ടാഗോര്‍ വിമര്‍ശനത്തിന്റെ ബാക്കിപത്രം...

posted on:

14 Nov 2012

ഗിരീഷ് കര്‍ണാട് രവീന്ദ്രനാഥ ടാഗോറിന്റെ നാടകങ്ങള്‍ രണ്ടാംതരം സൃഷ്ടികള്‍ മാത്രമാണെന്ന് വിമര്‍ശിച്ചതിന്റെ അലകള്‍ ഒടുങ്ങുന്നില്ല. പക്വതയോടെ മാത്രം കാര്യങ്ങള്‍ കാണുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന വ്യക്തികൂടിയായ ഗിരീഷ് കര്‍ണാടില്‍ നിന്ന് ഇത്തരമൊരു വിമര്‍ശമുണ്ടായത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്......

നടന്മാരില്‍ പലതരക്കാരുണ്ട്. പക്വതവന്നവര്‍. പക്വത എത്താത്തവര്‍. പ്രായത്തിനേക്കാള്‍ പക്വതയുണ്ടെന്ന് വരുത്താന്‍ വിഡ്ഢിത്തം വിളമ്പുന്നവര്‍.വളരെ ശാന്തരും അക്ഷോഭ്യരുമായി പ്രൊഫഷന്‍ മാത്രം മനസ്സില്‍ ധ്യാനിച്ചും നീങ്ങുന്നവര്‍... ഇങ്ങനെ പോകുന്നു. ഗിരീഷ് കര്‍ണാട് എന്ന നടന്‍ ഒടുവില്‍ പറഞ്ഞ വിഭാഗത്തിലാണെന്ന് ഏത് സാധാരണക്കാരനും പറയും. നടനും സംവിധായകനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് എന്നും നടന്മാരിലെ പണ്ഡിത ശ്രേഷ്ഠ വിഭാഗത്തിലെ മുന്‍നിരക്കാരനായിരുന്നു. പക്ഷേ, ഇപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞ സ്ഥിതിയിലാണ്.

മികച്ച കവിയാണെങ്കിലും രബീന്ദ്രനാഥ ടാഗോര്‍ രണ്ടാംകിട നാടകക്കാരന്‍ മാത്രമാണെന്ന് അടുത്തിടെ ഗിരീഷ് കര്‍ണാട് നടത്തിയ പ്രസ്താവന ഉയര്‍ത്തിവിട്ട പ്രതിഷേധജ്വാലകള്‍ അനുദിനം ശക്തമാകുകയാണ്.കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ അതിരുവിട്ട് പ്രശ്‌നം രൂക്ഷമാകുകയാണെന്നാണ് സൂചന. കര്‍ണാടിനെ തുറന്ന് വിമര്‍ശിച്ച്ഒട്ടേറെ നാടക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ടാഗോറിനെ വിമര്‍ശിക്കാന്‍ മാത്രം ഗിരീഷ് വളര്‍ന്നിട്ടില്ലെന്നാണ് ഇവരുടെ വാദം. എന്തടിസ്ഥാനത്തിലാണ് ഗിരീഷ് ഇത്തരമൊരു വിമര്‍ശനം അഴിച്ചുവിട്ടതെന്ന് വ്യക്തമാക്കണമെന്നാണ് ഇനിയൊരു കൂട്ടരുടെ ആവശ്യം.

''ടാഗോറിനെക്കുറിച്ച് ഗിരീഷ് പറഞ്ഞതൊന്നും പുതിയ കാര്യമല്ല. നേരത്തേ ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറിലും ഗിരീഷ് ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. അവിടെ പ്രസംഗകരില്‍ ഒരാളായിരുന്നു ഞാന്‍. അന്നുതന്നെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. താന്‍ പറഞ്ഞതിനെ സാധൂകരിക്കാന്‍ പക്ഷേ, ഇതുവരെ ഗിരീഷിനായിട്ടില്ല''. പ്രശസ്ത നാടകകൃത്ത് രുദ്രപ്രസാദ് സെന്‍ ഗുപ്തയുടേതാണ് ഈ വാക്കുകള്‍.

