ആ സ്‌നേഹത്തണലില്‍

posted on:

19 Nov 2011

വേണുനാഗവള്ളി ഓര്‍മകളുമായി ഭാര്യ മീര...

വേണുച്ചേട്ടനെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ വിഷാദഭാവം തോന്നുമെങ്കിലും വളരെ പ്രസന്നമായ വ്യക്തിത്വമായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനുശേഷം അദ്ദേഹത്തിന് ആകാശവാണിയില്‍ അവധിയുള്ള എല്ലാ ബുധനാഴ്ചകളിലും ഞങ്ങള്‍ സംസാരിക്കും. പ്രകടന പരതയില്‍ ഒട്ടും വിശ്വാസമില്ലാത്ത ആളായിരുന്നു അദ്ദേഹം. അതേ സമയം നല്ല സരസനുമായിരുന്നു. പത്ത് കാര്യങ്ങള്‍ പറയേണ്ടിടത്ത് ചിലപ്പോള്‍ ഒരു വാക്കൊക്കെ പറഞ്ഞുകളയും. പക്ഷെ കാര്യങ്ങള്‍ വ്യക്തമാകാന്‍ അത് മതിയായിരുന്നു.

ആള്‍സെയിന്റ്‌സ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കാനാണ് ഞാന്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത്. ശാസ്തമംഗലത്ത് കുഞ്ഞമ്മയുടെ വീട്ടിലായിരുന്നു താമസം. ഒരു ബന്ധുമുഖേനയാണ് വിവാഹാലോചന വന്നത്. അച്ഛനും അ മ്മയും വന്ന് ഇഷ്ടപ്പെട്ട ശേഷമാണ് അദ്ദേഹം പെണ്ണുകാണാന്‍ വന്നത്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സംഭവവും എനിക്ക് പറഞ്ഞുതന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അന്ന് അദ്ദേഹം 'ചോറ്റാനിക്കര അമ്മ'യില്‍ ശങ്കരാചാര്യര്‍ക്ക് ശബ്ദം നല്‍കിയിരുന്നു. 78 നവംബര്‍ 16 നായിരുന്നു കല്യാണം. കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ ഉള്‍ക്കടലിലെ രാഹുലനാവാന്‍ ക്ഷണം ലഭിച്ചു. ഡിസംബര്‍ 16ന് ആദ്യമായി മേക്കപ്പിട്ടു.

ലൊക്കേഷന്‍ തിരുവനന്തപുരത്തായതുകൊണ്ട് ഞാനും പോയി. നടി ശോഭയെ പരിചയപ്പെട്ടു. പിന്നെ ഞങ്ങള്‍ നല്ല കൂട്ടായി. വേണുവിലെ നടനെ പ്രോത്സാഹിപ്പിക്കണമെന്ന് ശോഭ പറയും. വേണുച്ചേട്ടന് അനിയത്തിയെപോലെയായിരുന്നു ശോഭ. 'ശാലിനി എന്റെ കൂട്ടുകാരി'യെന്ന അടുത്ത സിനിമയിലും ശോഭയുണ്ടായിരുന്നു. ആ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മകന്റെ ഫോട്ടോ അയച്ചുതരണമൊന്നൊക്കെ ശോഭ പറഞ്ഞിരുന്നു. കോഴിക്കോട്ട് നിന്ന് ട്രെയിന്‍ കയറി പോകുമ്പോള്‍ ശോഭ ആംഗ്യത്തിലൂടെ ഇത് ഓര്‍മ്മപ്പെടുത്തി. സിനിമ പുറത്തുവന്ന് നാലാഴ്ചയ്ക്കകം ശോഭയുടെ മരണവാര്‍ത്തയെത്തി. അദ്ദേഹവും ഞാനും ഏറെ വിഷമിച്ചു.

നല്ല നിരീക്ഷകനായിരുന്നു അദ്ദേഹം. 'സുഖമോ ദേവി' തിരക്കഥ എഴുതുന്ന സമയത്ത് അദ്ദേഹം പറഞ്ഞു. ''മനുഷ്യര്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയാവണം സിനിമയിലും വരേണ്ടത്''. 'സുഖമോ ദേവി'യുടെ രചനാവേളയില്‍ വീട്ടില്‍ ഒരു സൂചി വിണാല്‍ കേള്‍ക്കാമായിരുന്നു. എഴുതുന്ന സമയത്ത് ശബ്ദം കേള്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ചായ വേണമെങ്കില്‍ ആംഗ്യം കാണിക്കും. എഴുത്തുകഴിഞ്ഞാല്‍ പഴയപടിയാകും.വിഷാദഭാവം തോന്നുന്നതുകൊണ്ടാവാം അദ്ദേഹത്തിന് കിട്ടിയ റോളുകള്‍ അധികവും അത്തരത്തിലുള്ളതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സുഹദ് സംഘത്തിന്റെയിടയില്‍ ആളെ കണ്ടാല്‍ നേരത്തെ കണ്ട ആളാണോ ഇതെന്ന് സംശയം തോന്നും. കിലുക്കവും, ഏയ് ഓട്ടോയുമൊക്കെ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മം കൂടി എടുത്തുചേര്‍ത്തിരുന്നു.

