പനോരമ കൊണ്ട് കാര്യമില്ലാതാകുന്നു -ഡോ.ബിജു

posted on:

26 Nov 2012

പനാജി: നല്ല സിനിമയുടെ സംവിധായകര്‍ക്ക് ഇന്ത്യന്‍ പനോരമകൊണ്ട് കാര്യമില്ലാതാവുകയാണെന്ന് ഇന്ത്യന്‍ പനോരമ ചിത്രമായ 'ആകാശത്തിന്റെ നിറ'ത്തിന്റെ സംവിധായകന്‍ ഡോ. ബിജു മീഡിയാസെന്‍ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ദൂരദര്‍ശന്‍ പനോരമചിത്രങ്ങള്‍ കാട്ടുന്നില്ല. അതുകൊണ്ടുള്ള വരുമാനം ആര്‍ട്ട്ഹൗസ് സിനിമക്കാര്‍ക്ക് നഷ്ടമാണ്. നേരത്തേ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ചുദിവസത്തെ താമസമെന്നത് ഇപ്പോള്‍ മൂന്നുദിവസമായി കുറച്ചിരിക്കുകയാണ്. തന്റെ അടുത്ത സിനിമ പനോരമയ്ക്ക് അയയ്ക്കണോ എന്ന് ഇനി രണ്ടുവട്ടം ആലോചിക്കും.

മലയാളത്തില്‍ സാറ്റലൈറ്റ് മാര്‍ക്കറ്റ് സിനിമയെ അസാധ്യവും ദുഷ്‌കരവുമാക്കിയിരിക്കുകയാണ്. ആര്‍ട്ട് സംവിധായകരെന്ന് ബ്രാന്‍റ് ചെയ്ത അവരുടെ സിനിമകള്‍ക്ക് സാറ്റലൈറ്റ് മാര്‍ക്കറ്റ് നിഷേധിക്കുന്ന പ്രവണത നല്ല സിനിമകള്‍ക്കുമേലുള്ള വിലക്കാണെന്നും ഡോ. ബിജു പറഞ്ഞു.