ബോളിവുഡ് താരങ്ങള്‍ പോലും ആരാധകരായുള്ള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറാണ് മഹേഷ് ബാബു. തെലുങ്കില്‍ മിനിമം 150 കോടി കളക്ട് ചെയ്യുന്ന മഹേഷ് ബാബു യുഎസിലും ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ താരമാണ്. സ്പൈഡര്‍ ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും കേരളത്തിലും ഒരേ സമയം റിലീസ് ചെയ്യപ്പെട്ട മഹേഷ് ബാബുവിന്റെ ആദ്യചിത്രമാണ്. ഈ സ്പൈ ത്രില്ലര്‍ കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത് ഒന്നര കോടി രൂപയ്ക്കാണ്.  ചെന്നൈയില്‍ വച്ച് ക്ലബ് എഫ് എമ്മിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോഹന്‍ലാലിനോടും ദുല്‍ഖറിനോടുമുള്ള ഇഷ്ടം അദ്ദേഹം തുറന്നുപറയുന്നു.

തെലുങ്കിലെ സൂപ്പര്‍ സ്റ്റാറാണെങ്കിലും താങ്കള്‍ ജനിച്ചതും വളര്‍ന്നതും തമിഴ്​നാട്ടിലാണല്ലോ എന്നിട്ടും തമിഴ് പടം ചെയ്യാന്‍ എന്തുകൊണ്ട് ഇത്രത്തോളം ലേറ്റായി?

ഒരു പടമെന്നു പറയുമ്പോള്‍ അതിന്റെ കഥയും ഡയറക്ടറും ഒക്കെ പ്രധാനമാണ്. നേരത്തെ രണ്ടുമൂന്നു തവണ തമിഴിലെ ചില നല്ല സംവിധായകര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ നടന്നില്ല. ഇപ്പോള്‍ ഏആര്‍ മുരുഗദോസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒരു സ്വപ്നം യാഥാർഥ്യമായതു പോലെ തോന്നുന്നു. തമിഴില്‍ അഭിനയിക്കാന്‍ കുറച്ചു താമസിച്ചുപോയെങ്കിലും പ്രശ്നമില്ല. ഞാന്‍ വളരെ ഹാപ്പിയാണ്.

എസ്ജെ സൂര്യ സംവിധാനം ചെയ്ത നാനി എന്ന തെലുങ്ക് പടത്തില്‍ താങ്കള്‍ അഭിനയിച്ചിട്ടുണ്ട്. സ്പൈഡറില്‍ എസ് ജെ സൂര്യ വില്ലനായി അഭിനയിക്കുന്നുണ്ട്. നടനായ എസ് ജെ സൂര്യയാണോ ഡയക്ടറായ എസ് ജെ സൂര്യയാണോ താങ്കളെ കൂടുതല്‍ ഇംപ്രസ് ചെയ്തത്?

തീര്‍ച്ചയായും ആക്ടര്‍ തന്നെ. ഒരു ടെറിഫിക് ആക്ടര്‍ ആണ് അവര്‍. ഈ പടത്തില്‍ അണ്‍ബിലീവബിള്‍ പെര്‍ഫോമന്‍സാണ് അവര്‍ കൊടുത്തിരിക്കുന്നത്. ഈ പടം അക്സെപ്റ്റ് ചെയ്തതിന് അവര്‍ക്ക് താങ്ക്സ് പറയുന്നു.

സിനിമയില്‍ പൊതുവേ നായികമാര്‍ക്ക് സ്പൈഡറിനെ പേടിയാണ്. താങ്കള്‍ക്കോ?

ഡെഫനിറ്റാ ഭയമാകും.

താങ്കള്‍ ഹോളിവുഡ്- ബോളിവുഡ് മെറ്റീരിയലാണെന്ന് കേരളത്തില്‍ പലരും പറയാറുണ്ട്. ഇപ്പോള്‍ താങ്കള്‍ തമിഴില്‍ വന്നു. എപ്പോഴാണ് ഹോളിവുഡിലും ബോളിവുഡിലും പോവുക?

ഇപ്പോള്‍ തെലുങ്കിലും സ്പൈഡറിലുമാണ് കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്നത്. നിശ്ചയമായും അത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ എന്റെ മനസില്‍ ഇല്ല.

താങ്കളുടെ ഫൈറ്റ് മലയാളികള്‍ക്ക് വലിയ ഇഷ്ടമാണ്. ഈ മൂവിയില്‍ എത്ര ഫൈറ്റ് ഉണ്ട്?

റെഗുലര്‍ ഫൈറ്റ് മാതിരിയല്ല സ്പൈഡറിലേത്. പീറ്റര്‍ ഹെയ്ന്‍ ഉയിര്‍ കൊടുത്തിട്ടുള്ള ആക്ഷനാണ് ഇതിലുള്ളത്. പുലിമുരുകനില്‍ അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലേ. അതുപോലെ ഈ പടത്തിലും പീറ്റര്‍ ഹെയ്ന് നാഷണല്‍ അവാര്‍ഡ് കിട്ടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

താങ്കള്‍ എങ്ങനെയാണ് ഇത്ര നന്നായി ഫൈറ്റ് ചെയ്യുന്നത്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുണ്ടോ?

പഠിച്ചിട്ടില്ല. എന്റെ ഫൈറ്റ് നന്നാകുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ആക്ഷന്‍ ഡയറക്ടേഴ്സിനാണ്. പീറ്റര്‍ മാസ്റ്റർ, വിജയന്‍ മാസ്റ്റർ എല്ലാവരും ഗ്രേറ്റ് ടെക്നീഷ്യന്‍സാണ്. ആക്ഷനില്‍ ഫുള്‍ എഫക്ട് വരുമ്പോള്‍ നമ്മുടെ ജോബ് ഈസിയാകും.

ഏതൊക്കെ മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്?

ദൃശ്യവും പുലിമുരുകനും കണ്ടു. മോഹന്‍ലാല്‍ സാര്‍ എന്റെ ഫേവറേറ്റ് ആക്ടറാണ്. യംഗ്സ്റ്റേഴ്സില്‍ ദുല്‍ഖര്‍ സല്‍മാനെയാണിഷ്ടം.

മലയാളത്തില്‍ നിന്ന് ഒരു സിനിമ വന്നാല്‍ ആരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം?

നല്ല കഥ ആരു കൊണ്ടുവന്നാലും മലയാളത്തില്‍ അഭിനയിക്കും; തീര്‍ച്ചയായും അഭിനയിക്കും. 

ഇനി എപ്പോഴാണ് താങ്കള്‍ കേരളത്തിലേക്ക് വരിക?

സ്പൈഡര്‍ റിലീസ് ചെയ്ത് ഒരു ആഴ്ചയ്ക്കുള്ളില്‍ തീര്‍ച്ചയായും വരും.

കേരളത്തില്‍ താങ്കള്‍ക്ക് ധാരാളം ആരാധകരുണ്ട്. സാറിനെപ്പോലെ ഡ്രസ് ചെയ്യുന്നവര്‍ പോലുമുണ്ട്. അവരോടും പടം കാണാനിരിക്കുന്ന മലയാളികളോടും എന്താണ് പറയാനുള്ളത്?

ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്. ഇതുപോലുള്ള ഫാന്‍സ് ഉണ്ടെന്നുള്ളത് വലിയ ഭാഗ്യമാണ്. റൊമ്പ സന്തോഷം.