ദില്‍വാലേ...കൂട്ടുകെട്ടിന് വയസ്സ് 17

പി.എസ്. കൃഷ്ണകുമാര്‍

 

posted on:

08 Nov 2012


ഒരു സിനിമ ഒരു തിയേറ്ററില്‍ 17 വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുക. നിറസദസ്സ് ചിത്രം കാണാനെത്തുക. അതിലെ അഭിനേതാക്കളുടെ തകര്‍പ്പന്‍ പ്രകടനത്തെ ഇപ്പോഴും പുകഴ്ത്തുക. ഇതിഹാസതുല്യമായി ആ ചിത്രത്തെ വിലയിരുത്തുക... സ്വപ്നതുല്യമായ ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രം ഇപ്പോഴും മുന്നേറ്റംതുടരുന്നു. അതെ, കാലാതീതമായി ജൈത്രയാത്ര തുടരുകയാണ് ഷാരൂഖ്ഖാന്‍-കജോള്‍ ജോഡി തകര്‍ത്താടിയ 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ' എന്ന ചിത്രം.

17 വര്‍ഷം തികഞ്ഞ ദിവസവും മുംബൈ മറാത്തിമന്ദിര്‍ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത് നിറഞ്ഞസദസ്സിലായിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥയുമായിട്ടായിരുന്നു ഈ ചിത്രത്തിന്റെ വരവ്. രാജ് മല്‍ഹോത്ര എന്ന യുവനായകനായി ഷാരൂഖ് എത്തിയപ്പോള്‍ സിമ്രാന്‍ എന്ന തന്റേടക്കാരിയുടെ റോളില്‍ കജോള്‍ എത്തി. ഈ ജോഡിയെ പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചു. തന്റെ കന്നിച്ചിത്രത്തിലൂടെ സംവിധായകന്‍ ആദിത്യ ചോപ്ര ഉയരങ്ങളിലേക്കാണ് ചവിട്ടിക്കയറിയത്.

876 ആഴ്ചകളായി ഈ ചിത്രം മുംബൈയുടെ മണ്ണില്‍ തുടരുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. വ്യത്യസ്തമായ അവതരണവും കഥയും മികച്ച താരങ്ങളുണ്ടെങ്കില്‍ സ്വപ്നതുല്യനേട്ടങ്ങളെല്ലാം കൈഎത്തുംദൂരത്ത് തന്നെയാണ്. ഷോലെ, മുഗള്‍-ഇ-ആസാം എന്ന ചിത്രങ്ങളായിരുന്നു നേരത്തേ കൂടുതല്‍ക്കാലം പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രങ്ങളെന്ന റെക്കോഡ് സ്വന്തമാക്കിയത്. 'ഷോലെ' അഞ്ചുവര്‍ഷത്തോളം മുംബൈ മിനര്‍വതിയേറ്ററില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചപ്പോള്‍ 'മുഗള്‍-ഇ-ആസാം' ആറുവര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു. ഈ റെക്കോഡുകളെയെല്ലാം പഴങ്കഥയാക്കിയാണ് 'ദില്‍വാലേ' കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച് റെക്കോഡിട്ടത്.

ഷാരൂഖിനെയും കജോളിനെയും സൂപ്പര്‍ നായികാ നായക പദവിയിലേക്ക് കുതിക്കാന്‍ ഏറെ സഹായിച്ച ചിത്രമാണ് ഇത്. ചിത്രം പുറത്തിറങ്ങി ഏറെക്കാലത്തോളം കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും അറിയപ്പെട്ടത്. രാജ്മല്‍ഹോത്രയെപ്പോലുള്ള ഭര്‍ത്താക്കന്മാരോ കാമുകന്മാരോ ഉണ്ടായിരുന്നെങ്കിലെന്ന് അക്കാലത്തെ പെണ്‍തലമുറയും കൊതിച്ചു.

കിങ്ഖാന്റെ അരങ്ങേറ്റം

1992ലാണ് ഷാരൂഖ്ഖാന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. 27-ാം വയസ്സില്‍ 'ദീവാന'യായിരുന്നു ആദ്യചിത്രം. അതില്‍ രണ്ട് നായകന്മാരില്‍ ഒരാളായിരുന്നു ഷാരൂഖ്. എന്നാല്‍, ഷാരൂഖ് ശ്രദ്ധിക്കപ്പെട്ടത് പ്രതിനായകവേഷങ്ങളിലാണ്. 'ഡര്‍', 'ബാസിഗര്‍' 'അഞ്ജാം' തുടങ്ങി ചിത്രങ്ങളില്‍ ഷാരൂഖ് പ്രതിനായകവേഷത്തില്‍ തകര്‍ത്താടിയപ്പോള്‍ പയ്യനെ ശ്രദ്ധിച്ചുതുടങ്ങി. 'ബാസിഗറില്‍' നായകനും വില്ലനുമായിരുന്നു ഷാരൂഖ്. 1980-കളില്‍ 'ഫൗജി' തുടങ്ങിയ ടെലിഫിലിമുകളിലൂടെയായിരുന്നു ഷാരൂഖിന്റെ അഭിനയജീവിതം തുടങ്ങിയത്.

