മലയാളത്തിന്റെ ആഘോഷമായി ലാലും മല്ലികയും ഗോവയില്‍

പ്രേംചന്ദ്

 

posted on:

28 Nov 2012

പനാജി: മുന്‍നിരതാരങ്ങളൊന്നും എത്താത്തതിനെത്തുടര്‍ന്ന് ചലനമറ്റുകിടന്ന ഗോവയിലെ മലയാളിസമൂഹത്തിന് ആവേശംപകര്‍ന്ന് നടന്‍ ലാലും മല്ലികയും അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയിലെത്തി. മധുപാല്‍ സംവിധാനം ചെയ്ത 'ഒഴിമുറി'യുടെ രണ്ടാമത്തെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഇരുവരും ഗോവയിലെത്തിയത്.

മലയാളി ആണത്തത്തിന്റെ തീര്‍ത്തും വ്യത്യസ്തമായ മുഖം അതിശക്തമായി ആവിഷ്‌കരിക്കുന്ന ലാലിന്റെ കഥാപാത്രമാണ് 'ഒഴിമുറി'യുടെ ഏറ്റവും വലിയ ആകര്‍ഷണം. മലയാളി പിന്നിട്ട പാതകളിലെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകളാണ് സംവിധായകന്‍ മധുപാല്‍ വെള്ളിത്തിരയില്‍ തെളിയിക്കുന്നത്.

ഐനോക്‌സില്‍ നിറഞ്ഞ സദസ്സിലാണ് 'ഒഴിമുറി'യുടെ രണ്ടാംപ്രദര്‍ശനം നടന്നത്. തനിക്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനുള്ള ആദ്യ അവസരമാണ് 'ഒഴിമുറി'യിലൂടെ കൈവന്നതെന്ന് ലാല്‍ പറഞ്ഞു. ഇരട്ടഭാഗ്യമാണ് ഈ ഫെസ്റ്റിവല്‍ തന്നതെന്ന് സുവീരന്റെ 'ബ്യാരി'യിലും 'ഒഴിമുറി'യിലും നായികയായ മല്ലിക പറഞ്ഞു.

പ്രദര്‍ശനത്തിനുശേഷം ലാലിനും മല്ലികയ്ക്കും ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ സ്വീകരണം നല്‍കി.

ടി.വി. ചന്ദ്രന്റെ 'ഭൂമിയുടെ അവകാശി'കളുടെയും സുവീരന്റെ 'ബ്യാരി'യുടെയും രണ്ടാമത്തെ പ്രദര്‍ശനവും ഐനോക്‌സില്‍ നടന്നു.

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയില്‍ പനോരമ സിനിമകള്‍ വഴി എത്താനുള്ള മികച്ച അവസരമാണ് മലയാളത്തില്‍ നിന്നുള്ള നടീനടന്മാര്‍ നഷ്ടമാക്കുന്നതെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. നല്ല സിനിമകള്‍ കണ്ടും അനുഭവിച്ചും ചര്‍ച്ച ചെയ്തും പരിചയമില്ലാത്തതുകൊണ്ടുമാത്രമാണ് ചില നടന്മാര്‍ സ്വന്തം അഹന്തയെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമകളിലേക്ക് ചുരുങ്ങിക്കൂടി സിനിമയുടെ നാശത്തിന് വഴിവെക്കുന്നതെന്ന് ഡോ. ബിജു പറഞ്ഞു.