മലയാള സിനിമയിലെ ആദ്യനായിക റോസി പുല്ല് കച്ചവടക്കാരി!

ജോസ് കടവില്‍

 

posted on:

29 Apr 2011


1970-കളില്‍ തിരുവനന്തപുരത്ത് സ്റ്റാച്യുവിന് സമീപം സേവിയേഴ്‌സ് ഹോട്ടലില്‍ വെച്ച് നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ നാടകസങ്കല്പങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍ സംസാരിക്കുന്നതിനിടയില്‍ യാദൃച്ഛികമായിട്ടാണ് മലയാള സിനിമയിലെ ആദ്യനായിക റോസിയെക്കുറിച്ച് വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ആദ്യനായിക തിരുവനന്തപുരത്തെ പാവപ്പെട്ട ഒരു പുല്ലുകച്ചവടക്കാരി ആയിരുന്നെന്നും പുലയസമുദായക്കാരിയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ എന്‍.എന്‍. പിള്ളയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് കാമ്പിശ്ശേരി പറഞ്ഞത്. അക്കാലത്ത് ജനയുഗം കുടുംബത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'സിനിരമ' വാരികയില്‍ 'ആദ്യനായിക തിരുവനന്തപുരത്തെ പുല്ലുകച്ചവടക്കാരി' എന്ന ചെറുവിവരണം അച്ചടിച്ചുവരികയും ചെയ്തിരുന്നു.

ഈ യോഗത്തില്‍ പങ്കെടുത്തിരുന്ന കുന്നുകുഴി മണിയെന്ന ചരിത്രകാരന്‍ പിന്നീട് ആദ്യ സിനിമയുടെ അന്വേഷണവുമായി 1971-ല്‍ അഗസ്തീശ്വരത്തെത്തി മലയാള സിനിമയുടെ തുടക്കക്കാരനായ ജെ.സി. ഡാനിയേലിനെ കാണുകയും അഭിമുഖ സംഭാഷണത്തിലൂടെ പി.കെ. റോസിയെ സംബന്ധിച്ച ചരിത്രസത്യം തേടുകയും ചെയ്തിരുന്നു. അവിടെനിന്ന് തുടക്കം കുറിച്ച അന്വേഷണമാണ് ചരിത്രത്തിന്റെ പിന്നാംപുറങ്ങളില്‍ കാമ്പിശ്ശേരിയേയും കുന്നുകുഴി മണിയേയും കൊണ്ടുചെന്നെത്തിച്ചത്. ഒടുവില്‍ എല്ലാ ഊഹാപോഹങ്ങളുടെയും മാറാലനീക്കി പി.കെ. റോസിയാണ് മലയാള സിനിമയിലെ ആദ്യനായികയെന്ന് ചരിത്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു.


പുളിമൂട്ടിലെ ഇപ്പോഴത്തെ ജനറല്‍ പോസ്റ്റാഫീസിനടുത്തുള്ള പുല്ലുചന്തയിലെ പുല്ല് വില്പനക്കാരിയായ റോസമ്മ (പുല്ലുകെട്ട് തലയില്‍ വെച്ചുതന്നെ വില്ക്കണമായിരുന്നു. പുല്ല് നിലത്തിറക്കി വില്ക്കുന്നതിനുവേണ്ടി അക്കാലത്ത് സാമുവല്‍വാര്‍ഡന്‍, കരമന ബഞ്ചമിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഹള നടത്തുകയും അതിനുശേഷം പുല്ല് നിലത്തിറക്കി വില്ക്കാനനുവാദം ലഭിക്കുകയും ചെയ്തു) ഇക്കാലത്താണ് റോസമ്മ സിനിമാഭിനയത്തിനായി ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോയില്‍ എത്തിയതെന്ന് വിഗതകുമാരന്റെ നിര്‍മാതാവും മലയാളസിനിമയുടെ പിതാവുമായ ജെ.സി. ഡാനിയേല്‍ ഓര്‍ക്കുന്നതായി, അദ്ദേഹത്തെ വീട്ടില്‍ച്ചെന്ന് അഭിമുഖസംഭാഷണം നടത്തിയപ്പോള്‍ കുന്നുകുഴി മണിയോട് വെളിപ്പെടുത്തിയത്. അതായത് 1903-ല്‍ ആയിരിക്കണം പൗലോസ്- കുഞ്ഞി ദമ്പതികള്‍ക്ക് റോസമ്മ ജനിച്ചത്. അന്നത്തെ സാമൂഹികസ്ഥിതിയില്‍ ഒന്നോ രണ്ടോ ക്ലാസുവരെയേ വിദ്യാഭ്യാസം നേടാന്‍ റോസമ്മയ്ക്ക് സാധിച്ചുള്ളൂ.

നന്തന്‍കോട് ആമത്തറവയലിനു സമീപത്തായിരുന്നു റോസമ്മയുടെ കുടുംബം താമസിച്ചിരുന്നത് (ഇന്നത്തെ കനക നഗര്‍). അന്ന് ആ ഭാഗത്ത് ഒട്ടേറെ പുലയക്കുടിലുകള്‍ ഉണ്ടായിരുന്നു. അവരില്‍ പലരും സവര്‍ണാധിപത്യത്തിന്റെ അനാചാരഫലമായി സമൂഹനീതിക്കായി വിദേശമിഷനറികള്‍ സ്ഥാപിച്ച ലണ്ടന്‍ മിഷനിലും സാല്‍വേഷന്‍ ആര്‍മിയിലും ചേരുകയുണ്ടായി. അങ്ങനെയാണ് പുലയര്‍ക്കുവേണ്ടി റവ. ഫാ. മേറ്റിയര്‍ എല്‍.എം.എസ്. പള്ളിപോലും സ്ഥാപിച്ചത് (ഒരു നൂറ്റാണ്ട് പിന്നിട്ട എല്‍.എം.എസ്. പള്ളി അക്കാലത്ത് 'പുലപ്പള്ളി' എന്നാണ് വിളിക്കപ്പെട്ടിരുന്നത്).

അന്നത്തെ പള്ളിയിലെ വിദേശമിഷനറി റവ. ഫാ. പാര്‍ക്കന്‍ സായ്പിന്റെ ബട്‌ലറായിരുന്നു റോസമ്മയുടെ അച്ഛനായ പൗലോസ്. നീലക്കുയിലിലെ ഗായിക ജാനമ്മ ഡേവിഡിന്റെ മാതാവ് ഡോര്‍ക്കസ് പതിച്ചിയും പൗലോസിന്റെ ബന്ധുവായിരുന്നു. സുകുമാരകലകളുടെയും നാഗരികസംസ്‌കാരത്തിന്റെയും പിതാക്കളായ പുലയര്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടും തങ്ങളുടെ ഉള്ളിലുറഞ്ഞുകൂടി നിന്നിരുന്ന കലാഭിരുചികള്‍, ക്രിസ്തുമതത്തില്‍നിന്ന് ലഭിച്ച സ്വാതന്ത്ര്യത്തിലൂടെ കത്തിപ്പടരുകയായിരുന്നു.

നന്തന്‍കോട് ആമത്തറയില്‍ ചേരമര്‍ സംഘത്തിന്റെ കീഴില്‍ കലാസംഘടനയുണ്ടാക്കി കാക്കരശി (കാക്കരുകളി) നാടകം അരങ്ങേറിയിരുന്നു. അക്കാലത്ത് പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടി കാക്കാത്തിയായി അഭിനയിച്ചിരുന്നത്. ഒടുവില്‍ പി.കെ. റോസി, കാക്കരശി നാടകത്തിലെ ആദ്യ സ്ത്രീവേഷമിട്ട് കടന്നുവന്നതോടെ കാക്കരശി നാടകത്തിന് ജനപ്രിയമേറി. അക്കാലത്ത് മറ്റൊരു കൂട്ടര്‍ തമിഴ്‌നാട്ടിലെ നാടകക്കമ്പനിയുടെ ചുവടുപിടിച്ച് ചിട്ടപ്പെടുത്തിയ രാജാപാര്‍ട്ടു നാടകങ്ങളില്‍ സ്ത്രീവേഷം കെട്ടാന്‍ ക്ഷണിച്ചെങ്കിലും റോസമ്മ അത് നിരസിച്ചു.

