റിതേഷ്-ജനീലിയ വിവാഹത്തിന് താരനിര

 

04 Feb 2012

 



മുംബൈ: ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖും ജനീലിയയും തമ്മിലുള്ള വിവാഹം എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വ്യാഴാഴ്ച മുംബൈയിലെ ഗ്രാന്‍റ് ഹയാത് ഹോട്ടലില്‍ നടന്നു. പരമ്പരാഗത മറാത്തി രീതിയില്‍ നടന്ന വിവാഹത്തിന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, കേന്ദ്രമന്ത്രി ശരദ്പവാര്‍, പ്രഫുല്‍പട്ടേല്‍, താരങ്ങളായ ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ജയാബച്ചന്‍, അജയ് ദേവ്ഗണ്‍, കാജല്‍ തുടങ്ങി ഒരു വന്‍നിരതന്നെ എത്തിയിരുന്നു.

തവിട്ടുനിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞ് റിതേഷിന്റെ അച്ഛനും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് അതിഥികളെ സ്വീകരിച്ചു. വിവാഹത്തിന് മണിക്കൂറുകള്‍ക്കുമുമ്പ് റിതേഷ് ട്വിറ്ററില്‍ പറഞ്ഞത് 'ബാച്ചിലര്‍ ആയുള്ള അവസാനത്തെ അസ്തമയമാണ് ഞാന്‍ കണ്ടത്' എന്നായിരുന്നു. 2003ല്‍ 'തുജെ മേരി കസം' എന്ന ചിത്രത്തിലാണ് ആദ്യമായി ഇവര്‍ ഒന്നിച്ചഭിനയിച്ചത്. ഇരുവരുംതമ്മില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയത് 'തെരേ നാല്‍ ലൗ ഹോ ഗയാ' എന്ന ചിത്രമാണ്. ഇതില്‍ രണ്ടുപേരും വിവാഹിതരാകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.