രണ്‍ബീറിനും വിവാദപരിവേഷം...

പി.എസ്. കൃഷ്ണകുമാര്‍

 

posted on:

13 Nov 2012


കാറ്റിനേക്കാള്‍ വേഗത്തിലാണ് ബോളിവുഡില്‍ വിവാദങ്ങള്‍ കത്തിപ്പടരുക. നടീനടന്മാര്‍ക്കുപോലും പറയാനാകില്ല വിവാദങ്ങള്‍ ഏതുവഴിയാണ് വന്നതെന്ന്. ആരുടെയെങ്കിലും നിര്‍ദോഷമായ പദപ്രയോഗങ്ങള്‍ ഏറ്റുപിടിച്ച് ചില മാധ്യമങ്ങള്‍ അച്ചുനിരത്തുമ്പോള്‍ അത് വിവാദത്തിന്റെ രൂപമാവും കൈക്കൊള്ളുക. അപകടത്തിലായെന്ന് നടന്മാര്‍ തിരിച്ചറിയുമ്പോഴേക്കും സംഗതി എത്തേണ്ടിടത്തെത്തും. പിന്നെ വിശദീകരണങ്ങള്‍ നല്കുകയാകും നടീനടന്മാരുടെ മുഖ്യജോലി. എന്നിട്ടും കാര്യമില്ലാത്ത കേസുകളാകും പലതും.

യുവനടന്മാര്‍ക്കാണ് അധികവും അക്കിടിപറ്റുക. അടുത്തിടെ വിവാദക്കുഴിയില്‍ ചാടിയിരിക്കുന്നത് യുവ സൂപ്പര്‍താരമായി മാധ്യമങ്ങള്‍ വാഴ്ത്തുന്ന നടന്‍ രണ്‍ബീര്‍ കപൂറാണ്. പ്രസിദ്ധമായ രാജ്കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീര്‍ പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചിത്രം നിരാകകരിച്ചെന്നാണ് വാര്‍ത്ത. ഡേറ്റില്ലെന്നു പറഞ്ഞ് ചിത്രം തള്ളിയെന്നാണ് ഒരു മാധ്യമത്തിന്റെ കണ്ടെത്തല്‍. മറ്റൊരു മാധ്യമം പറഞ്ഞത് രണ്‍ബീര്‍ തന്റെ തിരക്ക് ചൂണ്ടിക്കാട്ടി കിരണിന്റെ ഓഫര്‍ തള്ളിയെന്നാണ്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചു. കരണിന്റെ ചിത്രത്തിലൊക്കെ അഭിനയിക്കുന്നത് വലിയ സംഭവമായി നടന്മാര്‍ കാണുന്ന സമയത്ത് ഇങ്ങനെയൊക്കെ... ഷാരൂഖ് ഖാനെ മുഖ്യകഥാപാത്രമാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. സീനിയര്‍ നടനായ ഷാരൂഖിനൊപ്പം വേഷമിട്ടാല്‍ പ്രാധാന്യം കുറയുമെന്ന ഭീതിയിലാണ് രണ്‍ബീര്‍ ഓഫര്‍ തള്ളിയതെന്നായിരുന്നു മറ്റൊരു മാധ്യമകണ്ടെത്തല്‍.

താന്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നുപറഞ്ഞ് രണ്‍ബീര്‍ രംഗത്തെത്തിയതോടെ സംഭവം വിവാദ പരിവേഷമണിഞ്ഞു. തന്റെ പുതിയ ഹിറ്റ് ചിത്രമായ 'ബര്‍ഫി'യുടെ ഡി.വി.ഡി. പുറത്തിറക്കുന്ന ചടങ്ങില്‍ ഏറെ വികാരാധീനനായാണ് രണ്‍ബീര്‍ നിഷേധമറിയിച്ചത്.

