ഈ പാട്ടും നടന്‍ സലീംകുമാറുമായുള്ള 'അവിഹിതബന്ധം....' അത് 'ചേക്കിലെ മൈല്‍ക്കുറ്റികള്‍ക്കുവരെ അറിയാം...!' പക്ഷേ താന്‍ കട്ടെടുത്തത് ജില്ലാ ജഡ്ജിന്റെ മുതലായിരുന്നെന്ന സത്യം അറിഞ്ഞപ്പോള്‍ സലീംകുമാറൊന്ന് ഞെട്ടി. എന്തായാലും 'കക്ഷി' നിരപരാധിയാണെന്ന് ജഡ്ജി തന്നെ സാക്ഷ്യപ്പെടുത്തിയതോടെ വര്‍ഷങ്ങള്‍ നീണ്ട തെറ്റിദ്ധാരണയ്ക്ക് വിരാമമായി.
കലോത്സവ വേദികളിലടക്കം താന്‍ പാടിനടന്ന് ഹിറ്റാക്കിയ 'കള്ളന്‍' കവിതയുടെ യഥാര്‍ഥ ഉടമസ്ഥനെ സലീംകുമാര്‍ കഴിഞ്ഞ മാസമാണ് തിരിച്ചറിഞ്ഞത് - മുന്‍ ജില്ലാജഡ്ജിയും ഇപ്പോള്‍ സംസ്ഥാന എസ്.സി./എസ്.ടി കമ്മീഷന്‍ ചെയര്‍മാനുമായ പി.എന്‍. വിജയകുമാറാണ് കവി.
ഒരു പാട്ടിന്റെയും അതിനു പിന്നിലെ, പതിറ്റാണ്ടുകള്‍ വൈകിയുള്ള വെളിപ്പെടുത്തലിന്റെയും കഥയാണിത്.
സര്‍വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായി, ഒന്നാംസ്ഥാനം നേടിക്കൊടുത്തതുള്‍പ്പെടെ സലീംകുമാറിന്റെ മാസ്റ്റര്‍പീസ് അവതരണമായ 'കള്ളന്‍' എന്ന കവിതയാണ് കഥയിലെ നായകന്‍. പലരും 'കട്ടുകൊണ്ടുപോയി' പാടി ഹിറ്റാക്കിയ 'കള്ളന്റെ' രചയിതാവ് ഇതാദ്യമായി വെളിച്ചത്തുവരുമ്പോള്‍ സലീംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടി. മുന്‍ ജില്ലാജഡ്ജിയും ഇപ്പോള്‍ എസ്.സി/എസ്.ടി. കമ്മീഷന്‍ ചെയര്‍മാനുമായ പി.എന്‍. വിജയകുമാറാണ് പരിഭവമൊന്നുമില്ലാതെ, ഇത് തന്റെ കവിതയാണെന്ന് പറഞ്ഞുപോകുന്നത്.
അയ്യപ്പപണിക്കരുടെ കവിത എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സലീംകുമാറും ഈ പാട്ടിന്റെ അവതരണവുമായി വേദികള്‍ കീഴടക്കിയത് ('കള്ളന്‍' എന്ന ഇരട്ടപ്പേരുവരെ വീണു സലീംകുമാറിന്) . ഒടുവില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം കവിയെ തിരിച്ചറിഞ്ഞപ്പോള്‍ സലീമിനും ചമ്മല്‍. 'ഐ ആം ദ സോറി'യെന്നു പറഞ്ഞ് ഒഴിയാതെ സീരിയസായിത്തന്നെ സലീം പശ്ചാത്തപിച്ചു.
സലീംകുമാര്‍ മാത്രമല്ല, കലോത്സവങ്ങളും കാമ്പസുകളുമൊക്കെ പതിറ്റാണ്ടുകളോളം പാടിനടന്ന 'കള്ളന്' പിന്നിലെ കവി പക്ഷേ ഇക്കാലമത്രയും അജ്ഞാതനായിരുന്നു. ജയരാജ് വാര്യര്‍ ഉള്‍പ്പെടെ 'കള്ളനെ' 'മോഷ്ടിച്ച'വരൊക്കെ വേദികളില്‍ ഹീറോകളാവുകയും ചെയ്തു. അയ്യപ്പപണിക്കര്‍, ഓമല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിങ്ങനെയൊക്കെ കവിതയുടെ പിതൃത്വം തെറ്റിപ്പോകുന്നത് വിജയകുമാര്‍ അറിഞ്ഞിരുന്നു. പക്ഷേ ഒരു ജുഡീഷ്യല്‍ ഓഫീസറായതിനാല്‍ പരസ്യമായി പ്രതികരിക്കാനാകാതെ മിണ്ടാതിരുന്നു. തനിക്ക് ഒരുകാലത്ത് ഏറ്റവുമധികം ആരാധകരെ നേടിത്തന്ന 'കള്ളന്റെ' യഥാര്‍ഥ രചയിതാവിനെ തിരിച്ചറിഞ്ഞതിന്റെ ചമ്മലും സന്തോഷവുമുണ്ട് സലീംകുമാറിന്.
