പൈലി മുതല്‍ കുഞ്ഞാടുവരെ

വി.ജെ. റാഫി

 

posted on:

10 Dec 2010


സ്വന്തം പിതാവ് പുളിമൂട്ടില്‍ പത്രോസിന്റെ സ്വഭാവസവിശേഷതകളാണ് ബെന്നി പി. നായരമ്പലത്തെ നാടകത്തിലും സിനിമയിലും അറിയപ്പെടുന്ന കഥാകൃത്തുക്കളുടെ നിരയിലെത്തിക്കാന്‍ വഴിയൊരുക്കിയത്. ഇരുപതു വര്‍ഷം പിന്നിട്ട കഥാസപര്യയുടെ വഴിത്താരയില്‍ തന്റെ ഇരുപതാമത് സിനിമയുടെ തിരക്കിട്ട ചിത്രീകരണവേളകള്‍ക്കിടയിലും കഥകള്‍ വന്ന വഴിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതലും പറഞ്ഞത് സ്വന്തം പിതാവിനെ മനസ്സില്‍ കണ്ട് എഴുതിയ വേതാളം പൈലിയെക്കുറിച്ച്.

തൊടുപുഴയിലെ കരിങ്കുന്നം മലമുകളില്‍ 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന പുതിയ ചിത്രത്തിന്റെ അണിയറജോലികള്‍ക്കിടയിലാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രോസിനെ പൈലിയാക്കി രംഗത്തെത്തിച്ച പയ്യന്‍ പിന്നീട് അരങ്ങിലും വെള്ളിത്തിരയിലും ശ്രദ്ധേയനായ കഥാകാരനായി മാറിയ വിശേഷങ്ങളെക്കുറിച്ച് മനസ്സു തുറന്നത്.

ജീവിതത്തിലിതുവരെ മോനേ എന്ന് ഒരപ്പച്ചന്റെ വിളികേള്‍ക്കാത്ത ബാല്യകാല ജീവിതത്തിലെ ഓര്‍മകള്‍... നാട്ടില്‍ കൈനീട്ടുന്നവര്‍ക്കെല്ലാം എല്ലാം വാരിക്കോരി നല്‍കുന്ന കര്‍ക്കശക്കാരനായ പിതാവിന്റെ മറ്റൊരു മുഖം. വീട്ടില്‍ പരുഷമുഖം കാട്ടുന്ന ഒരു വ്യക്തി നാട്ടില്‍ പ്രിയങ്കരനാകുന്നത് ഒരപൂര്‍വതയായി അന്നേ ബെന്നിക്കു തോന്നി. ദിവസം മുഴുവനും നീളുന്ന അധ്വാനത്തിനൊടുവില്‍ രാത്രി രണ്ടു സ്മാളും അടിച്ച് ലഹരിയില്‍ തന്റെ ചരിത്രം മുഴുവനും മക്കള്‍ക്കു മുമ്പില്‍ വിളമ്പുന്ന ഒരേറ്റുപറച്ചില്‍ക്കാരനായി മാറുന്ന അപ്പച്ചന്റെ വേറൊരു മുഖം...

പറവൂരിലെ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ കോളേജില്‍ ബി.കോം. ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയായിരുന്ന കാലം. കോട്ടയത്തു നിന്നും കൊച്ചിയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ബെന്നി. കടം വന്നു തുലഞ്ഞ് ഉള്ളതൊക്കെ വിറ്റുപെറുക്കി ഇവിടെയെത്തിയ പിതാവ് പുളിമൂട്ടില്‍ പത്രോസിന് ജീവിതത്തോടു വാശിയായിരുന്നു. നഷ്ടപ്പെട്ടതെല്ലാം അധികം വൈകാതെ പത്രോസ് തിരിച്ചെടുത്തു. പക്ഷെ മുന്‍കോപിയായ അപ്പച്ചന്റെ സ്‌നേഹത്തിനും ശാസനകള്‍ക്കും ഒരു പട്ടാളച്ചിട്ടയുടെ സ്റ്റൈല്‍. പുറമെ പ്രകടിപ്പിക്കാതെ ഒളിപ്പിച്ചുവെച്ച സ്‌നേഹത്തിന് തങ്കത്തേക്കാള്‍ തിളക്കമുണ്ടെന്ന് മക്കള്‍ക്കും അറിയാമായിരുന്നു. കോളേജ് പഠനം കഴിഞ്ഞ സമയം ബെന്നിക്ക് അപ്പച്ചനും നഷ്ടമായി.

