1969 - ബംഗാളില്‍ നക്‌സലൈറ്റുകള്‍ സൃഷ്ടിച്ച 'വസന്തത്തിന്റെ ഇടിമുഴക്കം' ഇന്ത്യയിലെങ്ങും രാഷ്ട്രീയമാറ്റത്തിന്റെ കാറ്റുവിതച്ചവേളയില്‍ ബോളിവുഡ്ഡില്‍ മറ്റൊരു വിപ്ലവം അരങ്ങേറുകയായിരുന്നു- താരാരാധനയുടെ പുതുവസന്തം. 'ആരാധന'യിലൂടെ ഇന്ത്യന്‍ യുവത്വം രാജേഷ്ഖന്ന എന്ന യുവതാരത്തെ ആദ്യത്തെ സൂപ്പര്‍താരമായി വാഴിക്കുകയായിരുന്നു. ഒറ്റസിനിമയുടെ വിസ്മയം സൃഷ്ടിച്ച അലയൊലി രാജേഷ്ഖന്ന മരിക്കുംവരെയും കെട്ടടങ്ങിയില്ല. ഇന്ത്യയുടെ വെള്ളിത്തിര കണ്ട ഏറ്റവും മികച്ച കാമുകഭാവം രാജേഷ്ഖന്നയെ നിത്യഹരിത നായകനാക്കി. മുടികൊഴിയാത്ത, നരയ്ക്കാത്ത, ഹൃദയങ്ങളെ വശീകരിച്ച് കീഴടക്കുന്ന രീതിയില്‍ പുഞ്ചിരിക്കുന്ന കാമുകന്‍ എന്ന പേരിന്റെ പര്യായമായി എന്നും രാജേഷ്ഖന്ന.
1965-ല്‍ പതിനായിരത്തിലേറെ ചലച്ചിത്രമോഹികളുടെ പ്രളയത്തില്‍ നിന്നുമാണ് ഫിലിം ഫെയറും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ടാലന്റ് ഹണ്ടിലൂടെ രാജേഷ്ഖന്നയെ കണ്ടെടുത്തത്. പിന്നീട് 'ആരാധന'യെ പിന്‍തുടര്‍ന്ന് എഴുപതുകള്‍ രാജേഷ്ഖന്ന സ്വന്തം പേരില്‍ മാറ്റിയെഴുതി.
ബോളിവുഡ്ഡിന്റെ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയങ്ങളുടെയും പ്രണയ പരാജയങ്ങളുടെയും ദാമ്പത്യത്തിന്റെയും ഒക്കെ ഉടമയായി രാജേഷ്ഖന്ന. നടിയും ഫാഷന്‍ ഡിസൈനറുമായ അഞ്ജു മഹേന്ദ്രയുമായുള്ള പ്രണയം, ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷം വിവാഹമോചന ത്തില്‍ കലാശിച്ചു. പിന്നീടായിരുന്നു ഡിംപിള്‍ കപാഡിയയുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം രാജ്കപൂറിന്റെ 'ബോബി'യിലൂടെ ഋഷികപൂറിന്റെ നായികയായി ഡിംപിള്‍ ബോളിവുഡ്ഡിലെ ഏറ്റവും ചൂടുപിടിച്ച താരമായതോടെ ഹണിമൂണ്‍ കാലം മുതല്‍ക്കുതന്നെ രാജേഷ്ഖന്ന-ഡിംപിള്‍ കപാഡിയ ബന്ധം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു.
രാജേഷ് ഖന്നയും അമിതാഭ്ബച്ചനും ശത്രുഘ്‌നന്‍ സിഹ്നയും അടക്കിഭരിച്ച എണ്‍പതുകളില്‍ രാജേഷ് ഖന്നയായിരുന്നു ഇന്ത്യന്‍ വെള്ളിത്തിരയുടെ പ്രണയതൃഷ്ണകളുടെ രാജകുമാരന്‍. ശര്‍മിളാ ടാഗോറുമൊത്തുള്ള 'ആരാധന'യുടെ ജനപ്രീതി ഇന്ത്യയുടെ മുക്കിലും മൂലയിലും രാജേഷിനെ സ്വീകാര്യനാക്കി. കിഷോര്‍കുമാറിന്റെ പാട്ടുകള്‍ രാജേഷ്ഖന്നയിലൂടെ ഒഴുകിയെത്തുമ്പോള്‍ അത് ഹൃദയങ്ങളില്‍ ഇടം ഉറപ്പുവരുത്തി. 'മേരെ സപ്‌നോം കീ റാണി' എന്ന ആരാധനയിലെ പാട്ട് ഇന്നും ഒരു ഹിറ്റാണ്.
1971-ലെ ബോളിവുഡ് സൂപ്പര്‍ ഹിറ്റുകളിലൊന്നായ 'ഹാത്തി മേരി സാത്തി' കേരളത്തിലും തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു. രാജേഷ്ഖന്ന-മുംതാസ് ജോഡിയും തരംഗമായിരുന്നു. കടുത്ത താരാരാധന ബോളിവുഡ്ഡില്‍ തുടക്കമിട്ടത് രാജേഷ് ഖന്നയോടുള്ള പ്രണയങ്ങളുടെ രൂപത്തിലായിരുന്നു. താരപഠനങ്ങളുടെയും തുടക്കം രാജേഷ്ഖന്നയുടെ കരിസ്മയുടെ പഠനത്തിന്റെ രൂപത്തിലായിരുന്നു. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ അത് പഠനവിഷയമായി. അനശ്വരതാരം ഗുരുദത്ത് ആയിരുന്നു ഖന്നയുടെ റോള്‍മോഡല്‍.