കുടുംബത്തോടും സുഹൃത്തുക്കളോടും അങ്ങേയറ്റത്തെ പ്രതിബദ്ധത കാട്ടിയിരുന്നു. ചെറിയാച്ചന്റെ (ചെറിയാന്‍ കല്പകവാടി) അച്ഛന്‍ വര്‍ഗീസ് വൈദ്യനും അമ്മച്ചിയുമൊക്കെ അദ്ദേഹത്തെ 'വേണുച്ചേട്ടാ' എന്നേ വിളിച്ചിരുന്നുള്ളൂ. വേണുവിന്റെ അച്ഛനും ചെറിയാച്ചന്റെ അപ്പനും സുഹൃത്തുക്കളായിരുന്നു. എന്നാലും വേണുവിനോട് അവര്‍ക്കത്രയും ആദരവായിരുന്നു. കൂടെ പഠിച്ച റെയില്‍വേ പോര്‍ട്ടര്‍മാര്‍ സ്റ്റേഷനില്‍ വെച്ച് കണ്ടാല്‍ സാറെന്ന് വിളിക്കും. അദ്ദേഹത്തിന് ഇതില്‍പ്പരം ദേഷ്യം വേറെയില്ല. ''എന്താടാ നീയെന്നെ വിളിച്ചത്?'' അദ്ദേഹം ചീറിയടുക്കും. പേര് വിളിപ്പിച്ചിട്ടേ മടങ്ങൂ.

ഞങ്ങള്‍ പി. ടി. പി. നഗറില്‍ താമസിക്കുമ്പോള്‍ കുറേ പൂച്ചകളായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാര്‍. അവയെ ഓമനിക്കുകയായിരുന്നു ഹോബി. അവയ്ക്ക് ഭക്ഷണം കുഴച്ചുകൊടുക്കും. ഞങ്ങള്‍ പി. ടി. പി. നഗറില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് മാറിയപ്പോള്‍ പൂച്ചകളെ കൂടെ കൂട്ടേണ്ട എന്നാണ് ആദ്യം വിചാരിച്ചത്. ഞങ്ങളുടെ വീടുമാറ്റം കഴിഞ്ഞ് തൊട്ടടുത്ത ദിവസം രാവിലെ നോക്കുമ്പോള്‍ എല്ലാ പൂച്ചകളും മുറ്റത്ത് ഹാജര്‍.

കൂട്ടത്തില്‍ 'നന്നു' എന്ന് പേരിട്ട ഒരു പൂച്ചയുണ്ടായിരുന്നു. ഭക്ഷണം കൊടുത്താല്‍ മറ്റുപൂച്ചകള്‍ കടിപിടി കൂടുമ്പോള്‍ നന്നു മാറിനില്‍ക്കും. ബഹളത്തിലാന്നും അവന്‍ ഭക്ഷണം കഴിക്കില്ല. അതിഥികള്‍ വന്നാല്‍ എല്ലാവരും കൂടെയിരുന്ന് സംസാരിക്കുമ്പോള്‍ നന്നു കയറി ഗമയില്‍ അദ്ദേഹത്തിന്റെ മടിയിലിരിക്കും. ഞാനും 'ഈ വീട്ടിലെ അംഗമാ' എന്നതാണ് അവന്‍ പറയുന്നതെന്ന് അദ്ദേഹം പറയും.
പി.ടി.പി. നഗറിലെ വീട്ടില്‍ അദ്ദേഹം ഗീതാദത്തിന്റെ പാട്ടുകള്‍ ഇടുമ്പോള്‍ കാറ്റില്ലെങ്കിലും ആടുന്ന ഒരു ചെടിയുണ്ടായിരുന്നു. പുതിയ ഫ്ലാറ്റില്‍ വന്നപ്പോള്‍ അദ്ദേഹം ഓമനിച്ചിരുന്ന ഒരു ചെടി അദ്ദേഹത്തിന്റെ മരണശേഷം പാതി കരിഞ്ഞുപോയി.

വളരെ സെന്‍സിറ്റീവായ എഴുത്തുകാരനായിരുന്നു അദ്ദേഹം. നേരിട്ട് ബോധ്യമായ കാര്യങ്ങളില്‍ ചിലപ്പോള്‍ ക്ഷോഭം അടക്കിവെക്കാന്‍ കഴിയാതെ അദ്ദേഹം ഒരു 'വോള്‍ക്കാനോ' പോലെയാവും. ബിസ്മില്ലാഖാന്റെ ഷഹനായി കേള്‍ക്കുമ്പോള്‍ ശാന്തമായ ഒരു കടല്‍ അദ്ദേഹത്തിന്റെ മുഖത്തുകാണാം. പര്‍വീണ സുല്‍ത്താനയുടെ ഗസലുകളായിരുന്നു മറ്റൊരിഷ്ടം.
 1 2 NEXT