സിനിമയുടെ ആവേശം മാത്രം ഊര്‍ജമാക്കി ജീവിച്ച 'പപ്പന്റെ' ഓര്‍മകള്‍ നല്‍കിയ നൊമ്പരവും ഒരു നാടിനെയാകെ മോഹിപ്പിച്ച'പെണ്ണി'ന്റെ ചിരിയും കലാഭവനില്‍ ഒരുമിച്ചു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സി.പി. പദ്മകുമാറിനെ അനുസ്മരിക്കാനായി ചേര്‍ന്ന കൂട്ടായ്മയാണ് ഓര്‍മകളിലൂടെയും സ്‌ക്രീനിലൂടെയും സിനിമയുടെ സമ്പന്ന കാലത്തിലേക്ക് മടക്കയാത്ര നടത്തിയത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പ്രിയ സുഹൃത്ത് പപ്പനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നേടിയ പദ്മകുമാറിന്റെ പ്രശസ്ത ചിത്രം 'സമ്മോഹന'ത്തിന്റെ പ്രദര്‍ശനവും നടന്നു.
പ്രശസ്തിയേക്കാള്‍ പ്രതിബദ്ധതയ്ക്ക് മുന്‍ഗണന നല്‍കിയ വ്യക്തിയായിരുന്നു പദ്മകുമാറെന്ന് അടൂര്‍ പറഞ്ഞു. കച്ചവട സിനിമയ്ക്ക് പിന്നാലെ പോകാതെ സ്വന്തം ശൈലിയില്‍ മാത്രം സിനിമകള്‍ ചെയ്ത് അദ്ദേഹം ആവേശം കൊണ്ടിരുന്നു. സിനിമ എന്ന ആവേശത്തില്‍ സ്വന്തം ജീവിതം അര്‍പ്പിച്ച അപൂര്‍വം പ്രതിഭകളിലൊരാളായിരുന്നു. പപ്പന്‍ ഇഷ്ടപ്പെടാത്തവരോ പപ്പനെ ഇഷ്ടപ്പെടാത്തവരോ ആയി ആരും ഉണ്ടായിരുന്നില്ലെന്നും അടൂര്‍ അനുസ്മരിച്ചു. നെടുമുടിവേണു, ഷാജി എന്‍.കരുണ്‍, ഹരികുമാര്‍, എം.ജെ. രാധാകൃഷ്ണന്‍, വി.ആര്‍. ഗോപിനാഥ് തുടങ്ങിയവരൊക്കെ ഓര്‍മകള്‍ പങ്കുവെച്ചു.
തുടര്‍ന്ന് 'സമ്മോഹന'ത്തിന്റെയും അവസാന ഡോക്യുമെന്ററിയായ 'മാന്‍ഗ്രോവ്‌സ് ഓഫ് മലബാറി'ന്റെയും പ്രദര്‍ശനം നടന്നു. ദേശീയ-സംസ്ഥാന അവാര്‍ഡുകളും എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവെല്‍ പുരസ്‌കാരവുമടക്കം നേടിയിട്ടുള്ള 'സമ്മോഹനം' കലാഭവനിലെ നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദര്‍ശിപ്പിച്ചത്. ആരെയും വശീകരിക്കുന്ന സൗന്ദര്യവുമായി പെണ്ണ് എന്ന പ്രധാനകഥാപാത്രം വീണ്ടും കാണികള്‍ക്ക് ആവേശമായി. മുരളി, നെടുമുടിവേണു, അര്‍ച്ചന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ പ്രദര്‍ശനം മലയാള സിനിമയുടെ പുഷ്‌കലകാലത്തിലേക്കുള്ള മടക്കയാത്ര കൂടിയായി.