കലോത്സവ വേദികളിലും മറ്റും തന്നെ ജനപ്രിയനാക്കിയ കവിയോട് വൈകിയെങ്കിലും സലീംകുമാര്‍ നന്ദി പറയുകയാണ്. 'നന്ദി മാത്രേ ഉള്ളല്ലേ'യെന്ന് ചോദിക്കണ്ട; 'കള്ളന്‍' വീണ്ടും അവതരിപ്പിച്ചുകൊണ്ട് വിജയകുമാര്‍ സാറിനോട് ക്ഷമ ചോദിക്കാനുള്ള തയാറെടുപ്പിലാണ് സലീംകുമാര്‍. തന്റെ 32-ാം വയസ്സില്‍ കുന്നംകുളത്ത് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ആയിരുന്ന കാലത്താണ് പി.എന്‍. വിജയകുമാര്‍ ഈ കവിത എഴുതുന്നത്. മലപ്പുറത്തെ ഒരു ചെറുപ്രസിദ്ധീകരണത്തില്‍ അടിച്ചുവന്നു. പിന്നീട് കവിതാസമാഹാരമൊക്കെ ഇറങ്ങിയെങ്കിലുംഅതിനുമുന്‍പേ പലരും 'കള്ളനെ' കട്ടുകൊണ്ടുപോയി ഹിറ്റാക്കി.
ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ താളത്തില്‍ ചൊല്ലാനും അവതരിപ്പിക്കാനുമൊക്കെ പറ്റിയ കവിത കലോത്സവവേദികളിലൂടെയാണ് ഹിറ്റാകുന്നത്. 1995 ഫിബ്രവരിയില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന എം. ജി. സര്‍വകലാശാല കലോത്സവത്തില്‍ മോണോആക്ട് രൂപത്തില്‍ 'കള്ളനെ' അവതരിപ്പിച്ചുകൊണ്ടാണ് സലീംകുമാര്‍ ഒന്നാം സ്ഥാനം നേടിയത്. പിന്നീട് ഏതുവേദിയിലും സലീംകുമാറിന്റെ പകരംവെക്കാനില്ലാത്ത നമ്പറായി ഇതുമാറി. ക്യാമ്പസിനു പുറത്തും സലീംകുമാര്‍ ഈ പാട്ടിനെ ഹിറ്റാക്കി. ബോറായിപ്പോകേണ്ട പല വേദികളിലും തന്നെരക്ഷപ്പെടുത്തിയത് 'കള്ളനാ'യിരുന്നുവെന്ന് സലീംകുമാര്‍ ഓര്‍ക്കുന്നു. മഹാരാജാസിലടക്കം ഒരേവേദികളില്‍ത്തന്നെ ആരാധകരുടെ ആവശ്യപ്രകാരം 'കള്ളന്‍' വീണ്ടുംവീണ്ടും എത്തി.
തമാശരൂപത്തില്‍ തുടങ്ങി താളത്തില്‍ നീങ്ങുന്ന കവിത പതിയെ ആധുനിക ജീവിതത്തിലെ സ്വാര്‍ഥതകളെയടക്കം സീരിയസായി കളിയാക്കുന്നു. കുട്ടിക്കാലത്തില്‍ തുടങ്ങിയ 'കള്ളാ' എന്ന സ്‌നേഹവിളി ജീവിതത്തിനൊപ്പം നീങ്ങുകയാണ് കവിതയില്‍. 'അമ്മിഞ്ഞപ്പാലു കുടിക്കുന്ന കുഞ്ഞിനെ അമ്മ വിളിക്കുന്നു കള്ളന്‍' - അവിടെ തുടങ്ങുന്ന കള്ളനെന്ന പേര്. 'ഇഷ്ടംവരുമ്പോഴുമിഷ്ടക്കേടായാലും അമ്മ വിളിക്കുന്നു കള്ളന്‍'. കുട്ടി വളര്‍ന്നപ്പോള്‍ 'അച്ഛനോടമ്മിണി ടീച്ചര്‍ പറഞ്ഞു പഠിക്കാന്‍ മിടുക്കനീ കള്ളന്‍' . പിന്നീട് കണ്ണില്‍ കവിത നുകരുമ്പോള്‍ 'കാമുകി കാതില്‍ പറഞ്ഞു കള്ളന്!' .