രുപാട് സന്തോഷത്തിലാണ് ഗായിക സിത്താര. അതുപോലെ തന്നെ സങ്കടവും. മികച്ച ഗായികയ്ക്കുള്ള കരിയറിലെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരമാണ് സിത്താരയെ തേടിയെത്തിയത്. വിമാനത്തില്‍ റഫീഖ് അഹമ്മദ് രചിച്ച് ഗോപി സുന്ദര്‍ ഈണമിട്ട വാനമകലുന്നുവോ കൂരിരുളുമൂടിയോ എന്ന ഗാനമാണ് സിത്താരയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.

എന്നാല്‍, ഈ ഗാനം ഏറെപ്പേരൊന്നും കേട്ടിട്ടില്ല എന്നൊരു സങ്കടം സിത്താരയ്ക്ക് ബാക്കിയാണ്. സിനിമയില്‍ മാത്രമേ ഈ ഗാനമുള്ളൂ. അണിയറക്കാര്‍ ഇത് യൂട്യൂബിലോ മറ്റേതെങ്കിലും വെബ്‌സൈറ്റിലോ അപ്‌ലോഡ് ചെയ്തിട്ടില്ല. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുമ്പോള്‍ സിത്താര തന്നെയാണ് ഈ സങ്കടം തുറന്നു പറഞ്ഞത്.

'അവാര്‍ഡ് കിട്ടിയതില്‍ വളരെ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത്. അതില്‍ എനിക്ക് പ്രിയപ്പെട്ട അഞ്ചു പാട്ടുകള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്നാണ് ഇത്. ഗോപിസുന്ദറാണ് ഇതിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. അത് ഇറങ്ങിയപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടമായിരുന്നു. കാരണം ആ സിനിമയില്‍ ഞാന്‍ പാടിയ പാട്ടുകള്‍ യൂട്യൂബില്‍ ലഭ്യമായിരുന്നില്ല. സിനിമ കണ്ടപ്പോള്‍ തിയ്യറ്ററില്‍ നിന്നു തന്നെ ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞു നല്ല പാട്ടാണെന്ന്. ഇടയ്‌ക്കൊക്കെ എഫ്.എമ്മിലും കേള്‍ക്കാറുണ്ടായിരുന്നു. അത്രയേ ഉള്ളൂ. നല്ലൊരു പാട്ട് അധികം ആള്‍ക്കാര്‍ കേള്‍ക്കാത്തതിന്റെ സങ്കടമുണ്ടായിരുന്നു. അവാര്‍ഡ് കിട്ടിത് കൊണ്ട് ഇനി ആളുകള്‍ അത് കേള്‍ക്കുമെന്ന പ്രതീക്ഷയുണ്ട്.'

Content Highlights: SitharaKrishnakumar Best Singer Kerala