ഭൂപന്‍: ഇന്ത്യ നെഞ്ചേറ്റിയ കിഴക്കിന്റെ സംഗീതം

posted on:

06 Nov 2011

''ഭൂപന്‍; നിങ്ങളുടെ ഗാനങ്ങള്‍ക്ക് ചിത്രങ്ങളുടെ ചാരുതയുണ്ട്, എന്നാല്‍ എന്റെ ബ്രഷിന് പാടാനാവില്ലല്ലോ'' അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ എം. എഫ്. ഹുസൈന്റെ ഈ വാക്കുകള്‍ ഭൂപന്‍ ഹസാരിക തന്റെ ഹൃദയത്തില്‍ ഒരപൂര്‍വരാഗംപോലെ സൂക്ഷിച്ചു. പത്താംവയസ്സില്‍ ആദ്യഗാനത്തിലടെ ശ്രദ്ധേയനാവുകയും 12-ാംവയസ്സില്‍ ഇന്ത്യയിലെ രണ്ടാമത്തെ സംസാരിക്കുന്ന ചലച്ചിത്രമായ 'ഇന്ദ്രമാലതി'യില്‍ ചലച്ചിത്രരംഗത്തെത്തുകയും ചെയ്ത ആ പ്രതിഭ തന്റെ ജീവിതത്തില്‍ ലഭിച്ച മികച്ച അംഗീകാരമായി ഈ വാക്കുകളെ നെഞ്ചിലേറ്റി.

ഗോത്രസംഗീതമാണ് തന്‍േറതെന്ന് പ്രഖ്യാപിച്ച ഭൂപന്റെ ഗാനങ്ങള്‍ മാറ്റത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നവയായിരുന്നു. പുതിയ അസമും ഇന്ത്യയും പടുത്തുയര്‍ത്തുന്നതെക്കുറിച്ചായിരുന്നു ആദ്യഗാനമെങ്കില്‍ സ്വാതന്ത്ര്യസമരവും വര്‍ണവിവേചനത്തിന്റെ വേദനയും പിന്നീട് അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു. ഇതാവാം കറുത്തവന്റെ കണ്ഠമായി അറിയപ്പെട്ട പോള്‍ റോബ്‌സണോടൊത്ത് അമേരിക്കയില്‍ പാടാന്‍ അദ്ദേഹത്തിന് അവസരമുണ്ടാകാനുള്ള കാരണവും. റോബ്‌സണിന്റെ പ്രശസ്തമായ 'ഓള്‍ഡ് മാന്‍ റിവര്‍...'' എന്ന ഗാനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അദ്ദേഹം രചിച്ച 'ഓ ഗംഗാ ബേട്ടി ഹോ' എന്ന ഗാനം ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി.

അസമില്‍ മാത്രം ആയിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം ഹിന്ദി, അസം, ബംഗാളി ഭാഷകളിലായി 120 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. കൂട്ടുകാരി കല്‍പ്പന ലജ്മിയുടെ 'ക്യോം' എന്ന ചിത്രത്തിന് 2003ല്‍ സംഗീതം നല്‍കുമ്പോള്‍ ഭൂപന്‍ ഹസാരികയ്ക്ക് വയസ്സ്

77. ഇതുവഴി തന്റെ സംഗീതത്തിന് പ്രായമാകുന്നില്ലെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം.

ആരായിരുന്നു ഭൂപന്‍ ഹസാരിക? ഒറ്റവാക്കില്‍ ഉത്തരം പറയാനാവാത്ത ചോദ്യം. കവി, സംഗീതജ്ഞന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, ചലച്ചിത്രനിര്‍മാതാവ്, രാഷ്ട്രീയപ്രവര്‍ത്തകന്‍ അദ്ദേഹം വ്യാപരിക്കാത്ത മേഖലകള്‍ വിരളം.

