കണ്ണീരൊഴുക്കാന്‍ ഞാനില്ല

posted on:

17 Jun 2010


നടി ലക്ഷ്മിയുടെ മകള്‍, സിനിമയിലേക്കുള്ള ഐശ്വര്യയുടെ മേല്‍വിലാസം ഇതായിരുന്നു. പതിനേഴാം വയസില്‍ ഐശ്വര്യ ക്യാമറക്ക് മുന്നിലെത്തി. തുടര്‍ന്ന് തമിഴിലും, തെലുങ്കിലും, മലയാളത്തിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ നായികയായെത്തിയ ബട്ടര്‍ഫ്‌ളൈസും നരസിംഹവും മലയാളികളുടെ മനസ്സിലും ഐശ്വര്യയ്ക്ക് ഇടം നല്‍കി.

പക്ഷേ വ്യക്തിജീവിതത്തില്‍ എന്നും വിവാദങ്ങളായിരുന്നു ഐശ്വര്യയുടെ കൂട്ട്. ചെറു പ്രായത്തില്‍ അമ്മയുടെ എതിര്‍പ്പ് മറികടന്ന് ഇഷ്ടപുരുഷനെ വിവാഹം കഴിച്ചു. ഭര്‍ത്താവ് തന്‍വീര്‍ അഹമ്മദിനുവേണ്ടി അവര്‍ മതം മാറാനും തയ്യാറായി. പക്ഷേ മൂന്ന് വര്‍ഷമേ ദാമ്പത്യം നീണ്ടുള്ളൂ. കൊച്ചു കുഞ്ഞായ അനൈനയുമൊത്ത് ഐശ്വര്യ തനിച്ചു താമസം തുടങ്ങി. പിന്നെ കുഞ്ഞിനെ വളര്‍ത്താനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. തിരിച്ചുവരവിലും പ്രേക്ഷകര്‍ അവരെ കൈവിട്ടില്ല. ഓരോ തിരിച്ചടികള്‍ വരുമ്പോഴും ഐശ്വര്യ മനസ്സില്‍ പറയും ഇതിനുമുന്നില്‍ ഞാന്‍ തലകുനിക്കില്ല. 'ആണൊരുത്തന്‍' വന്നാല്‍ ഇനിയും കല്ല്യാണത്തിന് തയ്യാറാണെന്ന് ഐശ്വര്യ തുറന്നുപറയുന്നു.

പത്തൊമ്പത് വര്‍ഷം മുമ്പാണല്ലോ ഐശ്വര്യ ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിച്ചത്, ഒളിയമ്പുകളില്‍. എങ്ങനെയാണ് ആ സിനിമയിലേക്ക് എത്തിയത്?

ഹോം ബാനറിന്റെ സിനിമ കഴിഞ്ഞുനില്‍ക്കുമ്പോഴാണ് ഹരിഹരന്‍സാര്‍ വിളിക്കുന്നത്. പേരുകേട്ട ഡയറക്ടര്‍. നല്ല കഥ. അങ്ങനെയാണ് ഒളിയമ്പുകളില്‍ അഭിനയിച്ചത്. മമ്മുക്കയുടെ അനിയത്തിയുടെ റോളായിരുന്നു.

അമ്മൂമ്മയും (രുക്മിണി) അമ്മയും (ലക്ഷ്മി) ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാര്‍. ഇവരെക്കണ്ട് വളര്‍ന്ന ഐശ്വര്യക്ക് ചെറുപ്പം മുതലേ അഭിനയമോഹമുണ്ടായിരുന്നോ?

കുട്ടിക്കാലത്ത് എനിക്ക് സിനിമാമോഹമൊന്നുമുണ്ടായിരുന്നില്ല. അമ്മയ്ക്ക് ഞാന്‍ സിനിമയില്‍ വരുന്നത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പഠനത്തിലായിരുന്നു എന്റെ ശ്രദ്ധ. ഉപരിപഠനത്തിന് അമേരിക്കയില്‍ പോവണമെന്ന മോഹവുമായി നടന്ന കാലമായിരുന്നു അത്.
അപ്പോഴാണ് അമ്മയൊരു കന്നട സിനിമ നിര്‍മിക്കുന്നത്. രണ്ടാനച്ഛന്‍ രവിചന്ദറാണ് ഡയറക്ടര്‍. അതിലെ നായികയ്ക്കുവേണ്ടി വീട്ടില്‍ സ്‌ക്രീന്‍ ടെസ്റ്റ് നടത്തുന്നു. 15-17 വയസ്സുള്ള നായികയാവാന്‍ 60 കുട്ടികളോളം എത്തിയിട്ടുണ്ട്. പക്ഷേ, ഒരാളും ശരിയാവുന്നില്ല.

