Home» Movies» 0

പ്രതീക്ഷകളുടെ ഉയരത്തില്‍ സ്പിരിറ്റ്‌

posted on:

11 Jun 2012ഇത് നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന സിനിമയാണ്. അത്രയധികം ഉയരത്തിലാണത്... മോഹന്‍ലാല്‍ എന്ന നടനെ എത്ര ഭംഗിയായി താങ്കള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു...'' ചെന്നൈയില്‍ 'സ്പിരിറ്റി' ന്റെ പ്രീമിയര്‍ ഷോ കണ്ടിറങ്ങിയ പ്രിയദര്‍ശനും 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും രഞ്ജിത്തിനു നേര്‍ക്ക് അഭിനന്ദനത്തിന്റെ കൈത്തലം നീട്ടി. പുറത്തിറങ്ങും മുമ്പേ പുതിയ ചിത്രം ഈ സംവിധായകന് പ്രശംസയുടെ തണുപ്പ് സമ്മാനിക്കുകയാണ്, ഓരോദിനവും. സ്പിരിറ്റിന്റെ ലഹരി, കണ്ണുകളില്‍ നിന്ന് കാതുകളിലേക്ക് പതഞ്ഞൊഴുകുന്നു.

വ്യാഴാഴ്ചയാണ് 'സ്പിരിറ്റ്' റിലീസ് ചെയ്യുന്നത്. പക്ഷേ, ഇപ്പോള്‍ തന്നെ ചിത്രം പ്രതീക്ഷയുടെ ഉയരങ്ങളിലെത്തിക്കഴിഞ്ഞു. വീണ്ടും രഞ്ജിത്ത് എന്ന് പ്രേക്ഷകനെക്കൊണ്ട് വിസ്മയസ്വരത്തില്‍ പറയിക്കുകയാണ് സ്പിരിറ്റ്. പ്രീമിയര്‍ ഷോയിലെ പ്രതികരണങ്ങള്‍ തന്നെ ഇത് തെളിയിക്കുന്നു. ''എത്രയോ കാലമായി ലാല്‍സാറിനെ ഇങ്ങനെ കണ്ടിട്ട്...'' -സംവിധായിക അഞ്ജലി മേനോന്‍ പറയുന്നു.

''സാധാരണമനുഷ്യന്റെ വികാരങ്ങളെല്ലാമുള്ള ഒരാള്‍. സെന്‍സിറ്റീവ് എന്ന വാക്കേ ആ കഥാപാത്രത്തെ വിശേഷിപ്പിക്കാന്‍ എന്റെ മനസ്സില്‍ തെളിയുന്നുള്ളൂ. ശരീരഭാഷയിലും സംഭാഷണങ്ങളിലുമെല്ലാം കഥാപാത്രത്തുടര്‍ച്ച ഉജ്ജ്വലമായി സൂക്ഷിക്കുകയാണ് ലാല്‍സാര്‍. ശങ്കര്‍ രാമകൃഷ്ണന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ഒരു പുതുമുഖത്തിന്റെ അങ്കലാപ്പൊന്നുമില്ലാതെ ശങ്കര്‍ അഭിനയിക്കുന്നു. ലാല്‍സാറിനെപ്പോലെ ഒരാള്‍ക്കൊപ്പം അഭിനയിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളിയെ മറികടക്കാന്‍ ശങ്കറിനായി. സിദ്ധാര്‍ഥ് ഭരതനും നന്നായി...'' -അഞ്ജലിയുടെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.

''കേരളത്തിലെ കുടുംബങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മദ്യപാനം. അതില്‍ ലക്കുകെട്ടുപോകുന്നത് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. മലയാളിയുടെ മദ്യപാനത്തിന് തട്ടുകളില്ല. സമൂഹത്തിലെ എല്ലാ ശ്രേണികളിലും അത് പടര്‍ന്നുകഴിഞ്ഞു. സ്പിരിറ്റിലെ പ്രധാന കഥാപാത്രങ്ങളായ രഘുനന്ദനും പ്ലംബര്‍ മണിയനും രണ്ടുതരത്തിലുള്ളവരാണ്. പക്ഷേ, അവര്‍ക്കിടയില്‍ പൊതുവായുള്ളത് മദ്യപാനമാണ്. മദ്യത്തില്‍ മുങ്ങിയ കേരളത്തിലെ പുരുഷ സമൂഹത്തിന്റെ രണ്ടുതരം പ്രതിനിധികളാണവര്‍'' -രഞ്ജിത്തിന്റെ വാക്കുകള്‍.

പ്രീമിയര്‍ ഷോ കണ്ടിറങ്ങിയവരെല്ലാം രഞ്ജിത്തിനോട് പറഞ്ഞത് ഇത് ഈ കാലഘട്ടത്തിലിറങ്ങേണ്ട സിനിമയാണ് എന്നാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെയുള്ള കണ്ണാടിയെന്നും കേരളം ഗൗരവമായി ചര്‍ച്ചയ്‌ക്കെടുക്കേണ്ട സിനിമയെന്നുമാണ് പലരും സ്പിരിറ്റിനെ വിശേഷിപ്പിച്ചത്. മദ്യപാനം തെറ്റാണെന്നോ, പാപമാണെന്നോ അല്ല സ്പിരിറ്റ് പറയുന്നതെന്ന് രഞ്ജിത്ത് വ്യക്തമാക്കുന്നു. പലതരം മദ്യപാനങ്ങളുണ്ട്. വ്യക്തിയുടെയും കുടുംബത്തിന്റെയും ശരീരത്തെ കാര്‍ന്നുതിന്നുന്ന തരം മദ്യപാനത്തെക്കുറിച്ചാണ് സ്പിരിറ്റ് പറയുന്നത്. ''ഈ സിനിമ തിരശ്ശീലയില്‍ അവസാനിക്കണമെന്നല്ല ആഗ്രഹം. അത് തുടര്‍ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്നാണ്'' -രഞ്ജിത്ത് പറയുന്നു.

രഞ്ജിത്തിന്റെയും മോഹന്‍ലാലിന്റെയും പഴയ ടീം സ്പിരിറ്റാണ് ഈ സിനിമയില്‍ കാണാനാകുക. മലയാളി ഏറെനാളായി കൊതിച്ചിരുന്ന ഒന്ന്. പക്ഷേ, ഇത് പഴയതരം മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രമല്ല. മാറിയ രഞ്ജിത്തും ഒരിക്കലും മാറ്റമില്ലാത്ത അഭിനയശേഷിയുടെ അടയാളമായ മോഹന്‍ലാലും ചേര്‍ന്നൊരുക്കുന്ന ലഹരി.

''ഞങ്ങള്‍ ഒരേ സ്പിരിറ്റോടെയാണ് ഈ സിനിമ നിര്‍മിച്ചതും അഭിനയിച്ചതുമെല്ലാം. അതേ സ്പിരിറ്റ് പ്രേക്ഷകരും ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ. ഈ സിനിമയുടെ സന്ദേശം അവര്‍ സ്പിരിറ്റോടെ ഉള്‍ക്കൊള്ളട്ടെ...'' -മോഹന്‍ലാല്‍ പറയുന്നു

ഉന്നതോദ്യോഗങ്ങളുടെ കുപ്പായം അഴിച്ചുവച്ച് കൊച്ചിയില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ജീവിക്കുന്നയാളാണ് ലാലിന്റെ രഘുനന്ദന്‍. പുസ്തകമെഴുത്തും 'ഷോ ദി സ്പിരിറ്റ്' എന്ന ചാറ്റ് ഷോയുടെ അവതാരക വേഷവുമാണ് ഇപ്പോള്‍ അയാളുടെ ദിനചര്യകളില്‍ പ്രധാനം. വിവാഹിതനും വിവാഹമോചിതനുമാണ് രഘുനന്ദന്‍. അയാളുടെ അടുത്ത സുഹൃത്തുക്കള്‍ ആദ്യഭാര്യയും അവളുടെ ഭര്‍ത്താവുമാണ്. ഇവരുടെ ലോകത്തെ സംഭവങ്ങളാണ് സ്പിരിറ്റ്. രഞ്ജിത്ത് ഒന്നുകൂടി പറയുന്നു: ''നന്മയും തിന്മയും തമ്മിലുള്ള പോര്‍വിളിയാണ് സിനിമയിലെ സങ്കല്‍പ്പം. പക്ഷേ, ഇത് നന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ്''.