ബോളിവുഡില്‍ ദീപാവലി വെടിക്കെട്ട്...

പി.എസ്. കൃഷ്ണകുമാര്‍

 

posted on:

29 Oct 2012


ദീപാവലിക്ക് താരയുദ്ധം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടക്കാറുള്ളത് തമിഴ്‌നാട്ടിലോ ആന്ധ്രയിലോ ആണ്. നാലു മുതല്‍ ഒമ്പതുവരെ സൂപ്പര്‍ താരചിത്രങ്ങള്‍ ഈസമയത്ത് അവിടെ റിലീസ് ചെയ്യാറുണ്ട്. താരയുദ്ധമെന്നൊക്കെ പറഞ്ഞ് പത്ര-മാധ്യമങ്ങള്‍ ഇതിനെ പൊലിപ്പിക്കാറുമുണ്ട്. കമല്‍, രജനി, വിജയ്, സൂര്യ തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങള്‍ ദീപാവലി റിലീസായി എത്താറുണ്ട്. ഇത്തവണയും കമല്‍, രജനി, വിജയ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദീപാവലിക്ക് എത്തുന്നുണ്ട്.

ഇനി പറയാന്‍ പോകുന്നത് ബോളിവുഡില്‍ അപൂര്‍വമായി സംഭവിക്കുന്ന ദീപാവലി വെടിക്കെട്ടിനെക്കുറിച്ചാണ്. ഇത്തവണ ഇവിടെ ദീപാവലി കസറുമെന്നുറപ്പാണ്. ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍, അജയ്‌ദേവ്ഗണ്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ ദീപാവലി റിലീസുകളായി ബോളിവുഡില്‍ എത്തുന്നുണ്ട്. ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത് ഇത് അപൂര്‍വ സംഭവമാണെന്നാണ്. ഇത്രയേറെ സൂപ്പര്‍താരപടങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ ബോളിവുഡില്‍ ഒന്നിച്ച് റിലീസ് ചെയ്തിട്ടില്ല. പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറിന്റെ വാക്കുകള്‍ കടംകൊണ്ട് പറഞ്ഞാല്‍ - ''ക്രിസ്മസും പെരുന്നാളും ദീപാവലിയുമൊക്കെ സൂപ്പര്‍ ഖാന്‍മാരോ, അക്ഷയ്, അജയ് ദ്വയമോ കൈയടക്കുകയാണ്. ഇവരുടെ ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കുന്നു ഇപ്പോള്‍ ആവശ്യക്കാര്‍''. ഇതു പോലെത്തന്നെയാണ് ബോളിവുഡില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സൂപ്പര്‍ഖാന്‍മാര്‍ക്കൊപ്പം വെടിക്കെട്ടുതീര്‍ക്കാന്‍ അക്ഷയും അജയുമുണ്ട്.

ഷാരൂഖിന്റെ 'ജബ് തക് ഹെ ജാന്‍' അജയ്‌ദേവ്ഗണിന്റെ 'സണ്‍ ഓഫ് സര്‍ദാര്‍', സല്‍മാന്‍ഖാന്റെ 'ദബാങ് 2' എന്നിവയാണ് ദീപാവലിക്ക് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍. അക്ഷയ്, ആമിര്‍ എന്നിവരുടെ ചില ചിത്രങ്ങളും റിലീസ് ചെയ്യുമെന്ന് സൂചനയുണ്ട്. 'ദബാങ് 2' ചിലപ്പോള്‍ റിലീസ് നീളുമെന്നും വാര്‍ത്തയുണ്ട്. കഴിഞ്ഞയാഴ്ച അന്തരിച്ച യഷ്‌ച്ചോപ്ര അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് 'ജബ് തക് ഹെ ജാന്‍'. കത്രീന കൈഫാണ് നായിക. അനുഷ്‌ക ശര്‍മയും നായികാ നിരയിലുണ്ട്. ട്രെയ്‌ലര്‍ ഘട്ടത്തില്‍പ്പോലും ദശലക്ഷങ്ങളെ ചിത്രം ഇളക്കി മറിച്ചെന്നാണ് റിപ്പോര്‍ട്ട്. മുഴുനീള ട്രെയ്‌ലര്‍ ഇതിനകം, 33 ലക്ഷത്തിലേറേപേര്‍ കണ്ടു കഴിഞ്ഞെന്നാണ് അവകാശവാദം. 30,000 പേര്‍ യൂട്യൂബിലും ഇത് കണ്ടതായി വാര്‍ത്തയുണ്ട്. പാട്ടുകളും ഹിറ്റാണ്. 'റാ-വണ്‍', 'ഡോണ്‍ 2' തുടങ്ങിയ ഹിറ്റുകളുടെ തുടര്‍ച്ചയാവും ഈ ചിത്രം എന്നാണ് കരുതുന്നത്.

സല്‍മാന്‍ഖാന്‍ പോ...പോ.- എന്ന് തുടങ്ങുന്ന ഐറ്റം നമ്പറില്‍ അതിഥിതാരമായെത്തുന്ന ചിത്രം കൂടിയാണ് 'സണ്‍ ഓഫ് സര്‍ദാര്‍' കോമഡിയുടെ പരിവേഷവുമായാണ് ചിത്രം എത്തുന്നത്. പാട്ടുകള്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞ ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയാണ് നായിക. പഞ്ചാബിലെ ഹര്‍മന്ദര്‍ സാഹിബില്‍ അജയും സൊനാക്ഷിയും ചിത്രത്തിന്റെ വിജയത്തിനായി പ്രാര്‍ഥന നടത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് എത്തിയ താരങ്ങള്‍ പൂജയും പ്രാര്‍ഥനയുമായി ഏറേസമയം ഇവിടെ ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് അജയ്‌ദേവഗണ്‍.

സൂപ്പര്‍ ഹിറ്റായിരുന്ന 'ദബാങ്ങി'ന്റെ രണ്ടാം ഭാഗവും ആദ്യ ഭാഗത്തിന്റെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സല്‍മാന്‍ഖാന്‍. സല്‍മാന്റെ സഹോദരന്‍ അര്‍ബാസ്ഖാനാണ് സംവിധായകന്‍. 'ഏക്ഥാ ടൈഗറി'ന്റെ ഗംഭീരവിജയം സൃഷ്ടിച്ച ചൂടാറും മുമ്പേയാണ് മറ്റൊരു 'ബിഗ് മൂവി'യുമായി സല്ലു എത്തുന്നത്. 'സണ്‍ ഓഫ് സര്‍ദാറി'നൊപ്പം നവംബര്‍ 13-നാണ് ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. അതേ സമയം അതിഥി താരമായിട്ടാണെങ്കിലും സല്‍മാന്റെ ഒരു ചിത്രം വരുന്നതിനാല്‍ 'ദബാങ് 2' ന്റെ റിലീസ് ക്രിസ്മസിനായിരിക്കാമെന്ന് സൂചനയുണ്ട്. 'ദബാങ് 2'ന്റെ അണിയറക്കാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളിലാണിപ്പോള്‍.