ബംഗാളി 'ഡേര്‍ട്ടിപിക്ചറി'ന് ഏക്തയുടെ ചെക്ക്...

പി.എസ്.കൃഷ്ണകുമാര്‍

 

posted on:

11 Jul 2012


ബോളിവുഡിലെയും കോളിവുഡിലെയും മാദകനടിയെന്ന ഇമേജ് നേടിയ 'ഐറ്റം നമ്പര്‍ ഡാന്‍സ്'സ്‌പെഷലിസ്റ്റ് രാഖിസാവന്തിന് ഇത് ദുഃഖത്തിന്റെ നാളുകളാണ്. ഏറെ പ്രതീക്ഷയോടെ രാഖി മുഖ്യവേഷത്തിലെത്തുന്ന 'ഡേര്‍ട്ടിപിക്ചര്‍' എന്ന ചിത്രം ചില പ്രശ്‌നങ്ങള്‍മൂലം നിന്നുപോയതാണ് പ്രധാനപ്രശ്‌നം. ബംഗാളിഭാഷയില്‍ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം, വിദ്യാബാലന്‍ തകര്‍ത്തഭിനയിച്ച് ദേശീയപുരസ്‌കാരം സ്വന്തമാക്കിയ ഹിന്ദി ഡേര്‍ട്ടിപിക്ചറിന്റെ പുനരാവിഷ്‌കാരം തന്നെയാണ്.

വിദ്യയുടെ 'ഡേര്‍ട്ടി പിക്ചറി'ന്റെ നിര്‍മാതാവ് ഏക്ത കപൂര്‍ എതിര്‍ത്തതോടെയാണ് ബംഗാളിപതിപ്പ് തുടക്കത്തിലേ മുടങ്ങിയത്. ഇതോടെ നായികയാകേണ്ടിയിരുന്ന നടി രാഖി സാവന്ത് കടുത്ത നിരാശയിലാണെന്നാണ് വാര്‍ത്തകള്‍. ചിത്രത്തിന്റെ ടൈറ്റിലിനെതിരെയാണ് ഏക്ത കപൂര്‍ വാളോങ്ങിയിരിക്കുന്നത്. ബംഗാളി ചിത്രത്തിന് ഈ തലക്കെട്ട് നല്‍കാന്‍ സമ്മതിക്കില്ലെന്ന ദൃഢമായ തീരുമാനത്തിലാണത്രെ ഏക്ത. രസകരമായ വസ്തുത രാഖിയും ഏക്തയും അടുത്ത സുഹൃത്തുക്കളാണെന്നതാണ്. എന്നിട്ടും ഏക്ത എതിര്‍പ്പുകളുമായെത്തിയതാണ് രാഖിക്ക് കൂടുതല്‍ പ്രശ്‌നമായത്.

സില്‍ക്ക്‌സ്മിതയുടെ ജീവിതകഥപറഞ്ഞ ചിത്രത്തില്‍ വിദ്യ ശരിക്കും ജീവിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് ദേശീയപുരസ്‌കാരംകൂടി ലഭിച്ചതോടെ മറ്റുപല നടികളുടെയും കണ്ണുതള്ളിപ്പോയിരുന്നു. വിദ്യ ഈ വേഷംചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത അറിഞ്ഞതോടെ അവര്‍ക്കെതിരെ മുട്ടന്‍വിമര്‍ശനങ്ങളുമായി രംഗത്തുവന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. ചിത്രം വന്‍ വിജയമായതോടെ ഇത് വിവിധഭാഷകളില്‍ പുനരാവിഷ്‌കരിക്കാന്‍ നിര്‍മാതാക്കള്‍ തമ്മില്‍ മത്സരംതന്നെ നടന്നു. അങ്ങനെയാണ് ബംഗാളിപ്പതിപ്പിന് രൂപം നല്‍കാന്‍ പ്രമുഖ ബംഗാളി നിര്‍മാതാവും സംവിധായകനുമായ ശതാബ്ദിറോയും മുന്നിട്ടിറങ്ങിയത്. ഈ പദ്ധതിയാണ് ഏക്തകപൂറിന്റെ എതിര്‍പ്പുമൂലം ത്രിശങ്കുവിലായത്.

'ഡേര്‍ട്ടിപിക്ചര്‍' എന്ന തലക്കെട്ട് ഉപയോഗിക്കുന്നതിനെതിരെ വിദ്യയുടെ 'ഡേര്‍ട്ടിപിക്ചറി'ന്റെ നിര്‍മാതാക്കളായ ബാലാജി മോഹന്‍ പിക്‌ചേഴ്‌സ് ബംഗാളിചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചെന്നാണ് വാര്‍ത്തകള്‍. ബാലാജിമോഹന്‍ പിക്‌ചേഴ്‌സിന്റെ സി.ഇ.ഒ. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

''എനിക്ക് ദുഃഖമുണ്ട്. കാരണം ഈ ചിത്രം തുടങ്ങാനായില്ല. എന്റെ അടുത്ത സുഹൃത്തായ ഏക്ത തീരുമാനം മാറ്റുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഇക്കാര്യത്തില്‍ ആയിരം ശതമാനം ഉറപ്പുണ്ടെനിക്ക്. ഇല്ലാ, ഈ ചിത്രം നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ല. ഞാനും ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പദ്ധതിയായിരുന്നു''- രാഖി സാവന്തിന്റെ പ്രതികരണം ഇങ്ങനെ പോകുന്നു.

ഈ സംഭവം തന്നെ നിരാശപ്പെടുത്തിയെങ്കിലും ഏക്തയെ താനിപ്പോഴും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും രാഖി പറയുന്നു. ''എന്റെ മനസ്സ് ഏക്തയ്ക്ക് നന്നായറിയാം. അവര്‍ വഴങ്ങുമെന്നുതന്നെയാണ് പ്രതീക്ഷ''- രാഖി പറയുന്നു.

സില്‍ക്ക്‌സ്മിതയുടെ ശരീരവടിവുകള്‍ സ്വന്തമാക്കിയ താന്‍തന്നെയാണ് ഈവേഷം ചെയ്യാന്‍ ഏറെ അനുയോജ്യ എന്നും രാഖി പറയുന്നു. ''ഞാന്‍ ഏറെ ആവേശത്തിലായിരുന്നു. കഥാപാത്രത്തിന്റെപൂര്‍ണതയ്ക്കായി സ്വന്തമായിത്തന്നെ ശബ്ദംനല്‍കാന്‍ ഞാന്‍ ബംഗാളിയും പഠിക്കാന്‍ തുടങ്ങിയിരുന്നു'' -33കാരിയായ രാഖി വ്യക്തമാക്കുന്നു.

അതേസമയം ചിത്രം കന്നടയില്‍ തുടങ്ങാന്‍ തീരുമാനിച്ചതിനെതിരെയും ഏക്ത കപൂര്‍ രംഗത്തുവന്നതായി വാര്‍ത്തകളുണ്ട്. ഈ പദ്ധതിയുടെ നിര്‍മാതാവ് വെങ്കടേഷക്കെതിരെയാണ് അവര്‍ വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ ചില പ്രാദേശിക സിനിമാസമിതികളുടെ അനുമതിയോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പാകിസ്താനി നടി വീണാമാലിക്കാണ് ഈ ചിത്രത്തില്‍ മുഖ്യവേഷം ചെയ്യുന്നുത്.




Other News In This Section
 1 2 3 NEXT