ഇതിനിടെ കാക്കരശി നാടകക്കാരും നാടകസംഘക്കാരും റോസമ്മയെ ചൊല്ലി തര്‍ക്കങ്ങളുണ്ടായി. തര്‍ക്കം സംഘട്ടനത്തിലെത്തിയതോടെ റോസമ്മയും കുടുംബവും വീടുവിട്ട് ആദ്യം ആറന്നൂരേക്കും അവിടെ നിന്ന് തൈക്കാട് ആസ്പത്രിക്ക് സമീപത്തെ പുറമ്പോക്കു ഭൂമിയിലേക്കും മാറിത്താമസിച്ചു. 1926-ല്‍ ജെ.സി. ഡാനിയേല്‍ പട്ടം തുളസിക്കുന്നിന് എതിര്‍വശത്തുള്ള രണ്ടര ഏക്കര്‍ ഭൂമിയില്‍ ദി ട്രാവന്‍കൂര്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോ സ്ഥാപിക്കുകയും വിഗതകുമാരന്റെ കഥ തയ്യാറാക്കിയ ശേഷം ഒരു നായികയെ തേടിയലയുകയായിരുന്നു. അക്കാലത്ത് സ്ത്രീകളൊന്നും നാടകത്തിലോ സിനിമയിലോ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. കാരണം വേശ്യാവൃത്തിയെക്കാള്‍ മ്ലേച്ചമായിട്ടാണ് അഭിനയത്തെ അന്നത്തെ സദാചാരവാദികള്‍ കണ്ടത്. തുടര്‍ന്ന് ഡാനിയേല്‍ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ഇന്ത്യയിലെ വന്‍കിട പത്രങ്ങളില്‍ സിനിമയിലഭിനയിക്കാന്‍ ഒരു നായികയെ ആവശ്യമുണ്ടെന്നു കാണിച്ച് ആറുമാസക്കാലം പരസ്യം നല്കി. അപ്പോഴാണ് പത്രപ്പരസ്യം കണ്ട് ബോംബെക്കാരി ഒരു ആംഗ്ലോ ഇന്ത്യന്‍ നടി മിസ് ലാന മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി കത്തയച്ചത്. കത്തു കിട്ടേണ്ട താമസം ഡാനിയേല്‍ ബോംബെയിലെത്തി.

5000 രൂപ അഡ്വാന്‍സ് കൊടുത്ത് അടുത്ത ട്രെയിനില്‍ മിസ് ലാനയേയും കൊണ്ട് തിരുവനന്തപുരത്ത് പേട്ടയിലെത്തി. അന്ന് പേട്ടവരെ മാത്രമേ ട്രെയിന്‍ ഉണ്ടായിരുന്നുള്ളു. പേട്ടയില്‍ തീവണ്ടിയിറങ്ങിയ മിസ് ലാനയുടെ ആവശ്യങ്ങളോട് പൊരുത്തപ്പെട്ടുപോകാന്‍ ഡാനിയേലിനു കഴിഞ്ഞില്ല. ലാനയുടെ മര്യാദയില്ലാത്ത പെരുമാറ്റം കാരണം ഡാനിയേല്‍ ലാനയുമായി തെറ്റിപ്പിരിയുകയും അഡ്വാന്‍സ് കൊടുത്ത 5000 രൂപപോലും തിരികെ നല്കാതെ ലാന ബോംബെക്ക് വണ്ടികയറുകയും ചെയ്തു.

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേല്‍ തന്റെ ചരിത്രനിയോഗത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല. അദ്ദേഹത്തിന് നാടാര്‍ സമുദായത്തിന് സ്വായത്തമായിരുന്ന കളരി അഭ്യാസത്തെക്കുറിച്ച് സിനിമ പിടിച്ച് അതിനെ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു മുഖ്യം. അതിനായി തുളുനാട്ടില്‍നിന്നും കടത്തനാട്ടില്‍ നിന്നും അഭ്യാസികളെ വരുത്തി അഭ്യാസമുറകള്‍ ചിത്രീകരിക്കാനുള്ള ശ്രമം തുടര്‍ന്നു. എന്നാല്‍ ഇതിലൊരു കഥയുംകൂടി ഉള്‍പ്പെടുത്തിയാല്‍ കുറച്ചുകൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ മലയാള സിനിമയുടെ കുലപതി അങ്ങനെയാണ് വിഗതകുമാരന്‍ (ഠവല ഹീേെ രവശഹറ) എന്ന സിനിമാക്കഥ ആദ്യമായി ഉണ്ടാക്കുകയും അതിലഭിനയിക്കാന്‍ കായികാഭ്യാസിയും സുന്ദരനുമായ ജോണ്‍സനുമായി ഡാനിയേല്‍ ചങ്ങാത്തത്തിലാവുകയും റോസമ്മ എന്ന പുലയയുവതി സിനിമയിലഭിനയിക്കാന്‍ തയ്യാറാണെന്ന് ജോണ്‍സണ്‍ ഡാനിയേലിനെ അറിയിക്കുകയും ചെയ്തു.
 1 2 NEXT