നാടകങ്ങളുടെ പൊരുള്‍തേടി സൂപ്പര്‍മോഡല്‍

posted on:

09 Nov 2012

അദിതി പൊഹാംകര്‍, മുംബൈയില്‍ അറിയുന്നത് സൂപ്പര്‍ മോഡലും നടിയുമായാണ്. മോഡലിങ് ആണ് പ്രധാന ഹോബിയെങ്കിലും അഭിനയമാണ് അതിദിയുടെ യഥാര്‍ത്ഥ രംഗം.അദിതി കേരളത്തിലെത്തുന്നതും അഭിനയകലയുടെ മര്‍മ്മം തേടിയാണ്. ക്ലാസിക്കല്‍ അഭിനയത്തിന്റെയും രംഗകലാ അവതരണങ്ങളുടെയും മണ്ണായ കേരളത്തിലെത്തിയപാടേ, അവര്‍ ആദ്യം ചെന്നത് കലാമണ്ഡലത്തിലാണ്. ക്ലാസിക്കല്‍ അഭിനയത്തിന്റെ തികവും മികവും ആത്മസമര്‍പ്പണത്തിന്റെ മാര്‍ഗവും അദിതി കണ്ടെത്തി.

മകരന്‍ ദേശ്പാണ്ഡെയുടെ തിയേറ്റര്‍ സംരംഭമായ 'അന്‍ഷി'ലെ പ്രധാന നടിയായ അദിതി, ചെറുപ്പത്തില്‍ തന്നെ അഭിനയം പരിശീലിച്ചിരുന്നു. മുത്തശ്ശി സിന്ധു പൊഹാംകര്‍ മറാഠി നാടകവേദിയിലെ അറിയപ്പെടുന്ന നടിയായിരുന്നു. അദിതിയുടെ അച്ഛന്‍ സുധീര്‍ പൊഹാംകറും നടനാണ്. ബാന്ദ്രയിലെ നാഷണല്‍ കോളേജില്‍നിന്ന് മാനേജ്‌മെന്റ് പഠനത്തില്‍ ഡിഗ്രിയെടുത്തശേഷം മോഡലിങ് രംഗത്തെത്തിയെങ്കിലും അധികം വൈകാതെ അദിതി വീണ്ടും നാടകവേദിയിലെത്തുകയാണുണ്ടായത്.

നാടകവേദിയില്‍ എത്തുന്നതിനു മുമ്പ് അവര്‍ സത്യദേബ്ധൂബെയെ കാണാന്‍ പോയി. നാടകവേദിയിലെ ആദരണീയനായ ആ വ്യക്തിത്വത്തെ കണ്ടമാത്രയില്‍തന്നെ ഇതാ ഗുരുവിനെ കണ്ടെത്തിയെന്ന് അദിതി ഉറപ്പിച്ചു. രണ്ടു വര്‍ഷത്തെ പരിശീലനം അതുവരെ അനുഭവിക്കാത്ത അനുഭവപാഠങ്ങളായിരുന്നു. ''പുസ്തകങ്ങള്‍ വായിക്കുകയല്ല വേണ്ടത്, നാടകങ്ങള്‍ കാണുകയാണ്'' ഇതാണ് ധൂബെ നല്‍കിയ ആദ്യത്തെ ഉപദേശം. പല ദിവസങ്ങളിലും ധൂബെയുടെ വീട്ടിലെ സന്ദര്‍ശനം തന്നെ നാടകമായി മാറി.

ഏതെങ്കിലും ഒരു ഡയലോഗ് പഠിക്കാന്‍ ധൂബെ പറയും. പിന്നീടത് പലരോടും പറയാന്‍ നിര്‍ദേശിക്കും. ഒരേ ഡയലോഗ് അച്ഛനോടും അമ്മയോടും വേലക്കാരനോടും ഭര്‍ത്താവിനോടും കാമുകനോടും പറയണം.പരിശീലനത്തിനുശേഷം മുനീവ് ശര്‍മ്മയുടെ നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. 'മൈ വൈഴ്‌സ് ഹസ്ബന്റ്' എന്ന നാടകത്തില്‍, രണ്ടു നഗരങ്ങളില്‍ ഭര്‍ത്താക്കന്മാരുള്ള ഭാര്യയുടെ വേഷത്തിലായിരുന്നു അദിതി.

ഈ നാടകത്തിനു വലിയ വരവേല്പാണ് ലഭിച്ചത്. അതിനു പിന്നാലെ ടി.വി.എസ്. സ്‌കൂട്ടിയുടെ മോഡലുമായി.പുതിയ നാടകങ്ങളെക്കുറിച്ച് കൃത്യമായ ധാരണകള്‍ പുലര്‍ത്തുന്ന ഈ നടി, മലയാളത്തിലെ ഒരു നാടകത്തില്‍ താമസിയാതെ വേഷമണിയും. മോഹന്‍ രാകേഷിന്റെയും ഇസ്മത്ത് ചുഗ്ത്തായിയുടെയും നാടകങ്ങളെ ഇഷ്ടപ്പെടുന്ന അദിതിക്ക് നാടകങ്ങളില്‍നിന്നാണ് ഊര്‍ജം ലഭിക്കുന്നത്.