പ്രയത്‌നം തിരിച്ചറിഞ്ഞു

posted on:

30 May 2011


സൂപ്പര്‍താര ചിത്രമായ 'പോക്കിരിരാജ'യ്ക്കുശേഷം വൈശാഖ് എന്തുകൊണ്ടാണ് 'സീനിയേഴ്‌സ്' പോലുള്ള രണ്ടാംനിര താരങ്ങളിലേക്ക് തിരിഞ്ഞത്? ഈ വിജയം നേരത്തെ ഉറപ്പിക്കാന്‍ കഴിഞ്ഞോ?


പോക്കിരിരാജ വലിയ ഫ്രെയിമില്‍ ചെയ്ത് വിജയിപ്പിച്ച ചിത്രമായിരുന്നു. അതില്‍നിന്ന് അടുത്ത പടം ചെയ്യുമ്പോള്‍ വലിയ റിസ്‌ക്കായിരുന്നു. പോക്കിരിരാജയുമായി ഒരു ശതമാനംപോലും സാമ്യം തോന്നാത്ത ചിത്രം ചെയ്യുക എന്നതായിരുന്നു എന്റെ ആഗ്രഹം. റോബിന്‍ഹുഡില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് സച്ചി-സേതു ടീം ഈ ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാല് സീനിയേഴ്‌സ് കാമ്പസ്സിലേക്ക് തിരിച്ചുപോകുന്നു എന്നതായിരുന്നു അതിലെ മെയിന്‍ ത്രഡ്. അതിനു കാരണമായ ശക്തമായ റീസണാണ് ഞങ്ങള്‍ പിന്നീട് തേടിയത്. ഒടുവില്‍ കഥയില്‍ എത്തിയപ്പോള്‍ ഇത് എങ്ങനെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന ടെന്‍ഷനായി. കാരണം ഒരുപാട് കോംപ്ലിക്കേറ്റായ ഏരിയയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അത് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന വിധം ഇഴയാതെ പറഞ്ഞ് ഫലിപ്പിക്കുക എന്നതായിരുന്നു അടുത്ത പ്രയത്‌നം. ആ പ്രയത്‌നം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം വളരെ വലുതാണ്. അത് പോക്കിരിരാജയുടെ വിജയത്തിന് അപ്പുറം നില്‍ക്കുന്നു. പോക്കിരിരാജ പ്രേക്ഷര്‍ ഏറ്റെടുക്കും എന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം അങ്ങനെ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. വ്യത്യസ്തമായി, ആത്മാര്‍ഥമായി ഒരു ചിത്രം ചെയ്താല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ഈ ചിത്രം കാണിച്ചുതന്നു. ഇനിയും വ്യത്യസ്തമായ സിനിമാ സമീപനത്തിന് സീനിയേഴ്‌സിന്റെ വിജയം ശക്തി പകരുന്നു.

ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റിങ് വളരെ കറക്ടായി തോന്നുന്നു. ആ അവസ്ഥ മനഃപൂര്‍വമായിരുന്നോ? അതോ സംഭവിച്ചതോ?

ചിത്രത്തിന്റെ കഥ പൂര്‍ണമായതിനുശേഷം ഞങ്ങള്‍ അതിനു പറ്റിയ താരങ്ങളെ തേടുകയായിരുന്നു. ചിത്രത്തിലെ ചെറുതും വലുതുമായ താരങ്ങള്‍ അങ്ങനെയാണ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. താരങ്ങളെ തിരിച്ചറിഞ്ഞാണ് കഥാപാത്രത്തിലേക്ക് എത്തിച്ചത്. സൗഹൃദസദസ്സുകളില്‍ നന്നായി കോമഡി പറയുന്ന ബിജു മേനോനെ അത്തരം ഇമേജില്‍ സിനിമയില്‍ കണ്ടിട്ടില്ല. അതിന്റെ സാധ്യതകളാണ് ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ മികച്ച ആര്‍ട്ടിസ്റ്റുമാരായതിനാല്‍ അവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. ഒരോ കഥാപാത്രത്തിനും വ്യക്തമായ മാര്‍ജിന്‍ നേരത്തെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്ക് പോകാതെയാണ് ഓരോ താരങ്ങളും അഭിനയിച്ചത്. അതിന്റെ ഗുണം ഉണ്ടായി.


ചിത്രത്തിലെ കാമ്പസ്സില്‍ അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ പുതുമുഖമായിരുന്നോ?

അതെ, എറണാകുളത്തുള്ള അര്‍ജുന്‍ എന്ന യുവാവാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടക്കക്കാരനാണെങ്കിലും അതിന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് അര്‍ജുന്‍ അഭിനയിച്ചത്. പരിചിത മുഖങ്ങള്‍ കഥാപാത്രമായി ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ചിലതെല്ലാം പ്രതീക്ഷിക്കും. അതിനപ്പുറം പിടിക്കാനാണ് അത്തരം കാസ്റ്റിങ് നടത്തിയത്. അത് ഒരു നടനെക്കൂടി സമ്മാനിക്കാന്‍ സഹായകമായി.

ഷാജിയുടെ ഛായാഗ്രഹണ മികവും ചിത്രത്തെ വ്യത്യസ്ത കാഴ്ചയാക്കി മാറ്റിയിട്ടുണ്ട്?

