മറയാത്ത മധുചന്ദ്രിക

വി.എന്‍ രാഖി

 

posted on:

17 Aug 2012


കേള്‍ക്കാത്തതു കൊണ്ടല്ല, വേണ്ടത്ര കേള്‍ക്കപ്പെടാത്തതുകൊണ്ടോ പരാമര്‍ശിക്കപ്പെടാത്തതുകൊണ്ടോ ആണ് ജോണ്‍സണ്‍ മാസ്റ്ററുടെ ചില ഗാനങ്ങള്‍ മധുരതരമാകുന്നത്. അവസാന കാലഘട്ടത്തില്‍ മാസ്റ്റര്‍ നേരിട്ട അവഗണന പോലെ, നല്ല കോംപസിഷനുകളായിട്ടും വേണ്ടത്ര സ്വീകരിക്കപ്പെടാതെപോയ തിരഞ്ഞെടുത്ത ചില ഗാനങ്ങള്‍ മാത്രം ഓര്‍മപ്പെടുത്തുന്നു...

വര്‍ഷത്തില്‍ ഇരുപതിലേറെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട കാലമുണ്ടായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍ക്ക. ജോണ്‍സണ്‍ ഗാനങ്ങള്‍ക്ക ഏറെ ഡിമാന്റുണ്ടായിരുന്ന തൊണ്ണൂറുകളില്‍ പോലും അറിയപ്പെടാതെ പോയ ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഓരോ പാട്ടിലും സംഗീതത്തോടുള്ള മാസ്റ്ററുടെ ആത്മാര്‍ത്ഥതയും അര്‍പ്പണഭാവവും കാണാം. പരാജയപ്പെട്ട ചിത്രങ്ങളിലും ഹിറ്റ ഗാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹിറ്റ ചിത്രങ്ങളില്‍ അത്ര തന്നെ പരാജയപ്പെട്ടഗാനങ്ങളില്ലായിരുന്നു എന്നതാണ് മാസ്റ്ററുടെ വിജയം.

മധുചന്ദ്രികേ...നീ...മറയുന്നുവോ..
.94-95 കാലഘട്ടത്തിലിറങ്ങിയ സാദരത്തിലെ ഗാനം. കൈതപ്രത്തിന്റെ വരികളുടെ ലാളിത്യത്തിലും മാസ്റ്ററുടെ സംഗീതത്തിന്റെ മിതത്വത്തിലും മനസ്സില്‍ വിങ്ങലുണര്‍ത്തുന്ന ഗാനത്തെക്കുറിച്ച് എന്തുകൊണ്ടോ അധികമാരും പറഞ്ഞു കേട്ടിട്ടില്ല. സ്വര്‍ണ്ണലതയുടെ ആലാപനമികവിന്റെ നല്ലൊരുദാഹരണം. ചിത്രത്തില്‍ യേശുദാസിന്റെ സ്വരത്തിലുള്ള ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

ലോഹിതദാസിന്റെ മികച്ച തിരക്കഥയിലുണ്ടായ ചിത്രമാണ് ചകോരം. പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി....യേശുദാസും സുജാതയും പാടി മനോഹരമാക്കിയ യുഗ്മഗാനം . കൈതപ്രത്തിന്റെ വരികള്‍. തബലയും വയലിനും പുല്ലാങ്കുഴലും മൃദംഗവും എന്നുവേണ്ട വളരെ കുറച്ചെങ്കിലും പല്ലവിയില്‍ ഉപയോഗിച്ചിരിക്കുന്ന കൈമണി പോലും ഇത്രയും ഭംഗിയായി ഉപയോഗിക്കാമെന്ന് മാസ്റ്റര്‍ തെളിയിക്കുന്ന്ു.

1994ലിറങ്ങിയ പക്ഷെയില്‍ യേശുദാസും ഗംഗയും പാടിയ സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ... അക്കാലത്ത് ആകാശവാണിയില്‍ തുടരെ കേട്ടിരുന്ന പാട്ടായിരുന്നു. സൂര്യാംശുവിന്റെ പ്രഭയില്‍ മറഞ്ഞു പോയതാവണം് മൂവന്തിയായ് പകലില്‍ രാവിന്‍ വിരല്‍ സ്പര്‍ശനം...വേര്‍പിരിയേണ്ടി വന്നിട്ടും ഇനിയുമൊരു കൂടിച്ചേരലിനായി കാത്തിരിക്കുന്ന നായകന്റെയും നായികയുടെയും മനസ്സിലെ നൊമ്പരമാണ് പാട്ടില്‍ നിറയുന്നത്. ദു:ഖഗാനങ്ങളുടെ ആരാധകര്‍ ഒരുപക്ഷെ ഗാനം ശ്രദ്ധിച്ചിരിക്കാം. ഗാനരചയിതാവ് കെ.ജയകുമാറിനൊപ്പം മാസ്റ്ററും കൈയൊപ്പു ചാര്‍ത്തിയ ഗാനമെന്നിതിനെ പറയാം. യേശുദാസിന്റെ ആലാപനം.

ഈ പുഴയും കടന്നിലെ(1996) ഓരോ പാട്ടും മലയാളിയക്കു പ്രിയപ്പെട്ടതാണ്. ഗിരീഷ്പുത്തഞ്ചേരിയുടെ വരികളും ജോണ്‍സണ്‍മാസ്റ്ററുടെ ഈണവും ഇഴുകിചേര്‍ന്ന് കിട്ടുന്ന നല്ല ആസ്വാദനാനുഭവം അതില്‍ ഓരോ പാട്ടിനുമുണ്ട്. രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്രനിറദീപം നീര്‍ത്തി... അര്‍ത്ഥപൂര്‍ണ്ണമായ വരികളും മാസ്റ്ററുടെ ഈണവും എവിടെയും അധികം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. സംഗീതത്തെപ്പോലെ സാഹിത്യത്തിലും ജോണ്‍സണ്‍ പുലര്‍ത്തിയിരുന്ന വിട്ടുവീഴ്ചയില്ലായ്മ ഈ ഗാനം ഓര്‍മിപ്പിക്കും.

സിബി മലയിലിന്റെ നീ വരുവോളം(1997) ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമായിരുന്നു. ദലീമ എന്ന ഗായികയുടെ സംഗീതജീവിതത്തിലെ ഒരു നേട്ടമായി മാറിയ ഗാനമായിരുന്നു ഈ തെന്നലും തിങ്കളും പൂക്കളും നീയുമീ രാവും എന്നുമെന്‍ കൂടെയുണ്ടെങ്കില്‍... മാസ്റ്ററിന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് അല്പം വേറിട്ട വ്യക്തിത്വമുളള ഗാനം.

1998ലിറങ്ങിയ ലോഹിതദാസ് ചിത്രമായ ഓര്‍മച്ചെപ്പിലും മാസ്റ്ററുടെ പാട്ടുണ്ടായിരുന്നു.
 1 2 NEXT