''കരണ്‍ ജോഹര്‍ സിനിമ നിരാകരിച്ചെന്ന വാര്‍ത്ത ശരിയല്ല. എനിക്ക് അത്തരമൊരു ഓഫര്‍ തന്നെ ആരും വെച്ചുനീട്ടിയിട്ടില്ല. ഇതെല്ലാം എങ്ങനെ ഉണ്ടായെന്നും എനിക്കറിയില്ല. പിന്നെ, ഒരു ചിത്രത്തില്‍ നായകന്‍, രണ്ടാം നായകന്‍, പ്രാധാന്യം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ ആശങ്കപ്പെടാറില്ല. എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയുമോ എന്നൊന്നും ചിത്രം കരാറാവുമ്പോള്‍ ഞാന്‍ നോക്കാറില്ല. കഥാപാത്രത്തിന്റെ വ്യാപ്തിയും സാധ്യതകളും മാത്രം നോക്കിയാണ് ഞാന്‍ ചിത്രം തിരഞ്ഞെടുക്കുന്നത്. 'രാജ്‌നീതി' എന്ന എന്റെ ചിത്രത്തില്‍ എനിക്ക് നല്ല വേഷമായിരുന്നു. നായകനാകണമെന്ന് കരുതിയൊന്നുമല്ല ചിത്രം ചെയ്തത്. നല്ല തിരക്കഥയും കഥാപാത്രവുമായിരുന്നു. അതുകൊണ്ട് ചെയ്തു.'' ഇങ്ങനെ പോകുന്നു രണ്‍ബീറിന്റെ വിശദീകരണങ്ങള്‍.

അടുത്ത പ്രോജക്ട് തീരുമാനിച്ചിട്ടില്ല- കരണ്‍

അധികം വിവാദങ്ങളിലൊന്നും ഉള്‍പ്പെടാതെ നല്ല രീതിയില്‍ അഭിനയിച്ച് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച താരദമ്പതിമാരാണ്. ഋഷികപൂറും നീതുസിങ്ങും. എന്നാല്‍, മകന്‍ കരിയറിന്റെ തുടക്കത്തില്‍ വിവാദത്തില്‍പ്പെട്ടത് അവരെയും ഏറെ വിഷമിപ്പിച്ചു. ഇത് തിരിച്ചറിഞ്ഞിട്ടാകണം സംവിധായകന്‍ കരണ്‍ ജോഹറും നിഷേധക്കുറിപ്പുമായി രംഗത്തെത്തി. ''എന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് പറയാനായിട്ടില്ല. ഷാരൂഖും രണ്‍ബീറും ഉള്‍പ്പെട്ട സിനിമയൊന്നും ഇപ്പോള്‍ ചിന്തയിലില്ല. ഷാരൂഖിനെ വെച്ചൊരു ചിത്രം നേരത്തേ പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് എന്ന് സംഭവിക്കുമെന്ന് പറയാനാകില്ല''-കരണ്‍ പറഞ്ഞു.

പുതുമകള്‍ക്ക് പ്രാധാന്യം നല്‍കി അടുത്തിടെ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിന്റെ വിജയലഹരിയിലാണ് കരണ്‍ ഇപ്പോള്‍. ''ഇപ്പോള്‍ ഈ വിജയം മാത്രമാണെന്റെ മനസ്സില്‍. പുതിയ ചിത്രവും കഥയും മനസ്സില്‍രൂപപ്പെടുന്നേയുള്ളൂ. അതിനുശേഷം മാത്രം താരങ്ങളെ നിശ്ചയിക്കും.'' ട്വിറ്ററിലൂടെയാണ് ഇക്കാര്യം കരണ്‍ ലോകത്തെ അറിയിച്ചത്.അതേസമയം, തന്റെ ഉറ്റസുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഷാരൂഖിനെ നായകനാക്കിയൊരു പ്രണയകഥ തന്നെയാണ് കരണ്‍ പ്ലാന്‍ ചെയ്യുന്നത് എന്ന അഭ്യൂഹവും ശക്തമാണ്. 2010-ലാണ് ഈ ടീം ഇതിനുമുമ്പ് ഒന്നിച്ചത്. 'മൈ നെയിം ഈസ് ഖാന്‍' എന്ന ഈ ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു.