കുന്നിമണിച്ചെപ്പു തുറന്ന്‌

രവിമേനോന്‍

 

posted on:

19 Aug 2011


സ്വന്തം പേര് സിനിമാപോസ്റ്ററില്‍ അച്ചടിച്ചുകണ്ട് ഞെട്ടിപ്പോയിട്ടുണ്ട് ജോണ്‍സണ്‍ - എണ്‍പതുകളില്‍. സിനിമയിലെ റീ റെക്കോഡിങ് തിരക്കുകളുമായി ചെന്നൈയിലാണ് അന്ന് ജോണ്‍സണ്‍. മൂന്നു നാലു പടങ്ങള്‍ക്കു ഗാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും രംഗത്ത് ഉറച്ചുനില്‍ക്കണോ എന്നു തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പാംഗ്രോവ് ഹോട്ടലില്‍നിന്ന് സ്റ്റുഡിയോയിലേക്കുള്ള പതിവുയാത്രയ്ക്കിടെ ഒരുനാള്‍ റോഡരികിലെ മതിലില്‍ പതിച്ച സില്‍ക്ക് സ്മിതയുടെ മാദകത്വമാര്‍ന്ന പോസ്റ്റര്‍ ജോണ്‍സന്റെ കണ്ണില്‍പ്പെടുന്നു. പടത്തിന്റെ പേര് 'സില്‍ക്ക് ബൈ നൈറ്റ്'. തെന്നിന്ത്യ മുഴുവന്‍ സില്‍ക്ക് ജ്വരം കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ അത്ഭുതമൊന്നും തോന്നിയില്ല. ഞെട്ടിപ്പോയത് പോസ്റ്ററിന്റെ താഴെ തമിഴില്‍ അച്ചടിച്ചിരുന്ന പേരു കണ്ടപ്പോഴാണ്. 'മ്യൂസിക്: ജാണ്‍സണ്‍'.

സ്വപ്നത്തില്‍പ്പോലും അത്തരമൊരു പടത്തിനു താന്‍ സംഗീതം നല്‍കിയിട്ടില്ലെന്ന് ഉറപ്പായിരുന്നു ജോണ്‍സണ്. ജോലിയിലെ എത്തിക്‌സ് പണയപ്പെടുത്തിയുള്ള കളി അന്നും ഇന്നുമില്ല. പിന്നെ, ഇതാരാണീ പുതിയ 'ജാണ്‍സണ്‍'?

മറ്റാരെങ്കിലുമാവുമെന്ന് സമാധാനിച്ച് നടന്നുനീങ്ങവെയാണ് പടത്തിന്റെ സംവിധായകന്റെ പേര് കണ്ണില്‍പ്പെടുന്നത്, ആന്റണി ഈസ്റ്റ്മാന്‍.

ഇത്തവണ ജോണ്‍സണ് സംഗതി പിടികിട്ടി. താന്‍ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച 'ഇണയെത്തേടി' എന്ന മലയാള ചിത്രമാണ് 'സില്‍ക്ക് ബൈ നൈറ്റ്' ആയി വേഷം മാറി തമിഴ് ജനതയെ പുളകംകൊള്ളിക്കാന്‍ എത്തിയിരിക്കുന്നത്. ലോക ക്ലാസിക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മഹത്തായ ചലച്ചിത്ര സങ്കല്പങ്ങളുമായി പടംപിടിക്കാനിറങ്ങിയ ഈസ്റ്റ്മാന്റെ കന്നിച്ചിത്രത്തിനു വന്നുപെട്ട 'ഗതികേടോര്‍ത്ത് തലയ്ക്കു കൈവെച്ചുപോയി ജോണ്‍സണ്‍. സിനിമയ്ക്ക് ഇങ്ങനെയും ഒരു മുഖമോ?

സിനിമാലോകത്തിന്റെ നെറികെട്ട വഴികളെക്കുറിച്ച് കൂടുതല്‍ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ജോണ്‍സണ്‍. അറിഞ്ഞുവരുന്തോറും സിനിമയോട് സുരക്ഷിതമായ ഒരകലം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു അദ്ദേഹം. എന്തു ഫലം? അപ്പോഴേക്കും താന്‍പോലുമറിയാതെ സിനിമയുടെ ഭാഗമായി ജോണ്‍സണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. 'സിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കൊത്ത് ജീവിച്ചുപോകാന്‍ വളരെയേറെ നീക്കുപോക്കുകള്‍ ആവശ്യമായിരുന്നു. സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു ശീലിച്ചിട്ടില്ലാത്ത എന്നെപ്പോലൊരാള്‍ക്ക് പറ്റിയ മേഖലയല്ല ഇതെന്നു മനസ്സിലാക്കിത്തുടങ്ങിയത് കുറച്ചു വൈകിയാണ്. തിരിച്ചു നാട്ടില്‍ച്ചെന്ന് മറ്റേതെങ്കിലും തൊഴില്‍ ചെയ്തു ജീവിച്ചാലോ എന്നുവരെ ചിന്തിച്ചുപോയ ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ അത്രയും കടുത്തതായിരുന്നു...'

പക്ഷേ, ജോണ്‍സണ്‍ തിരിച്ചുപോയില്ല. മലയാളസിനിമയുടെ സുകൃതം. മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ഈ തൃശ്ശൂര്‍ക്കാരന്‍ സൃഷ്ടിച്ച ഈണങ്ങളെ ഒഴിച്ചുനിര്‍ത്തി നമ്മുടെ സിനിമാ ചരിത്രമെഴുതാന്‍ ആര്‍ക്കു കഴിയും? മുഖ്യധാരാ സിനിമ മാത്രമായിരുന്നില്ല ജോണ്‍സന്റെ തട്ടകമെന്നുമോര്‍ക്കണം. സമാന്തര സിനിമയിലും 'ആര്‍ട്ട്' സിനിമയിലുമെല്ലാം ജോണ്‍സന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. പശ്ചാത്തല സംഗീതത്തെക്കുറിച്ചുള്ള എത്രയെത്ര മിഥ്യാധാരണകളാണ് അദ്ദേഹം തിരുത്തിയെഴുതിയത്! രണ്ടു തവണ ദേശീയ അവാര്‍ഡ് ജോണ്‍സണു നേടിക്കൊടുത്തതും പശ്ചാത്തലസംഗീത സംവിധാനത്തിലെ ഈ മികവുതന്നെ. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തില്‍ തുടങ്ങുന്നു റീറെക്കോഡിങ്ങില്‍ ജോണ്‍സന്റെ അശ്വമേധം. അതുകഴിഞ്ഞ് തകരയും ചാമരവും. ദേവരാജന്‍, അര്‍ജുനന്‍, എ.ടി.ഉമ്മര്‍ എന്നിവരുടെ ഓര്‍ക്കസ്ട്ര അസിസ്റ്റന്റ് എന്ന റോളിലും തിരക്കായിരുന്നു അക്കാലത്ത് ജോണ്‍സണ്.

ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്, 1970-കളുടെ ഒടുവില്‍ ചിത്രീകരിച്ച് 81-ല്‍ പുറത്തിറങ്ങിയ 'ഇണയെത്തേടി'യിലാണ്. ജോണ്‍സന്റെ എന്നപോലെ സില്‍ക്ക് സ്മിതയുടെയും അരങ്ങേറ്റചിത്രമായിരുന്നു ഇണയെത്തേടി എന്നൊരു പ്രത്യേകതയമുണ്ട്. വെട്ടിത്തിളങ്ങുന്ന ഗ്ലാമറിന്റെ പാതയിലൂടെയുള്ള സ്മിതയുടെ പ്രയാണം ചെന്നവസാനിച്ചത് അവരുടെ ദുരന്തമരണത്തിലാണ്. ജോണ്‍സനാകട്ടെ, അനിവാര്യമായ മരണത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന മലയാള ചലചിത്രസംഗീതത്തിനു മെലഡിയുടെ ഇന്ദ്രജാലസ്പര്‍ശത്താല്‍ പുതുജീവന്‍ പകര്‍ന്നു. സിനിമാഗാനങ്ങളില്‍ കാവ്യാംശത്തിനു പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു.

യാദൃച്ഛികമായാണ് 'ഇണയെത്തേടി'യില്‍ എത്തിപ്പെടുന്നത്. കര്‍പ്പകം സ്റ്റുഡിയോയില്‍ ഒരു പടത്തിന്റെ റീറെക്കോഡിങ് തിരക്കുകള്‍ക്കിടെ രണ്ടുപേര്‍ ജോണ്‍സണെ കാണാനെത്തുന്നു. അരവിന്ദേട്ടനാണ് ഒരാള്‍- സിനിമക്കാര്‍ക്കെല്ലാം വേണ്ടപ്പെട്ട പ്രൊഡക്ഷന്‍ മാനേജര്‍. ഒപ്പമുള്ളയാളെ അരവിന്ദേട്ടന്‍തന്നെ പരിചയപ്പെടുത്തി: ആന്റണി ഈസ്റ്റ്മാന്‍; അറിയപ്പെടുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
ആന്റണി ഒരു ആര്‍ട്ട്പടം ചെയ്തുതീര്‍ത്തിട്ടുണ്ട്. അതില്‍ പശ്ചാത്തലസംഗീതം ജോണ്‍സന്റെ വകയായിരിക്കണം. ഒപ്പം ടൈറ്റില്‍സോങ് ചിട്ടപ്പെടുത്തിത്തരുകയും വേണം-അതാണാവശ്യം. ആദ്യമായാണ് ഒരു ചലച്ചിത്രഗാനത്തിന് ഈണമിടാന്‍ ക്ഷണം ലഭിക്കുന്നത്.

'പാട്ടെവിടെ?' എന്ന ചോദ്യത്തിനു മറുപടിയായി കീശയില്‍നിന്ന് ഒരു കടലാസെടുത്തു നീട്ടുകയാണ് അരവിന്ദേട്ടന്‍ ചെയ്തത്. 'ഞാന്‍ അതേപടി അതു വാങ്ങി എന്റെ പോക്കറ്റിലിടുകയും ചെയ്തു. വൈകിട്ട് റൂമില്‍ ചെന്നശേഷമാണ് വരികള്‍ വായിച്ചുനോക്കുന്നത്. വിപിന വാടിക കുയിലുതേടി, വിപഞ്ചികയോ മണിവിരലുതേടി, പുരുഷകാമനയെന്നും സ്ത്രീയില്‍ ഇവിടെ ജനിമൃതിപൂക്കും വഴിയില്‍ ഇണയെത്തേടി....' കൊള്ളാം, വരികള്‍ക്കു പൂര്‍ണതയുണ്ട്; അര്‍ഥവും. വീട്ടില്‍വെച്ചുതന്നെ ഗാനത്തിന്റെ പല്ലവി ചിട്ടപ്പെടുത്തി, ജോണ്‍സണ്‍.

സിനിമയ്ക്കുവേണ്ടി താനൊരുക്കിയ ആദ്യത്തെ ഈണം ആരു പാടണമെന്ന കാര്യത്തില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല ജോണ്‍സണ്- ജയചന്ദ്രന്‍തന്നെ. തൃശ്ശൂരില്‍ ഗാനമേളാ ട്രൂപ്പുമായി നടന്ന ജോണ്‍സണ്‍ സിനിമയില്‍ എത്തിപ്പെടാന്‍ നിമിത്തമാകുന്നത് ജയചന്ദ്രനാണ്. ജയചന്ദ്രന്‍വഴിയാണ് ജോണ്‍സണ്‍ ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെടുന്നത്. ജീവിതത്തിന്റെ ദിശതന്നെ മാറ്റിമറിച്ച സംഭവം.
'ആദ്യത്തെ പാട്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണു സത്യം. അത് കേട്ടിട്ടുള്ളവര്‍തന്നെ ചുരുങ്ങും. പടത്തിന്റെ റെക്കോഡ് പുറത്തിറങ്ങാത്തതാണ് കാരണം'. ജോണ്‍സണ്‍ ചിരിക്കുന്നു.

ഇതേ പാട്ടിന്റെ വരികളുമായി ആദ്യം ദേവരാജന്‍ മാസ്റ്ററെ കാണാന്‍ ചെന്ന അനുഭവം ഗാനരചയിതാവ് ആര്‍.കെ.ദാമോദരനുണ്ട്. ആന്റണി ഈസ്റ്റ്മാനും കലൂര്‍ ഡെന്നിസുമുണ്ടായിരുന്നു ഒപ്പം. മാസ്റ്റര്‍ക്ക് അന്ന് ശ്വാസംവിടാന്‍പോലും സമയമില്ല. പെട്ടെന്നു കമ്പോസ്‌ചെയ്തുകിട്ടിയാല്‍ കൊള്ളാമെന്ന് വിനയപൂര്‍വം അറിയിച്ചപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു: 'ഒക്കത്തില്ല, രണ്ടോ മൂന്നോ മാസം കഴിഞ്ഞു മതിയെങ്കില്‍ ചെയ്തുതരാം.
 1 2 3 NEXT