സിനിമയിലെ ജാതിക്കളി

posted on:

02 Jul 2008

ഇത് പലരും പറയാന്‍ മടിക്കുന്ന അപൂര്‍വമായ ചില വെളിപ്പെടുത്തലുകളാണ്. ഈ നടന്റെ ജീവിതം അതിന് സാക്ഷ്യപ്പെടുത്തുന്നു.
നികേഷ് കുമാര്‍ നടന്‍ തിലകനുമായി ഇന്ത്യാ വിഷനുവേണ്ടി നടത്തിയ മുഖാമുഖത്തിന്റെ പൂര്‍ണ്ണ രൂപം


തിലകന്‍/നികേഷ് കുമാര്‍


നികേഷ്: തിരുവനന്തപുരം കേന്ദ്രമാക്കിയൊരു നായര്‍ലോബി അവാര്‍ഡ് കുശുമ്പില്‍ തുടങ്ങിവെച്ച ആ പാര ഇന്ന് പ്രകടമായ വിവേചനത്തില്‍ കാര്യങ്ങളെ എത്തിച്ചിരിക്കുന്നു എന്നങ്ങേക്ക് തോന്നാനുള്ള കാരണം?


തിലകന്‍: സാഹചര്യത്തെളിവുകള്‍ ഒരുപാടുണ്ട്. ആ തെളിവുകള്‍ വെച്ചുകൊണ്ടുതന്നെയാണ് ഞാന്‍ പറയുന്നത്.


നികേഷ്: ഏറ്റവും പ്രധാനം നെടുമുടിവേണു കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ലാത്ത ഒരാളായിട്ടാണ്... (ടെലിവിഷന്‍സ്‌ക്രീനില്‍ നെടുമുടിവേണു)...


നെടുമുടി: ഏതു രംഗത്തായാലും ഒരാള്‍ സ്വയം അന്വേഷിച്ചുവരണം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ഇത്രയുംകാലം ഞാന്‍ ജിവിച്ചത്. അപ്പോള്‍പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് തിലകന്‍ചേട്ടനെന്നോടുള്ള പ്രശ്‌നം. അദ്ദേഹം പറയുന്നു അദ്ദേഹത്തിന് ഞാന്‍ ഒരുപാട് പാരവെച്ചു എന്ന്. എവിടെയാണ് പാരവെച്ചത്. ഏത് സിനിമയ്ക്കാണ് ഞാന്‍ പാരവെച്ചത്. അദ്ദേഹത്തിന്റെ ഏത് വേഷമാണ് ഞാന്‍മൂലം നഷ്ടപ്പെട്ടത്. അല്ലെങ്കില്‍ ഏത് വേഷമാണ് ഞാന്‍ ചോദിച്ചുവാങ്ങിയത്. അല്ലെങ്കില്‍ അദ്ദേഹത്തിന് കൊടുക്കാനിടയുണ്ടായിരുന്ന ഏതവാര്‍ഡിനാണ് ഞാന്‍ വേലവെച്ചത്. ഏത് അവാര്‍ഡ് കമ്മറ്റിയെയാണ് സ്വാധീനിച്ചത്. അദ്ദേഹത്തിന് കൊടുപ്പിക്കാതിരിക്കാന്‍ ശ്രമിച്ചത്. ഇതിനൊക്കെ ഒരുത്തരം അദ്ദേഹം പറയേണ്ടിവരും. പറയേണ്ടതാണ്. അതൊരു ജാതി പറഞ്ഞിട്ട് ആരേയും മാറ്റി നിര്‍ത്താന്‍ പറ്റില്ല. കാരണം മിടുക്കുള്ളവനെ... അവനെ ഒരിക്കലും ആര്‍ക്കും തൂത്തു മാറ്റാനാവില്ല. അത് ഈ മഹാനായ കലാകാരന്‍ ആദ്യം മനസ്സിലാക്കണം.