ഒരാള്‍ക്ക് ഡയലോഗ് നന്നാവും. പക്ഷേ, അഭിനയം ശരിയാവില്ല. മറ്റൊരാള്‍ക്ക് അഭിനയം നന്നായാല്‍ മുഖം കാണാനേ കൊള്ളില്ല. ഇത് കണ്ടുകണ്ട് മടുത്തപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു 'ഇവരൊക്കെ എന്നതാ ചെയ്യുന്നതെന്ന്'. ഇതു കേട്ടപ്പോള്‍ അമ്മ കളിയാക്കി ചോദിച്ചു, 'ഓ നിന്നെക്കൊണ്ട് ഇത്രപോലും പറ്റില്ലല്ലോയെന്ന്'. അതുകേട്ടപ്പോള്‍ എനിക്കുവാശിയായി. മുഴുവന്‍ ഡയലോഗും പറഞ്ഞ് ഞാനഭിനയിച്ചു. അതു കഴിഞ്ഞപ്പോള്‍ രവിചന്ദര്‍ പറഞ്ഞു. 'മോളേ നീയാണീ സിനിമയിലെ നായിക.'

പിന്നീട് സിനിമയില്‍ തുടരാന്‍ അമ്മ നിര്‍ബന്ധിച്ചോ?

ഒറ്റ സിനിമയോടെ അഭിനയം നിര്‍ത്തുമെന്നായിരുന്നു അമ്മ കരുതിയത്. പക്ഷേ, ആ സിനിമ വിജയിച്ചതോടെ ഹോം ബാനറിന്റെ അടുത്ത നാല് സിനിമകളിലും ഞാന്‍ തന്നെ അഭിനയിച്ചു. ഓരോന്ന് കഴിയുമ്പോഴും അമ്മ ഓര്‍മിപ്പിക്കും. 'പഠനമാണ് നിന്റെ മേഖല. അതു വിട്ടുള്ള കളിയൊന്നും വേണ്ടെന്ന്.' പക്ഷേ, എനിക്കിത് ഉപേക്ഷിക്കാനേ തോന്നിയില്ല. നമ്മുടെ മുഖം ഒരുതവണ ക്യാമറയില്‍ പതിഞ്ഞാല്‍ പിന്നെ വിട്ടുപോരാനേ തോന്നില്ല.

മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത് മോഹന്‍ലാലിന്റെ കൂടെയായിരുന്നല്ലോ?

ഒപ്പം അഭിനയിക്കുന്നവരില്‍ എനിക്കേറ്റവും അടുപ്പമുള്ളൊരാളും ലാലേട്ടനാണ്. വലിയ അഭിനേതാവ് എന്നപോലെ വലിയമനുഷ്യനാണ് അദ്ദേഹം. ഞങ്ങള്‍ ഒരുമിച്ച് 'നരസിംഹം' ചെയ്യുന്ന സമയം. ഒരു കോമ്പിനേഷന്‍ സീനെടുക്കുകയാണ്. അപ്പോള്‍ ലാലേട്ടന്‍ ക്യാമറ ഓഫ് ചെയ്ത് പെട്ടെന്നിറങ്ങിപ്പോയി. ഒരു ലൈറ്റ് ബോയിയുടെ അടുത്തേക്കാണ് അദ്ദേഹം ചെന്നത്. അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു. ലാലേട്ടന്‍ ചോദിക്കുന്നത് കേട്ടു. 'എന്താ മോനേ തലവേദനയാണോ. ഗുളിക വേണോ. നമുക്ക് ആസ്​പത്രിയില്‍ പോകാം' എന്നൊക്കെ. ഞാന്‍ അത്ഭുതപ്പെട്ടുപോയി. യൂണിറ്റില്‍ ഒരാളും പരിഗണിക്കാത്ത ആളുകളാണ് ലൈറ്റ് ബോയിമാര്‍. അവരുടെ ചെറിയകാര്യങ്ങള്‍ പോലും ലാലേട്ടനെപ്പോലുള്ള സൂപ്പര്‍സ്റ്റാര്‍ ശ്രദ്ധിക്കുന്നു. മറ്റുള്ളവരെ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ലാലേട്ടനെ കണ്ടുപഠിക്കണം.

