സഞ്ജയ്ദത്തിന് പിന്തുണയുമായി മോഹന്‍ലാല്‍

posted on:

24 Mar 2013


കോഴിക്കോട്:രജനീകാന്തിനു പിന്നാലെ സഞ്ജയ് ദത്തിന് പിന്തുണയുമായി മോഹന്‍ലാലും രംഗത്ത്. മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ദത്തിനെ ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പിന്തുണച്ചത്.

ഇരുപതു വര്‍ഷത്തിലേറെയായി തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സഞ്ജയ് ദത്ത് ഒരു നല്ല മനുഷ്യനും കുടുംബസ്‌നേഹിയുമാണെന്നും പ്രതിസന്ധികളെ ധീരതയോടെ അതിജീവിച്ച് കൂടുതല്‍ കരുത്തനും യോഗ്യനുമായി മാറിയ വ്യക്തിയാണെന്നുമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നമ്മുടെ കരുണയും സഹായവും ദത്ത് നിശ്ചയമായും അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിനു മാപ്പു നല്‍കണമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരത്തിലധികം പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ആറായിരത്തിലധികം പേര്‍ ഈ അഭിപ്രായം ഇഷ്ടപ്പെട്ടെന്നു രേഖപ്പെടുത്തി. വിഷയത്തില്‍ ഒട്ടേറെപ്പേര്‍ ലാലിനെ പിന്തുണച്ചപ്പോള്‍ അഭിപ്രായം പ്രകടിപ്പിക്കും മുന്‍പ് സംഭവത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് മറ്റുചിലര്‍ പ്രതികരിച്ചു.