പിന്നീട് നാട്ടിലെ നാടകരംഗത്തെ സൗഹൃദം കഥാകാരനിലേക്കുള്ള വഴി തെളിയിച്ചു. ആദ്യമായി ഒരു നാടകത്തിനുവേണ്ടി കഥയെഴുതാനിരുന്നപ്പോഴും മനസ്സില്‍ തെളിഞ്ഞ മുഖം പിതാവ് പത്രോസിന്റെ തന്നെ. അങ്ങനെ നടന്‍ രാജന്‍ പി.ദേവിന്റെ ട്രൂപ്പിനുവേണ്ടി 1988ല്‍ തന്റെ ആദ്യരചന 'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി'. ഇതിലെ വേതാളം പൈലി തകര്‍ത്തു; ഒപ്പം ബെന്നിയും. ആ വര്‍ഷത്തെ സംസ്ഥാന നാടക നടനുള്ള അവാര്‍ഡ് രാജന്‍ പി. ദേവിനായിരുന്നു. മറ്റ് നാല് അവാര്‍ഡുകള്‍ വേറെയും. '94ല്‍ മികച്ച രചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ബെന്നിയ്ക്കു ലഭിച്ചു. 'ഡോക്ടറോടു ചോദിക്കുക' എന്നതായിരുന്നു നാടകം.

'96ല്‍ എഴുതിയ 'തായമ്പക'യ്ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഏതാനും വര്‍ഷംകൊണ്ട് 43 നാടകങ്ങള്‍ എഴുതി. ഇതില്‍ ചാന്തുപൊട്ടും കുഞ്ഞിക്കൂനനും പിന്നീട് സിനിമയാക്കി. 'അറബിക്കടലും അത്ഭുതവിളക്കും' എന്ന നാടകത്തില്‍ സൈ്ത്രണസ്വഭാവരീതിയിലുള്ള ചാന്തുപൊട്ടായി അഭിനയിച്ചത് ബെന്നി തന്നെ. ഇതിനകം കേരളത്തിലാകെ 600 ലേറെ വേദികളില്‍ തകര്‍പ്പന്‍ വിജയമായി മാറിയ ആദ്യനാടകം സിനിമയാക്കാനുള്ള ക്ഷണവുമായി സംവിധായകന്‍ പി.ജി. വിശ്വംഭരനെത്തി. ചിത്രത്തില്‍ പൈലിയായി രാജന്‍ പി. ദേവ് തന്നെ വേണമെന്ന ബെന്നിയുടെ ആവശ്യം സംവിധായകന്‍ നിരസിച്ചതിനാല്‍ സിനിമയും മുടങ്ങി. എങ്കിലും തന്റെ മറ്റൊരു ചിത്രത്തിന് കഥ ആവശ്യപ്പെട്ടാണ് വിശ്വംഭരന്‍ മടങ്ങിയത്.

അങ്ങനെ 91ല്‍ ബെന്നിക്ക് കന്നി സിനിമാ പ്രവേശത്തിന് 'ഫസ്റ്റ്‌ബെല്‍' മുഴങ്ങി. ജയറാമിനെ നായകനാക്കി എടുത്ത ചിത്രം സിനിമാരംഗത്ത് നല്ലൊരു വഴിത്തിരിവായി. അധികം ടെന്‍ഷനില്ലാതെ പ്രേക്ഷകരെ രസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബെന്നിയുടെ ഫോര്‍മുലയില്‍ പിന്നീട് പിറവികൊണ്ടത്. ഷാഫി-ദിലീപ് കൂട്ടുകെട്ടില്‍ പുറത്തുവരുന്ന അഞ്ചാമത്തെ എന്റര്‍ടെയ്‌നറാണ് 'മേരിക്കുണ്ടൊരു കുഞ്ഞാട്'. ഗ്രാമീണതയുടെ നനുത്ത ഭാവപ്പകര്‍ച്ചകളെ മാത്രം നോക്കിക്കണ്ട് നന്മനിറഞ്ഞ കഥാപാത്രങ്ങളെ രചിക്കുന്ന പതിവുശൈലിയില്‍ ഈ കുഞ്ഞാടും ഒരു സന്ദേശമായി മാറുമെന്നാണ് ബെന്നിയുടെ വിലയിരുത്തല്‍. തിരക്കേറിയ സിനിമാക്കാരനായി നേടിയ പ്രശസ്തിയിലും അത്യുന്നതങ്ങളിലുള്ളവന്‌സ്തുതിയര്‍പ്പിക്കാന്‍ ഒരിക്കലും മറക്കാറില്ലെന്ന് ഈ കഥാകാരന്‍ ഓര്‍മിപ്പിക്കുന്നു.