ഞങ്ങള്‍ രണ്ടുപേരും ഒരേ രാശിക്കാരാണ്. അതുകൊണ്ടാവും ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ അഭിനയത്തിന്റെ രസതന്ത്രം മികച്ചതാവുന്നത്. 'മോസ്റ്റ് ബ്രില്ല്യന്റ് ആക്ടര്‍ ഇന്‍ ഇന്ത്യ' ലാലിനെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്.

മലയാളനടിമാരുമായൊന്നും സൗഹൃദമില്ലേ?

കാവ്യയെ എനിക്കിഷ്ടമാണ്. എന്റെ മോളുടെയും അവളുടെയും ജന്മദിവസം ഒന്നാണ്. സപ്തംബര്‍ 19.
എന്നെയവള്‍ വിവാഹത്തിന് വിളിച്ചിരുന്നു പക്ഷേ, 12 വര്‍ഷമായിട്ട് ഒറ്റക്കല്യാണത്തിനും പോകാത്ത ആളാണ് ഞാന്‍. എന്റെ വിവാഹബന്ധം വേര്‍പിരിഞ്ഞപ്പോഴെടുത്ത തീരുമാനമാണത്. വിധവയെപ്പോലുള്ള ഞാന്‍ പോയിട്ട് വധുവിനെ ദീര്‍ഘസുമംഗലിയാവാന്‍ എങ്ങനെ ആശിര്‍വദിക്കും. പിന്നെ വിവാഹച്ചടങ്ങിന് പരിചയമുള്ളവരൊക്കെ വരും. അവരൊക്കെ ഭര്‍ത്താവുമായി സന്തോഷമായിട്ട് വരുമ്പോള്‍ ഞാന്‍ മാത്രം ഒറ്റയ്ക്ക്. അപ്പോള്‍ എനിക്ക് സങ്കടം വരും.

ഇപ്പോള്‍ കാവ്യയും എന്നെപ്പോലെ ഒറ്റയ്ക്കായെന്ന് കേട്ടപ്പോള്‍ ഒരുപാട് സങ്കടം തോന്നി. ഞാനവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. പ്രശ്‌നങ്ങളെല്ലാം അതിജീവിക്കാന്‍ ഈശ്വരന്‍ കാവ്യക്ക് ശക്തിനല്‍കട്ടെ.

ഐശ്വര്യയുടെ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ. 21-ാം വയസ്സില്‍ വിവാഹമോചനം, പിഞ്ചുകുഞ്ഞുമൊത്ത് ഒറ്റയ്ക്കുള്ള ജീവിതം. അക്കാലമൊക്കെ എങ്ങനെ നേരിട്ടു?

പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അമ്മയാണ് എന്നെ ഏറെ പിന്തുണച്ചത്. പിന്നെ അമ്മൂമ്മയും. അമ്മയുടെയും എന്റെയും സ്വഭാവത്തില്‍ ഒറ്റക്കാര്യത്തിലേ സാമ്യമുള്ളൂ. വലിയ വലിയ പ്രശ്‌നങ്ങള്‍ വന്നാല്‍ ഞങ്ങള്‍ ശാന്തരായിരിക്കും. പ്രശ്‌നങ്ങള്‍ വന്നാല്‍ കുറച്ചുദിവസം റൂമില്‍ അടച്ചിരിക്കും. പിന്നെ ഞാന്‍ കണ്ണാടിയെടുത്ത് നോക്കും. എന്നിട്ട് ചോദിക്കും 'നാണമില്ലേടി ഇങ്ങനെ ദുഃഖിച്ചിരിക്കാന്‍'. അതോടെ ടെന്‍ഷനൊക്കെയങ്ങ് മാറും.

സിനിമാരംഗത്തുള്ളവരൊന്നും ഇക്കാലത്ത് സാന്ത്വനിപ്പിക്കാനെത്തിയില്ലേ?

സിനിമയില്‍ എന്നെ അറിയാവുന്ന എല്ലാവരും ആശ്വാസവാക്കുകളുമായെത്തി. ചെറിയ പ്രായത്തിലേ കടുത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്ന കുട്ടി എന്നൊരു കരുതലുണ്ടായിരുന്നു അവരുടെ മുഖത്ത്. പിന്നെ നടി ലക്ഷ്മിയുടെ മകള്‍ എന്ന പരിഗണന എല്ലാവരും എനിക്ക് തന്നു.


യഥാര്‍ഥത്തില്‍ എന്തായിരുന്നു നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സംഭവിച്ചത്?

മനസ്സുകൊണ്ട് എനിക്കും തന്‍വീറിനും ഒന്നാകാന്‍ കഴിഞ്ഞില്ല.
 1 2 3 NEXT