കവിത, ലേഖനം, യാത്രാവിവരണം തുടങ്ങിയ മേഖലകളിലായി 15 പുസ്തകങ്ങള്‍. അമര്‍ പ്രതിനിധി, പ്രതിധ്വനി മാസികകളുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തനം. ഭൂപന്റെ സാഹിത്യസംഭാവനകള്‍ ഇവിടെ തുടങ്ങുന്നതേയുള്ളൂ. മെഗാ സീരിയലും തനിക്കു വഴങ്ങുമെന്ന് 'ഡോണി'ലൂടെ തെളിയിച്ച അദ്ദേഹത്തിന്റെ സംഭാവനകളില്‍ കനപ്പെട്ടത് വടക്കുകിഴക്കന്‍ ഇന്ത്യയെക്കുറിച്ചുള്ള 'ഗ്ലിംപ്‌സ് ഓഫ് ദി മിസ്റ്റി ഈസ്റ്റ്' എന്ന 18 ഭാഗങ്ങളുള്ള ഡോക്യുമെന്‍ററിയായിരുന്നു.

രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും മാസ് കമ്യൂണിക്കേഷനില്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ ഭൂപന്‍ ഹസാരികയെത്തേടി പദ്മശ്രീ (1977), പദ്മഭൂഷണ്‍ (2001) പുരസ്‌കാരങ്ങളുമെത്തി.

സലീല്‍ ചൗധരിക്കും ബല്‍രാജ് സാഹ്നിക്കുമൊപ്പം ഇന്ത്യന്‍ പീപ്പിള്‍ തിയേറ്ററില്‍ ഇടതുപക്ഷ സഹയാത്രികനായെത്തിയ ഭൂപന് രാഷ്ട്രീയം പുതിയ മേച്ചില്‍പ്പുറമായിരുന്നില്ല. 1967-ല്‍ സ്വതന്ത്രനായി അസം നിയമസഭാതിരഞ്ഞടുപ്പില്‍ മത്സരിച്ചുവിജയിച്ച അദ്ദേഹം തനിക്ക് വലിയ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കി. ഇക്കാരണത്താലാണ് ' ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ 20 കൊല്ലക്കാലം ആരാലും ചോദ്യംപ്പെടാതെ എനിക്ക് ഭരിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞത്. പിന്നീട് ബി.ജെ.പി.യുടെ ലാവണത്തിലെത്തിയ ഭൂപന്‍ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുവാഹാട്ടിയില്‍ മത്സരിച്ചു പരാജയപ്പെട്ടത് വിധിവൈപരീത്യം.

സിനിമയില്‍ സംഗീതം മാത്രമായിരുന്നില്ല ഭൂപന്റെ വഴി. ഇറാ ബാതര്‍ സുര്‍, ശകുന്തള, ലോട്ടി ഘോട്ടി, പ്രതിധ്വനി, ചിക്ക് മിക്ക് മിജുലി, സ്വീകരോക്തി, സിറാജ് എന്നീ അസമീസ് ചിത്രങ്ങളില്‍ സംഗീതസംവിധാനവും ആലാപനവും നിര്‍വഹിച്ചതിനുപുറമെ, ഈ ചിത്രങ്ങള്‍ നിര്‍മിച്ച് സംവിധാനംചെയ്തതും ഭൂപനാണ്. ഹിന്ദിയില്‍ സാസ്, ദമന്‍, മില്‍ ഗയി മന്‍സില്‍ മുജെ, ഗജ ഗാമിനി, രുദാലി, ക്യോം എന്നീ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. 1977-ല്‍ അരുണാചല്‍പ്രദേശിലെ ആദ്യ ഹിന്ദി കളര്‍ ചലച്ചിത്രം നിര്‍മിച്ച് സംവിധാനംചെയ്തതും ഭൂപന്റെ മറ്റൊരു നിയോഗം. ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഫിലിംസ്റ്റുഡിയോ അസമില്‍ നിലവില്‍ വന്നത് ഭൂപന്‍ നിയമസഭാംഗമായിരുന്നപ്പോഴായിരുന്നു.