വെള്ളിത്തിരയിലെ കാല്‍പ്പനികതക്കൊരു മുഖമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും രാജേഷ് ഖന്നയുടേതായിരിക്കും. എല്ലാ കാമുകന്‍മാരും ആ നാളുകളില്‍ രാജേഷ് ഖന്നയാവാന്‍ കൊതിച്ചു. കോളറുള്ള ഗുരു കുര്‍ത്ത തുന്നിച്ച് ഖന്ന ഹെയര്‍കട്ടടിച്ച് 'ഹമേ തും സെ പ്യാര്‍ കിത്‌നാ' എന്നു പാടി നടന്നു. പെണ്‍കുട്ടികള്‍ അവരെ ശ്രദ്ധിച്ചതേയില്ല, മറ്റാര്‍ക്കും പങ്കു കൊടുക്കാനാവാത്ത വിധം തലയിണക്കടിയില്‍ രാജേഷ്ഖന്നയെ സൂക്ഷിച്ച് അവര്‍ ഉറങ്ങി. സ്വപ്‌നത്തില്‍ അദ്ദേഹം അവര്‍ക്കൊപ്പം 'കര്‍വതേ ബദല്‍തെ രഹെ സാരി രാത് ഹം' പാടി കാശ്മീരിലൂടെ നടന്നു. പുലരിയില്‍, സ്വപ്‌നഭംഗത്തിന്റെ ഉണര്‍ച്ചയില്‍ അവര്‍ ചുമരില്‍ പതിച്ച ചിരിതൂകുന്ന കാക്കാജിയുടെ മുഖത്ത് കണ്ണീരോടെ ചുംബിച്ചു. ഹൃദയമര്‍പ്പിച്ച ആരാധന !
ഹാന്‍സം ആയിരുന്നു എല്ലാ അര്‍ഥത്തിലും ഈ പഞ്ചാബി. മുഖം ചെരിച്ചുള്ള കള്ളച്ചിരികള്‍, പുരികം വെട്ടിച്ചുള്ള ക്ഷണങ്ങള്‍, നെറ്റി ചുളിച്ചുളള കാന്തികമായ നോട്ടങ്ങള്‍..രാജേഷ് ഖന്നയുടെ ഒരോ ശൈലിയും ആരാധകരെ പുളകമണിയിച്ചു. ഭാവം ഏറ്റിയും കുറച്ചും മന്ത്രസ്ഥായിയില്‍ തുടങ്ങി നാടകീയമായി ഉയരുന്ന സംഭാഷണങ്ങള്‍, വശ്യമായ ശബ്ദം. ആര്‍ദ്രമായി, 'പുഷ്പാ' എന്നു മന്ത്രിച്ച് ആസ്വാദകരെ തരളിതരാക്കാനും, 'ബാബുമൊഷായ്' എന്നുരുവിട്ട് കാണികളെ പൊട്ടിക്കരയിപ്പിക്കാനും കഴിഞ്ഞ ഭാവപ്രപഞ്ചം. നിതാന്ത വിഷാദനായകരായ ദിലീപ് കുമാറിനും രാജ്കപൂറിനും സ്റ്റൈലിസ്റ്റായ ദേവാനന്ദിനും ശേഷമാണ് വൈകാരികതയുടെ മാജിക്കുമായി രാജേഷ് ഖന്ന എത്തുന്നത്. ദേവാനന്ദിന്റെ സൂക്ഷ്മാഭിനയത്തിന്റെ ചില ശൈലീവിശേഷങ്ങള്‍ രാജേഷ് ഖന്നയില്‍ പ്രകടമായിരുന്നു.
അതിനുമേല്‍ പക്ഷെ അദ്ദേഹം പ്രസന്നതയുടെ ആവരണമിട്ടു. അത് സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്നു. ജിതേന്ദ്രയെന്ന പേരില്‍ പിന്നീട് പ്രശസ്തനായ, രവി കപൂര്‍ എന്ന സുഹൃത്തിനോടൊപ്പം നാടക അരങ്ങിന്റെ പിന്‍ബലത്തോടെ സിനിമാഭാഗ്യം പരീക്ഷിക്കാനെത്തിയ ജതിന്‍ ഖന്ന എന്ന രാജേഷ് ഖന്നക്ക് കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. 1966 ലെ ഒരു അഭിനയ മത്‌സരത്തില്‍ ഒന്നാമതെത്തിയ രാജേഷ് തൊട്ടടുത്ത വര്‍ഷം തന്നെ വെള്ളിത്തിരയില്‍ അരങ്ങേറി. അടുത്ത വര്‍ഷം, 67 ല്‍ ആരാധന പുറത്തിറങ്ങി. അത് അദ്ദേഹത്തെ നക്ഷത്ര മണ്ഡലത്തിലെത്തിച്ചു. പിന്നീട് തുടര്‍ച്ചയായി പതിനാലോളം ഹിറ്റുകള്‍. ദോ രാസ്‌തെ, ബന്ധന്‍, ഡോലി, ഖാമോശി, ഇത്തെഫാക്, സഫര്‍, കടി പതംഗ്, ദ ട്രെയിന്‍, സച്ചാ ഛൂട്ടാ, ആ മിലോ സജ്‌നാ, മെഹബൂബ് കി മെഹന്ദി, ദുശ്മന്‍, അന്ദാസ്, ആനന്ദ്.
'ആനന്ദ്' രാജേഷ് ഖന്നയുടെ ഏറ്റവും മികച്ച ചിത്രമായാണ് നിരൂപകരില്‍ പലരും കരുതുന്നത്. വെറും ഇരുപത്തിയെട്ടു ദിനം കൊണ്ടാണ് ഋഷികേശ് മുഖര്‍ജി ചിത്രം ഷൂട്ട് ചെയ്തത്. മാരകമായ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന, മരണത്തെ ചിരിച്ചു കൊണ്ടു നേരിടുന്ന ആനന്ദ് സെഗാളിനെ ഖന്ന അനശ്വരമാക്കി. ഭാസ്‌കര്‍ ബാനര്‍ജി എന്ന ഡോക്ടറെ അമിതാബ് ബച്ചനും. ട്രാജിക് മെലോഡ്രാമയില്‍ ആനന്ദ് പുതിയ ഭാഷ്യം തീര്‍ത്തു. (സത്യത്തില്‍ ഡോക്ടറായി കിഷോര്‍ കുമാറിനേയും ആനന്ദായി മെഹമ്മൂദിനെയും വെച്ച് ചിത്രമെടുക്കാനായിരുന്നു മുഖര്‍ജിയുടെ ആദ്യ തീരുമാനം.) ആരാധന മുതല്‍ ആനന്ദ് വരെയുള്ള ചിത്രങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറിനെ നിര്‍മ്മിച്ചു. പ്രശസ്തിയുടെ പരകോടി. 'ആപ് കീ കസം' സിനിമയുടെ കാശ്മീരിലെ സെറ്റില്‍ ആരാധികമാരുടെ ബാഹുല്ല്യത്തെ തുടര്‍ന്ന് രാജേഷ് ഖന്നയുടെ മുറി എട്ടു തവണ മാറ്റേണ്ടി വന്നു. ഒരു മറാഠി സര്‍വകലാശാല രാജേഷ് ഖന്ന കാ കരിസ്മ എന്നൊരു അധ്യായം തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി.