മുംബൈ:രാജേഷ്ഖന്ന എന്ന വിശാല ഹൃദയനായ മനുഷ്യനെ കാലം ഇത്രവേഗത്തില്‍ തങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റുമെന്ന് ഈ മലയാളികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ആ വേര്‍പാടിന്റെ വേദനയിലാണ് കെ.എസ്. രവീന്ദ്രനും സഹ. സംവിധായകനായ വി. മേനോനും. രാജേഷ് ഖന്നയുടെ ചിത്രങ്ങളില്‍ പ്രൊഡക്ഷന്റെ ചുമതലയുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശിയായ രവീന്ദ്രന്‍ അഞ്ചുവര്‍ഷത്തിലധികം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജേഷ് ഖന്നയുടെ അലഗ് അലഗ് എന്ന ചിത്രത്തിന്റെ നിര്‍മാണ ചുമതലയില്‍ മുതലാണ് ആ വലിയ മനുഷ്യനുമായുള്ള ബന്ധം കെ.എസ്. രവീന്ദ്രന്‍ തുടങ്ങുന്നത്. പിന്നീട് രാജേഷ്ഖന്നയെ നായകനാക്കി ഐ.വി. ശശി സംവിധാനം ചെയ്ത 'അനേഖ രിഷ്ത' എന്ന ചിത്രത്തിന്റെ പ്രധാന ചുമതല കെ.എസ്. രവീന്ദ്രനായിരുന്നു. കാണാമറയത്ത് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു 'അനേഖ റിഷ്ത' എന്ന ചിത്രം. മലയാളിയായ സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോനാണ് ഈ ചിത്രം നിര്‍മിച്ചത്. പിന്നീട് മലയാളം ചിത്രമായ വാര്‍ത്തയുടെ റീമേക്കായ 'ജയ് ജയ് ശിവശങ്കര്‍' എന്ന ചിത്രത്തിന്റെ നിര്‍മാണച്ചുമതല പൂര്‍ണമായും കെ.എസ്. രവീന്ദ്രനു തന്നെയായിരുന്നു. എസ്.എ. ചന്ദ്രശേഖറായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍.
''വളരെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന, ഒരു കുടുംബാംഗത്തിന്റെ എല്ലാ സ്‌നേഹാദരവും തന്ന വലിയ മനുഷ്യനാണ് രാജേഷ് ഖന്നയുടെ വിയോഗത്തിലുടെ നഷ്ടമായത്. വലിപ്പ, ചെറുപ്പമില്ലാതെ എല്ലാവരോടും സമമായി പെരുമാറിയിരുന്ന വലിയ വ്യക്തിത്വം തന്നെയായിയായിരുന്നു ഖന്നയുടേത്'' - കെ.എസ്. രവീന്ദ്രന്‍ പറയുന്നു
'അനേഖ റിഷ്ത' എന്ന ചിത്രം ചെയ്യുമ്പോഴാണ് രാജേഷ്ഖന്നയെ സംവിധായകനായ വി. മേനോന്‍ പരിചയപ്പെടുന്നത്. പിന്നീട് രാജേഷ്ഖന്ന തനിക്ക് ഗോഡ്ഫാദറെപ്പോലെയായി മാറുകയായിരുന്നുവെന്ന് വി. മേനോന്‍ പറഞ്ഞു. ഈ ചിത്രത്തില്‍ ഐ.വി. ശശിയുടെ അസിസ്റ്റന്‍റായിരുന്നു വത്സന്‍ മേനോന്‍ എന്ന വി. മേനോന്‍. രാജേഷ് ഖന്ന മലയാളികളെ അത്രയധികം സ്‌നേഹിച്ചിരുന്നുവെന്നും കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നല്ല മനസ്സ് രാജേഷ് ഖന്ന സൂക്ഷിച്ചിരുന്നുവെന്നും മേനോന്‍ പറയുന്നു. ഇരുപതിലധികം ചിത്രങ്ങള്‍ മേനോന്റെ സംവിധാനത്തിനു കീഴില്‍ പുറത്തെത്തിയിട്ടുണ്ട്. തന്നെ എല്ലാ ചിത്രങ്ങളിലും സഹായിക്കാനുള്ള മനസ്സ് രാജേഷ് ഖന്ന സുക്ഷിച്ചിരുന്നു. തന്റെ ടി.വി. പരമ്പര 'കുരുക്ഷേത്ര'യില്‍ ഒരു പ്രധാന വേഷത്തിലും രാജേഷ്ഖന്ന എത്തുകയുണ്ടായെന്നും മേനോന്‍ പറയുന്നു.