അനുസരണയില്ലാതെകിടന്ന മുടിയും താളാത്മകമായ ഡയലോഗും ചിരിയും ഒക്കെയായി ഷാരൂഖ് അന്നുതന്നെ ആസ്വാദകമനസ്സില്‍ കുടിയേറി. അപ്പോഴാണ് യഷ്‌രാജ് ഫിലിംസ് 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ' എന്ന ചിത്രവുമായി എത്തുന്നത്. ഷാരൂഖിന്റെ ഉറ്റസുഹൃത്തുകൂടിയായിരുന്ന യഷ് ചോപ്ര റോള്‍ വെച്ചുനീട്ടിയപ്പോള്‍ ഷാരൂഖിന് മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല.

ലോലമനസ്‌കനും പ്രണയാതുരനുമായ എന്‍.ആര്‍.ഐ. യുവാവായി ഷാരൂഖ് സ്‌ക്രീനില്‍ നിറഞ്ഞു. പ്രണയരാജാവ് (കിങ് ഓഫ് റൊമാന്‍സ്) എന്ന വിശേഷമാണ് ഈ ചിത്രം ഖാന് സമ്മാനിച്ചത്. അത്രയേറെ ഹൃദ്യമായിരുന്നു ഷാരൂഖിന്റെ അഭിനയവും ചലനങ്ങളും.

ഷാരൂഖ്-കജോള്‍ രസതന്ത്രം വന്നവഴി


1993-ല്‍ 'ബാസിഗറി'ലായിരുന്നു ഷാരൂഖ്-കജോള്‍ ജോഡി ഏറെ തിളങ്ങിയത്. ചിത്രം ഇരുവര്‍ക്കും ബ്രേക്കായി. പിറകെ 95ല്‍ 'കരണ്‍ അര്‍ജുന്‍' എന്ന സൂപ്പര്‍ ഹിറ്റ് പിറന്നു. അതിലും നായികാനായകന്മാര്‍ ഷാരൂഖും കജോളുമായിരുന്നു. ഈ ഘട്ടത്തിലാണ് 'ദില്‍വാലേ' വരുന്നത്. അതും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായതോടെ ഷാരൂഖ്-കജോള്‍ രസതന്ത്രം ആവര്‍ത്തിക്കാന്‍ നിര്‍മാതാക്കള്‍ തമ്മില്‍ പിടിവലിയായി.

ബ്രിട്ടീഷ് ഇന്ത്യക്കാരായ രാജ്മല്‍ഹോത്ര വേനലവധിക്കാലത്ത് സിമ്രാന്‍ എന്നൊരുയുവതിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമാണ് ദില്‍വാലേയുടെ മൂലകഥ. എല്ലാതടസ്സങ്ങളും മറികടന്ന് രാജ്തന്റെ വധുവിനെ (സിമ്രാന്‍) സ്വന്തമാക്കുന്നതോടെ ചിത്രത്തിന് ശുഭപര്യവസായിയായ അന്ത്യവുമായി. 'ദില്‍വാലേ'യും സൂപ്പര്‍ഹിറ്റായതോടെ ഷാരൂഖിനും കജോളിനും നിന്നുതിരിയാന്‍ സമയമില്ലാതായി.

'ദില്‍വാലേ'യുടെ വിജയഗാഥ

17വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കോഡിട്ട ചിത്രമെന്നതിലുപരി കലാപരമായി മേന്മ പുലര്‍ത്തിയ ചിത്രമായിരുന്നു 'ദില്‍വാലേ...' മികച്ച ഗാനങ്ങളും മികച്ച പാത്രസൃഷ്ടിയും അഭിനയത്തികവും ചിത്രത്തിന്റെ പ്ലസ്‌പോയന്റായി. 10 ഫിലിംഫെയര്‍ അവാര്‍ഡുകളാണ് ചിത്രം വാരിക്കൂട്ടിയത്.

ഷാരൂഖിനും കജോളിനും മികച്ച നടീനടന്മാര്‍ക്കുള്ള പുരസ്‌കാരവും ആദിത്യചോപ്രയ്ക്ക് സംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചു. 1966-ല്‍ 'ഗൈഡ്' എന്ന ചിത്രത്തിനുശേഷം മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നിങ്ങനെ നാല് മുഖ്യ ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഒരേവര്‍ഷം സ്വന്തമാക്കിയും ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു. ഈ ചിത്രത്തെ അവലംബിച്ച് പിന്നീട് ഒരു ഡസനോളം ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും 'ദില്‍വാലേ...' യെ കവച്ചുവെക്കാന്‍ അവയ്‌ക്കൊന്നുമായില്ല.