ടാഗോറിന്റെ പല നാടകങ്ങളും സാധാരണക്കാര്‍ക്ക് ദഹിക്കാത്തവയാണെന്ന രീതിയിലുള്ള ഗിരീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന മറ്റൊരു പ്രമുഖനാണ് നാടകകൃത്ത് ബിബാസ് ചക്രവര്‍ത്തി. '' വ്യക്തികള്‍ക്ക് വിമര്‍ശന സ്വാതന്ത്ര്യമുണ്ട്. എനിക്ക് ടാഗോറിന്റെ നാടകങ്ങള്‍ ഇഷ്ടമില്ലെന്ന് പറയാന്‍ ഗിരീഷിന് സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു നാടകകാരന്‍, നടന്‍ എന്നീ നിലകളിലുള്ള ഗിരീഷിന് ഇത്തരം വിമര്‍ശനപരിവേഷം യോജിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.

ടാഗോറിന്റെ എല്ലാ നാടകങ്ങളും മികച്ചവയാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. എന്നാല്‍ 'മുക്തോധാര', 'രക്തകരബി' എന്നീ നാടകങ്ങള്‍ എഴുതാന്‍ ടാഗോറിന് മാത്രമേ സാധിക്കൂ എന്ന് ഞാന്‍ പറയും. ഏറ്റവും ആധുനികമായ ചിന്താഗതിയില്‍ പരമ്പരാഗത രീതിയിലും ഭാഷയിലും കാര്യങ്ങള്‍ പറഞ്ഞാണ് ടാഗോര്‍ ഈ നടകങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നത്. വിമര്‍ശകര്‍ ഇതുകൂടി കാണണം.'' ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നു. അതേസമയം 'ടാഗോര്‍ തിയേറ്ററി'ന്റെ വക്താവായി അറിയപ്പെടുന്ന നാടകകാരന്‍ സംഖോഘോഷ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിലിടപെട്ട് സമയം പാഴാക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് മാധ്യമവ്യാഖ്യാനം.


രണ്ട് തരം ചിന്താസരണികളിലൂടെ നീങ്ങുന്നവരാണ് ടാഗോറും കര്‍ണാട്ടുമെന്നും അതിനാലാണ് കര്‍ണാടിന് ടാഗോര്‍ നാടകങ്ങള്‍ ദഹിക്കാതെ പോയതെന്നുമുള്ള വാദവുമായി മറ്റു ചില നാടകകാരന്മാരും രംഗത്തുണ്ട്. രുദ്രപ്രസാദ് സെന്‍ ഗുപ്തയ്ക്കും സമാനമായ ചിന്താഗതിയാണ്''. ഗിരീഷ് കര്‍ണാട് പാശ്ചാത്യ തിയേറ്റര്‍ സംസ്‌കാരത്തിന്റെ വക്താവാണ്. അതുകൊണ്ടുതന്നെ പ്രാദേശികമായ രചനാരീതികള്‍ക്കു നേരെ അദ്ദേഹം മുഖംതിരിക്കുന്നത് കാര്യങ്ങള്‍ വേണ്ടത്ര പഠിക്കാതെയാണ്''-രുദ്രപ്രസാദ് പറയുന്നു.

ഗിരീഷ് കര്‍ണാട് ഒരു സുപ്രഭാതത്തില്‍ ടാഗോര്‍ വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നില്ല എന്നൊരു വശം കൂടി ഈ വിഷയത്തിനുണ്ട്. ബംഗാളി നാടകകൃത്തായ ശേഖര്‍ ചതോപാധ്യായ നേരെത്തേത്തന്നെ ടാഗോറിനെ വിമര്‍ശിച്ചിരുന്നു. സങ്കീര്‍ണ നാടകങ്ങളാണ് ടാഗോറിന്റേതെന്നായിരുന്നു ചതോപാധ്യായയുടെ പ്രധാന വിമര്‍ശനം . കുറേക്കൂടി ലളിതമായ ഭാഷയില്‍ ടാഗോര്‍ എഴുതണമെന്നായിരുന്നെന്നും അദ്ദേഹം തട്ടിവിട്ടു.

അന്ന് സംഭവം വിവാദമായെങ്കിലും അധികം വൈകാതെ കെട്ടടങ്ങുകയായിരുന്നു. ടാഗോറിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ അത് ഗിരീഷ് കര്‍ണാടായാലും മറ്റാരായാലും ടാഗോര്‍ കൃതികള്‍ പഠിച്ച് വിദഗ്ധരായവരോട് ചര്‍ച്ച നടത്തിവേണമായിരുന്നു പ്രസ്താവനകള്‍ നടത്താനെന്ന ചിന്താഗതിക്കാരും നാടക പ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ട്. ഏതായാലും ടാഗോര്‍ വിമര്‍ശനത്തിന്റെ പേരില്‍ ഇതിനകം ഗിരീഷ് കര്‍ണാട് ഏറെ പഴി കേട്ടു കഴിഞ്ഞു.