ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒറ്റയാള്‍ പോരാട്ടത്തിലൂടെ വേറിട്ട ചിത്രങ്ങള്‍ ഒരുക്കി പ്രശസ്തനായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചവിഷയം. പണ്ഡിറ്റിനെ താരമാക്കിയിട്ടുള്ള ട്രോളുകളാണ് അവയില്‍ ഏറെയും. സൂപ്പര്‍ താരത്തോടൊപ്പം അഭിനയിക്കുവാന്‍ ഒരുങ്ങുന്ന പണ്ഡിറ്റിന് എല്ലാ ഭാവുകങ്ങളും ആരാധകര്‍ നേര്‍ന്നിട്ടുണ്ട്.
രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടിചിത്രത്തില്‍ ഒരു മുഴുനീള വേഷമാണ് പണ്ഡിറ്റിനായി നീക്കിവെച്ചിരിക്കുന്നത്. പണ്ഡിറ്റ് അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ചൊവ്വാഴ്ച കൊല്ലം ഫാത്തിമ മാത കോളേജില്‍ ആരംഭിക്കും. ചിത്രത്തിനുവേണ്ടി ഒരു മാസത്തെ ഡേറ്റാണ് പണ്ഡിറ്റ് നല്‍കിയിരിക്കുന്നത്. ആദ്യമായാണ് മറ്റൊരു സംവിധായകന്റെ കീഴില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്.
കൃഷ്ണനും രാധയും, സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്, കാളിദാസന് കവിതയെഴുതുകയാണ്, ടിന്റുമോന് എന്ന കോടീശ്വരന്, നീലിമ നല്ല കുട്ടിയാണ് വേഴ്സസ് ചിരഞ്ജീവി ഐ.പി.എസ് തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം സംവിധാനം, തിരക്കഥ, എഡിറ്റിങ്, സംഗീതം, ഗാനരചന, ആലാപനം എന്നിവ നിര്‍വഹിച്ചത് പണ്ഡിറ്റ് തന്നെയായിരുന്നു. പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ഉരുക്കു സതീശന് റിലീസിന് തയ്യാറായി നില്‍ക്കുകയാണ്.