വിധുബാല എഴുതുകയാണ്‌

posted on:

08 Jul 2008

ജനാലയുടെ കര്‍ട്ടന്‍ ശാന്തതയോടെ വകഞ്ഞുമാറ്റി പ്രഭാതത്തില്‍ സൂര്യരശ്മികള്‍ വന്നു തൊടുമ്പോള്‍ അതില്‍ എന്റെ അച്ഛന്റെ സ്​പര്‍ശമുണ്ടായിരുന്നു. വെയിലില്‍ തണല്‍മരങ്ങള്‍ മിഴികളടച്ച് തലയാട്ടുന്ന താളത്തില്‍ അച്ഛന്റെ ശബ്ദമുണ്ടായിരുന്നു. നിലാവുകള്‍ക്കിടയില്‍നിന്ന് ഒരു നക്ഷത്രം പ്രകാശവര്‍ഷങ്ങളിലൂടെ ഒരു പുഞ്ചിരി കൈമാറുമ്പോള്‍ ടെറസ്സിനു മുകളിലിരുന്ന് അപ്പോഴും ഞാന്‍ എന്റെ അച്ഛനെ കണ്ടു.

വിധുബാലയുടെ ആത്മാവിന്റെ സ്​പന്ദനങ്ങള്‍ പ്രകൃതിയും കവിതയും അച്ഛനും ഒരേ വികാരത്തിന്റെ സൂക്ഷ്മ പ്രകടനങ്ങളായിമാറുന്നു ഇവിടെ. അപാരമായ പിതൃബന്ധത്തിന്റെ നിഗൂഢസൗന്ദര്യം വിധുബാലയുടെ വാക്കുകളില്‍ വിടരുന്നു. അച്ഛന്‍ ഭാഗ്യനാഥിനെക്കുറിച്ച് തെന്നിന്ത്യയിലെ പ്രശസ്ത നടി വിധുബാല എഴുതുന്ന പുസ്തകം കരുത്തേറിയ ആത്മാവിഷ്‌കാരത്തിന്റെ അഗാധമായ മുഴക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.

വിധുബാലയെ ഓര്‍മയില്ലേ?


പഴയ തലമുറയുടെ സ്മൃതിപഥങ്ങളില്‍ ഇന്നും നിറഞ്ഞുനില്‍പ്പുണ്ട് ഈ അഭിനേത്രി. ഷീലയും ശാരദയും ജയഭാരതിയും സീമയുമൊക്കെ മലയാളത്തിന്റെ നായികാവസന്തങ്ങളായി നിറഞ്ഞുനിന്ന കാലമായിരുന്നു വിധുബാലയുടെയും അഭിനയകാലഘട്ടം. പ്രേംനസീര്‍, ജയന്‍, കമലഹാസന്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സന്റ്, മോഹന്‍ തുടങ്ങിയവരുടെ നായികയായി നീണ്ട ഒരു കാലയളവ് വിധുബാല മലയാളത്തിന്റെ അഭ്രപാളികളില്‍ നിറഞ്ഞുനിന്നിരുന്നു. മലയാളത്തിലും ഇതരഭാഷകളിലുമായി നൂറിലേറെ സിനിമകളിലൂടെ അഭിനയശേഷിയുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കിക്കൊണ്ടാണ് വിധുബാല സിനിമാഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയത്. മറ്റു പല നായികമാരെയുംപോലെ വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടിയായിരുന്നില്ല വിധുബാല. വിവാഹത്തിനും രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ സിനിമ വിട്ടത് സ്വന്തം തീരുമാനപ്രകാരമായിരുന്നു. തലമുറകളും തരംഗങ്ങളും മാറിമറിഞ്ഞപ്പോള്‍ പുതിയ തലമുറയ്ക്ക് വിധുബാല അപരിചിതയായി.

ഒരുപക്ഷേ, ഇനി വിധുബാലയെ നമ്മള്‍ അറിഞ്ഞുതുടങ്ങുന്നത് ഒരു എഴുത്തുകാരി എന്ന നിലയിലാകും. അതിന്റെ സാക്ഷ്യമാകും പ്രശസ്തനായ അച്ഛനെക്കുറിച്ച് പ്രശസ്തയായ ഈ മകളുടെ ഇനിയും പുറത്തുവന്നിട്ടില്ലാത്ത ഓര്‍മപ്പുസ്തകം. കോഴിക്കോട് ഗാന്ധിറോഡിനടുത്ത് 'വൃന്ദാവനി'ല്‍ ഭര്‍ത്താവ് മുരളിയും മകന്‍ അര്‍ജുനുമൊപ്പം സംതൃപ്തമായ ഒരു കുടുംബജീവിതം നയിക്കുന്ന വിധുബാല അപൂര്‍വമായി, അഭിമുഖങ്ങളില്‍പ്പോലും പ്രത്യക്ഷപ്പെടാറില്ല. ഇവിടെ, ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കുശേഷം 'ചിത്രഭൂമി' വായനക്കാര്‍ക്കായി വിധുബാല മനസ്സ് തുറക്കുമ്പോള്‍, അത് മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചിത്രങ്ങളായി മാറുന്നു.

ഷീല, ശാരദ, ജയഭാരതി, ഭവാനി... വിധുബാലയുടെ സമകാലീനരെല്ലാം സിനിമയിലേക്ക് തിരിച്ചുവന്നു. വിധുബാല തിരിച്ചുവരുമോ?


നോക്കൂ, എന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ല. അന്ന് അങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ എപ്പോഴെങ്കിലും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെയായിരുന്നില്ല. ശരിക്കും ബോള്‍ഡായി എടുത്ത തീരുമാനമാണത്. നിങ്ങള്‍ക്കറിയാമോ, സിനിമ വിട്ടശേഷം എത്രയോ പേര്‍ വിളിച്ചു. വിധുബാല തിരിച്ചുവരണമെന്ന അഭ്യര്‍ഥനയുമായി. സ്‌ക്രിപ്റ്റ് വരെ അയച്ചുതന്നവരുണ്ട്. നല്ല കഥാപാത്രമാണെങ്കില്‍മാത്രം സ്വീകരിച്ചാല്‍ മതിയെന്നുപറഞ്ഞു. പക്ഷേ, ഇല്ല. ഇനി അഭിനയരംഗത്തേക്കില്ല.

പണം, പ്രശസ്തി, ആരാധകര്‍, നിരവധി ചിത്രങ്ങള്‍-ഒരു നടിയുടെ കരിയറിലെ ഏറ്റവും ദീപ്തമായ കാലത്താണ് വിധുബാല അരങ്ങൊഴിഞ്ഞത് - എന്തായിരുന്നു കാരണം?


അഭിനയം ശരിക്കും മടുത്തിരുന്നു. എന്റെ എട്ടാമത്തെ വയസ്സിലാണ് ഞാന്‍ സിനിമാഭിനയം തുടങ്ങുന്നത്. ബാലതാരമായി കുറച്ചു ചിത്രങ്ങള്‍. പിന്നീട് ചെറിയ വേഷങ്ങളിലൂടെ നായികയായി.
 1 2 3 NEXT