വിദ്യാബാലന്റെ വിവാഹം ഡിസംബറില്‍?

posted on:

09 Nov 2012

കരീന-സെയ്ഫ് അലിഖാന്‍ വിവാഹത്തിന് ശേഷം മറ്റൊരു സെലിബ്രിറ്റി വിവാഹത്തിന് കൂടി ബോളിവുഡ് ഒരുങ്ങുന്നു. ബോളിവുഡിന്റെയും ഒപ്പം മലയാളികളുടേയും പ്രിയപ്പെട്ട നായികാതാരം വിദ്യാബാലന്‍ ഡിസംബറില്‍ വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ നിര്‍മ്മാണരംഗത്തെ കോര്‍പ്പറേറ്റ് സ്ഥാപനമായി അറിയപ്പെടുന്ന യുടിവിയുടെ സി.ഇ.ഒ. സിദ്ധാര്‍ത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ വിദ്യാബാലന്‍ തുറന്നുസമ്മതിക്കുകയും ചെയ്തിരുന്നു. വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഡിസംബറിലാണോ പുതുവര്‍ഷത്തിലാണോ വിവാഹമെന്ന് ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. രാജ്കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഗഞ്ചാകര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് വിദ്യാബാലന്‍ ഇപ്പോള്‍ ഇത് പൂര്‍ത്തിയായാല്‍ ഡിസംബറില്‍ വിദ്യ പുതിയ സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് കപൂര്‍ ഡിസംബര്‍ മാസം മുഴുവന്‍ അവധിയാണെന്നുമാണ് ബോളിവുഡില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍. ഇത് വിവാഹത്തിനുള്ള ഒരുക്കത്തിനാണെന്നാണ് പാപ്പരാസികളുടെ ഭാഷ്യം.

രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നത് വിദ്യ തന്നെ പരോക്ഷമായി സമ്മതിച്ചിരുന്നു. നിരവധി പ്രോഗ്രാമുകള്‍ക്കും ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. ഡിസംബര്‍ അവസാനവാരം ഹണിമൂണ്‍ ആഘോഷത്തിനായി ഒരു ആഫ്രിക്കന്‍ ദ്വീപില്‍ റിസോര്‍ട്ട് ബുക്ക് ചെയ്തുവെന്ന് വരെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വിദ്യാബാലന്‍ പാലക്കാട്ടുകാരിയാണ്. ഡേര്‍ട്ടി പിക്ച്ചറിന്റെ വിജയത്തിന് ശേഷം പുറത്തുവന്ന കഹാനി എന്ന ചിത്രവും വലിയതോതില്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ചിത്രമായ ഗഞ്ചാകറില്‍ ഇമ്രാന്‍ ഹഷ്മിയാണ് നായകന്‍.


 


Other News In This Section