പശ്ചിമ ബംഗാളില്‍ സിനിമാ ചിത്രീകരണത്തിന് ഏകജാലക സംവിധാനം

ടി.എസ്. കാര്‍ത്തികേയന്‍

 

posted on:

13 Aug 2013

കൊല്‍ക്കത്ത: സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഫിലിം ടൂറിസത്തിന് പ്രചാരം നല്‍കുകയും സിനിമാവ്യവസായത്തിന് വേരുറപ്പിക്കാന്‍ പറ്റിയ സ്ഥലമായി പശ്ചിമബംഗാളിനെ അവതരിപ്പിക്കുകയുമാണുദ്ദേശം.

ചിത്രീകരണം നടത്തണമെങ്കില്‍ ഒരുപാട് വാതിലുകളില്‍ മുട്ടണമെന്ന സ്ഥിതി ഒഴിവാക്കുമെന്ന് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മന്ത്രി കൃഷ്‌ണേന്ദു നാരായണ്‍ ചൗധരി പറഞ്ഞു. പോലീസ്, തദ്ദേശഭരണസ്ഥാപനങ്ങള്‍ , സ്ഥലമുടമകള്‍ , ഇങ്ങിനെ ഒട്ടേറെ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയാലേ ഇന്നത്തെ സാഹചര്യത്തില്‍ ചിത്രീകരണം നടക്കൂ. ഇതിന് സമയമെടുക്കൂം. ചിലവും കൂടും. നിര്‍മാതാക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്-ചൗധരി ചൂണ്ടിക്കാണിച്ചു. സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളില്‍ താമസസൗകര്യം, ഭക്ഷണസൗകര്യം, ആരോഗ്യസുരക്ഷ, മെച്ചപ്പെട്ട ഗതാഗതം തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും വിനോദസഞ്ചാരവകുപ്പ് ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊല്‍ക്കൊത്ത തുറമുഖ പ്രദേശത്ത് ഷൂട്ട് ചെയ്യണമെങ്കില്‍ തുറമുഖ ട്രസ്റ്റിന്റെ അനുമതി വാങ്ങേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്ത് ചലച്ചിത്രനഗരങ്ങള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍കൈയെടുത്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.