Home» Movies» 0

സിനിമാ സമരം: ഫിലിം ചേംബറില്‍ ഭിന്നത

posted on:

06 Jun 2013

കൊച്ചി: സിനിമാ സമരത്തെച്ചൊല്ലി ഫിലിം ചേംബറില്‍ ഭിന്നത. തിയേറ്ററുടമകളില്‍ നിന്ന് ഒരു ടിക്കറ്റിന് മൂന്നുരൂപ വീതം ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡിലേക്ക് പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം 10 മുതല്‍ സമരം നടത്തുമെന്ന തീരുമാനം ചേംബറിന്‍േറതല്ലെന്നാണ് ഭാരവാഹികളുടെ പുതിയ വിശദീകരണം. എന്നാല്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ചേംബറില്‍ അംഗമായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നു.

ക്ഷേമനിധി വിഹിതം പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച പത്രസമ്മേളനം വിളിച്ചാണ് ചേംബര്‍ നിലപാട് വിശദീകരിച്ചത്. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഈ മാസം 10ന് സമരം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ബുധനാഴ്ച ചേംബര്‍ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധമറിയിക്കുന്നതിനും സിനിമാ മേഖലയ്ക്കുള്ള പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതിനും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ്. എന്നാല്‍ ഇത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനമല്ലെന്നും സമരത്തിന്റെ കാര്യം പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞതാണെന്നുമാണ് പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഫെഡറേഷന്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.