അതെ, നീണ്ട കാലത്തെ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഓരോ സീനും ഫിക്‌സ് ചെയ്താണ് ഞങ്ങള്‍ കടന്നുപോയത്. സിനിമയ്ക്കുവേണ്ടി രാവും പകലും ചെലവഴിക്കുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളാണ് ഷാജി. സീന്‍ പെര്‍ഫെക്ഷനുവേണ്ടി ഇരുപത് ലക്ഷത്തോളം രൂപ വിലമതിക്കാവുന്ന ലൈറ്റും മറ്റ് ഉപകരണങ്ങളും ഷാജി വാങ്ങിവെച്ചിട്ടുണ്ട്. അത് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.

സീനിയേഴ്‌സിന്റെ ക്ലൈമാക്‌സ് 25 മിനുട്ടോളം നീളുന്നതായിരുന്നു. വളരെക്കുറച്ച് ഡയലോഗും കൂടുതല്‍ വിഷ്വല്‍ വര്‍ക്കും വേണ്ട സീന്‍. അതിന് വ്യക്തമായ സംഭാവന ഷാജി നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ പ്രധാന കഥയെ നാടകവുമായി മിക്‌സ് ചെയ്തത് മനോഹരമായിട്ടുണ്ട്?

'കാര്‍മല്‍' എന്ന ഫ്രഞ്ച് ക്ലാസിക്കുമായാണ് ഈ ചിത്രം ബന്ധിപ്പിച്ചിരിക്കുന്നത്. കാര്‍മലിന്റെ ഇതിവൃത്തവും ഈ ചിത്രത്തിന്റെ പ്രധാനകഥയും തമ്മില്‍ ഏറെ ബന്ധമുണ്ട്. അത് കഥാവളര്‍ച്ചയില്‍ തികച്ചും യാദൃച്ഛികമായി വന്നുചേര്‍ന്നതാണ്. ആ നാടകം കമ്പോസു ചെയ്യുന്നതില്‍ മുരളി മേനോന്‍ ഏറെ സഹായിച്ചിട്ടുണ്ട്. അതുപോലെ റീ- റെക്കോഡിങ്ങില്‍ ഏറെ ഗിമ്മിക്‌സുകള്‍ ഗോപി സുന്ദര്‍ നടത്തിയിട്ടുണ്ട്. അത് പ്രേക്ഷകരെ ഈചിത്രത്തോട് അടുപ്പിച്ചിട്ടുണ്ട്.


ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പിച്ചിരുന്നോ?

ഉറപ്പിച്ചിരുന്നില്ല... എന്നാല്‍ വലിയ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു. നിര്‍മാതാവിന് റിസ്‌ക്ക് കുറയ്ക്കാന്‍ വേണ്ടി ഞാന്‍ പല കാര്യങ്ങളും ചെയ്തിരുന്നു. കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഇത്തരം ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. ഇത്തരം സിനിമയുടെ പ്രത്യേകതയാണത്. പൊട്ടിയാല്‍ എട്ടുനിലയില്‍ പൊട്ടും. ഈ ജനുസ്സില്‍പ്പെട്ട ചിത്രങ്ങളുടെ പരാജയസാധ്യത വളരെയേറെയാണ്. അതിന്റെ ടെന്‍ഷനുണ്ടായിരുന്നു. പോക്കിരിരാജയുടെ റിലീസ് ദിവസം ഞാന്‍ തിയേറ്ററില്‍ പോയി ചിത്രം കണ്ടിരുന്നു. എന്നാല്‍ 'സീനിയേഴ്‌സ്' എന്നെ ഏറെ ഭയപ്പെടുത്തി. പ്രേക്ഷകര്‍ നിരസിക്കുന്ന ആ അവസ്ഥ എനിക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. കാരണം അത്രയും ആത്മാര്‍ഥമായ സമര്‍പ്പണത്തിന്റെ സൃഷ്ടിയായിരുന്നു സീനിയേഴ്‌സ്. ചിത്രം തുടങ്ങിയതോടെ ഞങ്ങളുടെ പ്രയത്‌നം ഫലിച്ചതിന്റെ ലക്ഷണം ഞാന്‍ ഫോണിലൂടെ അറിഞ്ഞു. ചിത്രം രണ്ട് ദിവസം കഴിഞ്ഞാണ് എനിക്ക് കാണാന്‍ പറ്റിയത്.

പ്രേക്ഷകരുടെ പ്രതികരണങ്ങള്‍?

ചിത്രം കണ്ട് മലയാളസിനിമയിലെ നിരവധി സംവിധായകരും താരങ്ങളും എന്നെ വിളിച്ച് അഭിനന്ദിച്ചു. പോക്കിരിരാജ ചെയ്തപ്പോള്‍ അത് ഒരു ക്ലാസ്സിനെ മാത്രമേ തൃപ്തിപ്പെടുത്തിയുള്ളൂ. അത് മറ്റൊരു ക്ലാസ്സിന് വിരക്തിയാണ് ഉണ്ടാക്കിയത്. ഒരു 'ക്ലാസ്സ്' സിനിമയാണ് ഞാന്‍ ചെയ്തത് എങ്കില്‍ അത് മറ്റൊരു ക്ലാസ്സിന് ഇഷ്ടമാകില്ല. ആ സാഹചര്യത്തില്‍ ആരും കുറ്റം പറയാത്ത എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രം ചെയ്യുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. ആ വലിയ സ്വപ്‌നമാണ് സീനിയേഴ്‌സിലൂടെ സാധ്യമായത്.