നികേഷ്: ഏറ്റവും പ്രധാനം എന്താണ്, എവിടെയാണ് നെടുമുടിവേണുവാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ശത്രുക്കളുടെ പ്രധാന രൂപമെന്ന് താങ്കള്‍ക്ക് തോന്നാന്‍ കാരണം.


തിലകന്‍: നെടുമുടിവേണു മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ മറ്റുപലരുമുണ്ട്. ഞാനാരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. നെടുമുടിവേണുവിന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് പറയാനൊരു കാരണമുണ്ട്. 1990 ലാണെന്നാണ് എന്റെ ഓര്‍മ. എന്നെപ്പോലൊരു സീനിയര്‍ ആര്‍ട്ടിസ്റ്റിന് ഹിസ് ഹൈനസ് അബ്ദുള്ളയില്‍ എഴുതിവന്നപ്പോള്‍ വേഷമില്ലെന്ന് പറഞ്ഞത് ഞാന്‍ വിശ്വസിക്കണോ. ഒരിക്കലും വിശ്വസിക്കില്ല.

നെടുമുടി: ഹിസ് ഹൈനസ് അബ്ദുള്ള 90ല്‍ ഇറങ്ങിയ ഒരു സിനിമയാണ്. ആ സിനിമയ്ക്കുശേഷം എത്രയോ സിനിമകളില്‍ ഞങ്ങളൊന്നിച്ച് അഭിനയിച്ചു. അന്നൊന്നും ഒരാരോപണവും അദ്ദേഹം പറഞ്ഞിട്ടില്ല. എത്രയോ സിനിമകളില്‍ അഭിനയിച്ചു. ഏതാണ്ടൊരു ഒന്ന്- രണ്ട് വര്‍ഷ കാലം മുതലാണ് തമ്മില്‍ കാണുമ്പോള്‍ ഒരു ഗൗരവം. എപ്പവന്നു ചേട്ടാ.. മ്ഉം എന്നൊക്കെ ഉള്ളൊരു മൂളല്‍ കണ്ടു തുടങ്ങിയത് ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കിടയിലാണ്. അതിനുമുന്‍പ് ഈ വക ആക്ഷേപങ്ങള്‍ ആരേക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നില്ല. മലയാള സിനിമയിലെ ജാതിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. സൂപ്പര്‍ താരങ്ങളുടെ കഴിവിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. അപ്പോ, സിനിമയില്‍ ചേട്ടന് പഴയ പോലുള്ള അവസരങ്ങള്‍ ഇപ്പോള്‍ ഒണ്ടായില്ലെന്നു വരാം. അതിന് ഒരുപാട് കാരണങ്ങള്‍ വേറെയുണ്ട്. സ്വയം സമാധാനിക്കാന്‍ കണ്ടെത്തുന്ന ചില വാക്കുകള്‍. മറ്റൊന്ന് ഈ സാങ്കല്പികമായ ശത്രുക്കളെ ഉണ്ടാക്കിയിട്ട് സ്വയം ഒന്ന് വലുതാവുക. അങ്ങനെ എന്തെങ്കിലും ഉണ്ടോ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നെനിക്ക് അറിയില്ല. ഇപ്പോള്‍ അബ്ദുള്ള എന്ന സിനിമയില്‍ തമ്പുരാനായി അഭിനയിക്കാന്‍ വിളിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. അതില് പ്രധാന കഥാപാത്രമായ തമ്പുരാന്‍, പിന്നെയും വേറെ തമ്പുരാക്കന്മാരുണ്ട്. ഞാന്‍ ലോഹിതദാസിനോട് ചോദിച്ചു തിലകന്‍ ചേട്ടന്‍ ഇങ്ങനൊരഭിപ്രായം പറയുന്നുണ്ടല്ലോ അദ്ദേഹത്തെ ആദ്യം വിളിച്ച് ഇങ്ങനൊരു റോളു കൊടുത്തില്ല. ആ റോളാണിപ്പോള്‍ എനിക്കു തന്നതെന്ന് പറയുന്നുണ്ടല്ലോ.
 1 2 3 NEXT