കഥ തുടരുകയാണ്..

posted on:

20 May 2010


സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച 'കഥ തുടരുന്നു' എന്ന ചിത്രം പ്രേക്ഷകരിലേക്ക്. ജയറാം, മംമ്ത, ബേബി അനഘ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സ്‌നേഹബന്ധങ്ങളുടെ കഥ പറയുന്നു. ഇന്നസെന്റ്, ആസിഫ് അലി, മാമുക്കോയ, ശ്രീജിത് രവി, ചെമ്പില്‍ അശോകന്‍, വെട്ടുകിളി പ്രകാശ്, കെ.പി.എ.സി. ലളിത, ലക്ഷ്മിപ്രിയ എന്നിവരാണ് മറ്റ് താരങ്ങള്‍. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവലാണ് ചിത്രം നിര്‍മിച്ചത്. ഛായാഗ്രഹണം - വേണു.
ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംസാരിക്കുന്നു.

ചിത്രത്തില്‍ ഏറെ ശക്തമായ കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. എങ്ങനെയാണ് അന്വേഷണം മംമ്തയില്‍ എത്തിയത്?


ചിത്രത്തിലെ നായികാ കഥാപാത്രത്തിനുവേണ്ടി ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണമാണ് ഞാന്‍ നടത്തിയത്. പക്ഷേ, എപ്പോഴും ഒരു മഞ്ജു വാര്യരെയോ സംയുക്ത വര്‍മയെയോ കിട്ടണമെന്നില്ല. അങ്ങനെ കുറെക്കാലം ആ ശ്രമം തുടര്‍ന്നു. ഇത്രയും ഡെപ്ത് ഉള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതുമുഖത്തിന് കഴിയില്ലെന്ന് തോന്നി. അന്യഭാഷയില്‍ നിന്ന് കഴിവുറ്റ നടീനടന്മാരെ തേടുന്നതും ഏറെ റിസ്‌കായി തോന്നി. അവരെ ഭാഷ പഠിപ്പിച്ച് കഥാപാത്രത്തില്‍ ഇറക്കുന്നതും ഏറെ പണിയുള്ള കാര്യമാണ്. അതിനിടയിലാണ് മംമ്തയുടെ മുഖം എന്റെ മനസ്സില്‍ പതിഞ്ഞത്. എല്ലാ രീതിയിലും എന്റെ കഥാപാത്രത്തിന് ഏറെ അനുയോജ്യമായ നായികാതാരമായിരുന്നു മംമ്ത. മലയാളത്തില്‍ ഏറെ ഉപയോഗപ്പെടുത്താത്ത ഈ താരം പാസഞ്ചറിലും മികച്ച പ്രകടനമായിരുന്നു. അന്വേഷിച്ചപ്പോള്‍ മംമ്തയും ഓക്കെ പറഞ്ഞു. പണ്ട് എം.ടി. പറഞ്ഞതുപോലെ അറിയാത്ത മഹാസാഗരത്തേക്കാള്‍ അറിയുന്ന നിളയാണ് എനിക്കിഷ്ടം എന്ന് അങ്ങനെ തോന്നി. വളരെ സങ്കടം തോന്നുന്ന കഥ പ്ലസന്റായി അവതരിപ്പിക്കാനാണ് എന്റെ ശ്രമം.

എങ്ങനെയാണ് ഈ കഥയുടെ സ്​പാര്‍ക്ക് കിട്ടിയത്?

ഒരു നായികാപ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ചിത്രത്തില്‍ എത്തിച്ചത്. പതിവില്‍നിന്ന് വ്യത്യസ്തമായ വഴി അന്വേഷണത്തിന്റെ ഭാഗമായ ശ്രമം. ലൈം ലൈറ്റില്‍ നില്‍ക്കുന്ന ഒരാള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ ആ വീട്ടിലെ ശൂന്യതയുണ്ട്. ആ ശൂന്യത ആ കുടുംബത്തിന്റെ മാത്രം പ്രശ്‌നമാകുന്ന അവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ മറ്റാരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥ. ആ ശൂന്യതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പെണ്‍കുട്ടിയുടെ ശ്രമം. അതില്‍ കരച്ചിലില്‍ നിന്നും കണ്ണീരില്‍നിന്നും അപ്പുറത്തുള്ള പോരാട്ടത്തിന്റെ മുഖമുണ്ട്. സങ്കടങ്ങളില്‍ പതറിപ്പോകുന്ന പെണ്ണല്ല. സങ്കടങ്ങളെ അതിജീവിക്കുന്ന പെണ്ണിന്റെ കഥയാണിത്.

ഗ്രാമത്തിലെ സാധാരണക്കാരുടെ ധാരാളം കഥകള്‍ നമ്മള്‍ പറഞ്ഞിട്ടുണ്ട്. ഇത് നാഗരിക ജീവിതത്തിരക്കിലെ സാധാരണക്കാരുടെ കഥയാണ്. അവരുടെ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ലോകത്തിലൂടെയാണ് കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്. പ്രണയത്തിനേക്കാള്‍ സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും വിലയാണ് ഇവിടെ അടുത്തറിയാന്‍ ശ്രമിക്കുന്നത്.