൊല്ലത്തോളമായി ജയേന്ദ്ര പരസ്യചിത്ര മേഖലയിലുണ്ട്. സിനിമയുടെ സാങ്കേതിക വശങ്ങള്‍ ഉള്ളംകൈയിലെ രേഖ പോലെ ജയേന്ദ്രയ്ക്കറിയാം. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ പി.സി. ശ്രീറാമിനൊപ്പം 1986-ലാണ് ജയേന്ദ്ര ജെ.എസ്. ഫിലിംസ് തുടങ്ങിയത്. ക്യൂബ് സാങ്കേതിക വിദ്യ തമിഴകത്ത് കൊണ്ടുവന്നത് ജയേന്ദ്രയും സംഘവുമാണ്. അങ്ങനെ നോക്കുമ്പോള്‍ സിനിമയിലേക്ക് ജയേന്ദ്രയുടെ വരവ് വൈകിയെന്നു തന്നെ പറയേണ്ടിവരും. ആദ്യ സിനിമയായ '180' നെക്കുറിച്ച് ജയേന്ദ്ര മാതൃഭൂമിയോട് സംസാരിക്കുന്നു.

സിനിമയെടുക്കാന്‍ വൈകിയെന്നു തോന്നുന്നുണ്ടോ?


സമയം കിട്ടിയില്ലെന്നതാണ് ശരി. നല്ല തിരക്കു പിടിച്ച പണിയായിരുന്നു എന്റേത്. പിന്നെ സിനിമയെടുക്കണം എന്ന ചിന്ത ഒരു ഒഴിയാബാധ പോലെ എന്നെ പിടികൂടിയിരുന്നില്ല. ഇപ്പോള്‍ എല്ലാം ഒത്തുവന്നു. വൈകിയോ എന്നു ചോദിച്ചാല്‍ അങ്ങിനെയൊരു തോന്നല്‍ എനിക്കില്ല.

'180' ന്റെ തിരക്കഥ എഴുതുമ്പോള്‍ ഇതാര്‍ക്കുവേണ്ടിയാണെന്നുള്ളതിനെക്കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടായിരുന്നോ?


യുവാക്കളുടെ ലോകമായിരുന്നു മനസ്സില്‍. ചില തിരക്കഥകള്‍ എന്റെ കൈയില്‍ നേരത്തേയുണ്ടായിരുന്നു. പക്ഷേ, ഈ '180' ന്റെ തിരക്കഥ തീര്‍ത്തും പുതുതായിതന്നെ എഴുതുകയായിരുന്നു.

'180' ല്‍ കഥയ്ക്കുമേല്‍ ക്രാഫ്റ്റിനാണ് വിജയം എന്നു പറഞ്ഞാല്‍?


അത് സമ്മതിക്കാനാവില്ല. കഥ തന്നെയാണ് താരം . എന്റെ സിനിമയുടെ ശക്തി അതിന്റെ കഥ തന്നെയാണ്.

ഇടവേളയ്ക്ക് ശേഷമുള്ള ട്വിസ്റ്റ് സിനിമയെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്ന വിമര്‍ശത്തെക്കുറിച്ച്?


എന്റെ കഥാപാത്രങ്ങളാണ് എന്റെ സിനിമ കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ ചിന്താഗതിക്കനുകൂലമായാണ് കഥ വികസിക്കുന്നത്. '180' ഡോ. അജയിന്റെ ജിവിതമാണ്. എന്തുകൊണ്ടങ്ങനെയൊരു ട്വിസ്റ്റ് എന്നു ചോദിച്ചാല്‍ അയാളുടെ ജീവിതത്തില്‍ അങ്ങനെയാണ് സംഭവിക്കുന്നത് എന്നേ പറയാനാവൂ.

മരണത്തിന്റെ വേഷത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ വരുന്നത് നമ്മുടെ വ്യവസ്ഥാപിത സങ്കല്പങ്ങള്‍ ഊട്ടിയുറപ്പിക്കുന്നില്ലേ?


ഇതില്‍ വംശവിദ്വേഷത്തിന്റെ ഘടകമൊന്നുമില്ല. നമ്മുടെ സങ്കല്പമനുസരിച്ചു തന്നെ യമന് ഇരുട്ടിന്റെ നിറമാണ്. കൃഷ്ണന്‍ ശ്യാമവര്‍ണനായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

കഥാപാത്ര രചനയ്ക്കു ശേഷമാണോ അഭിനേതാക്കളെ തിരഞ്ഞെടുത്തത്?


സിദ്ധാര്‍ഥ് എന്റെ മനസ്സിലുണ്ടായിരുന്നു. നിത്യാമേനോനെയും പ്രിയ ആനന്ദിനെയും തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടാണ് സമിപിച്ചത്.

നിത്യയുടെ മുന്‍ സിനിമകള്‍ ഏതെങ്കിലും കണ്ടിരുന്നോ?


കേരള കഫേയില്‍ നിത്യയുടെ അഭിനയം എനിക്കിഷ്ടപ്പെട്ടിരുന്നു. പക്ഷേ, സ്‌ക്രീന്‍ ടെസ്റ്റ് നടത്തി ബോധ്യപ്പെട്ടതിനുശേഷം മാത്രമാണ് നിത്യയെയും പ്രിയയെയും '180' ലേക്ക് തിരഞ്ഞെടുത്തത്.

തമിഴിലെ പുതിയ റോജയാണ് '180' എന്ന് വിശേഷിപ്പിച്ചാല്‍?


അതൊരു അഭിനന്ദനമായാണ് ഞാന്‍ കാണുന്നത്. തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണവും വളരെ അനുകൂലമാണ്.