സ്വപ്നം കാണുന്ന പയ്യന്‍

ബൈജു പി. സെന്‍

 

posted on:

08 Sep 2010പ്രതിഭ മാത്രമല്ല ഒരു താരത്തിന്റെ മൂലധനം. കഴിവും ഭാഗ്യവും ഒത്തുചേര്‍ന്നാല്‍ മാത്രമേ ഇവിടെ വിജയിക്കാന്‍ കഴിയൂ. കൈലാഷ് എന്ന യുവതാരത്തിന് അത്തരം സൗഭാഗ്യങ്ങളുടെ അനുഗ്രഹം ഏറെയുണ്ട്. ഈ താരം പിറവിയെടുത്ത് ഒരു വര്‍ഷം തികയുന്നു. എം.ടി.-ലാല്‍ജോസ് ടീമിന്റെ 'നീലത്താമര'യിലൂടെ തുടക്കം. പെണ്‍പട്ടണം, ശിക്കാര്‍, ബെസ്റ്റ് ഓഫ് ലക്ക്, സ്മാള്‍ ഫാമിലി തുടങ്ങി ഇപ്പോള്‍ കൈനിറയെ ചിത്രങ്ങള്‍. പേരിടാത്ത അരഡസന്‍ ചിത്രങ്ങള്‍ ഈ യുവനായകനെ കാത്തിരിക്കുന്നുമുണ്ട്. സിനിമയെ സ്വപ്നംകണ്ട ഒരു ചെറുപ്പക്കാരന്റെ ജൈത്രയാത്രയാണ് കൈലാഷിന്റെ ജീവിതം കാണിച്ചുതരുന്നത്.

''അതെ, സിനിമയെ പ്രണയിച്ച്, സിനിമ സ്വപ്നം കണ്ട ഒരു പയ്യന്റെ യാത്രയ്ക്ക് ഒടുവിലായിരുന്നു ഞാന്‍ താരമായത്. ആര്‍ക്കും പെട്ടെന്നു കടന്നുചെല്ലാന്‍ കഴിയുന്ന മേഖലയല്ല സിനിമ. സിനിമയിലെത്താന്‍ ഞാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടുണ്ട്. പല സ്വപ്നങ്ങളും പരാജയപ്പെട്ടപ്പോള്‍ പുതിയ സ്വപ്നക്കൂടൊരുക്കും. അങ്ങനെ വീണ്ടും കുറേക്കാലം. എനിക്കു തോന്നുന്നത് ശക്തമായ ആഗ്രഹം നമ്മെ ലക്ഷ്യസ്ഥലത്തേക്ക് എത്തിക്കുമെന്നാണ്''.

ലാല്‍ജോസ്-എം.ടി. ടീമിന്റെ ചിത്രത്തിലൂടെ തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ഭാഗ്യമല്ലേ?

അതെ, ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മഹാഭാഗ്യമാണ് എനിക്കു കിട്ടിയത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് തുടങ്ങിയ ഘടകങ്ങളുടെ 'ബാക്ക് അപ്പ്' എന്റെ പിന്നീടുള്ള യാത്രയെ ഏറെ സഹായിച്ചിട്ടുണ്ട്. എന്റെ പുതിയ ചിത്രമായ ശിക്കാറില്‍ മോഹന്‍ലാലിനൊപ്പവും ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂക്കയ്ക്ക് ഒപ്പവും അഭിനയിക്കാന്‍ കഴിഞ്ഞു. അവസരങ്ങള്‍ക്ക് അപ്പുറം ഭാഗ്യം എന്ന ഘടകംകൂടി എന്നെ കടാക്ഷിച്ചിട്ടുണ്ട്.

കരിയറില്‍ ആദ്യചിത്രത്തിനുശേഷം വലിയ 'ഗാപ്പ്' ഉണ്ടായിരുന്നല്ലോ?

അതു ബോധപൂര്‍വമല്ല. എന്റെ ആദ്യചിത്രം പുറത്തിറങ്ങിയതിനുശേഷമാണ് ഇവിടുത്തെ സംവിധായകരും തിരക്കഥാകൃത്തുക്കളും എന്നെക്കുറിച്ച് ചിന്തിച്ചത്. അതുകൊണ്ടാണ് ഗാപ്പ് വന്നത്.

എങ്ങനെയാണ് പുതിയ ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്നത്?

ആദ്യചിത്രത്തിനുശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നു. ചെയ്യാന്‍ പറ്റും എന്നു തോന്നിയ കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ സ്വീകരിച്ചുള്ളൂ. എന്റെ രണ്ടാമത്തെ ചിത്രമായി ഞാന്‍ സ്വീകരിച്ചത് ലാലേട്ടനൊപ്പമുള്ള ശിക്കാറായിരുന്നു. ആ ചിത്രത്തില്‍ മനു എന്ന ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. പക്ഷേ, പിന്നീട് തിയേറ്ററിലെത്തിയത് ഞാന്‍ മൂന്നാമനായി അഭിനയിച്ച വി.എം. വിനുവിന്റെ 'പെണ്‍പട്ടണ'മായിരുന്നു.

മറ്റു പുതിയ പ്രതീക്ഷകള്‍?

എം.എ. നിഷാദിന്റെ 'ബെസ്റ്റ് ഓഫ് ലക്കാ'ണ് മറ്റൊരു ചിത്രം. ഇന്നത്തെ യുവത്വത്തിന്റെ കഥപറയുന്ന ഈ ചിത്രം ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. രാജസേനന്‍ കുടുംബപശ്ചാത്തലത്തില്‍ കഥപറയുന്ന 'സ്മാള്‍ ഫാമിലി' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചതിന്റെ രസങ്ങള്‍?

ലാലേട്ടനൊപ്പം നിരവധി സാഹസികമായ സീനുകളില്‍ ശിക്കാറിനു വേണ്ടി അഭിനയിച്ചിരുന്നു. കാട്ടിനകത്തെ വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് ഈ സീനുകള്‍ ചിത്രീകരിച്ചത്. ആ സീനിയര്‍ താരത്തിന്റെ കെയറിങ് അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. യുവതാരങ്ങളെപ്പറ്റി എല്ലാം അറിയുന്ന താരമാണ് മമ്മൂക്ക. ഞങ്ങള്‍ വന്ന വഴികളും അഭിനയിച്ച ചിത്രങ്ങളും എല്ലാ അറിയുന്ന കലാകാരന്‍. ഒന്നിച്ച് അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞ് മാറ്റാന്‍ മമ്മൂക്ക ശ്രമിക്കുന്നുണ്ടായിരുന്നു.

വളര്‍ന്നുവരുന്ന യുവതാരം എന്ന നിലയില്‍ സെലക്ടീവ് ആകാന്‍ കഴിയുന്നുണ്ടോ?

അത് അതിരുകടന്ന മോഹമാണ്. ഇവിടെ സിനിമ ചെയ്യുന്ന സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും മനസ്സില്‍ കൈലാഷ് എന്ന നടന്റെ മുഖം കടന്നുവരണം. അതിനുള്ള യാത്രയിലാണ് ഞാന്‍.