കോഴിക്കോട്: ''ന്താ പറയ്യാ... ദേശീയ പുരസ്‌കാരമൊക്കെ മ്മ്‌ടെ പ്രതീക്ഷയ്ക്കുമപ്പുറമല്ലേ... പെരുത്ത് പെരുത്ത് സന്തോഷം...''  -കോഴിക്കോട്ടെ നാട്ടിന്‍പുറം ഭാഷയില്‍ സുരഭി പറഞ്ഞു. ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സലാലയിലായിരുന്നു സുരഭി.  

അനില്‍ തോമസ് സംവിധാനംചെയ്ത മിന്നാമിനുങ്ങിലെ വേഷം ഈ അഭിനേത്രിക്ക് വെല്ലുവിളിനിറഞ്ഞ കഥാപാത്രം തന്നെയായിരുന്നു. പേരുപോലുമില്ലാത്ത ഒരമ്മയെ ഉള്‍ക്കാമ്പോടെ അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു, സുരഭി.

മിന്നാമിനുങ്ങിലെ കഥാപാത്രത്തിനായി സുരഭി പ്രത്യേകം ഒരുക്കങ്ങള്‍ നടത്തിയിരുന്നു. സംവിധായകന്‍ അനില്‍ തോമസും തിരക്കഥാകൃത്ത് മനോജ് റാംസിങ്ങും ചേര്‍ന്ന് തിരക്കഥ വായിക്കാന്‍ നല്‍കിയപ്പോള്‍മുതല്‍ ഞെട്ടിയതാണ് സുരഭി. എങ്ങനെ കഥാപാത്രത്തെ ഉള്‍ക്കൊള്ളുമെന്ന ചിന്തമാത്രമായിരുന്നു പിന്നീട്. ''ഹോസ്റ്റല്‍ മേട്രനായിരുന്ന മീനച്ചേച്ചിയുടെ മുഖമായിരുന്നു മനസ്സില്‍ നിറയെ. അവരുടെ കണ്ണുകളുടെ ആഴമാണ് കഥാപാത്രമാകാന്‍ സഹായിച്ചത്. പിന്നെ കോഴിക്കോടന്‍ ഭാഷേന്ന് തിരുവനന്തപുരത്തേക്ക് മാറാനുള്ള പ്രശ്‌നവും. അതിന് എല്ലാവരും സഹായിച്ചു'' -സുരഭി പറയുന്നു.

എം 80 മൂസയിലെ പാത്തുവാണ് സുരഭിയെന്ന നടിയെ ജനപ്രിയയാക്കിയത്.  സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയപ്പോള്‍ സുരഭിയോട് നാട്ടുകാര്‍ പറഞ്ഞു, 'മോളേ അനക്കെന്തോ കിട്ടീക്ക് ല്ലേ...' ആ നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നത് 'അല്ലാ, മ്മ്ടെ കുട്ടിക്ക് വേറേം എന്തോ വലുത് കിട്ടീപോലും...' എന്നാണ്. അതുതന്നെയാണ് സുരഭിയെന്ന സാധാരണക്കാരിയായ അഭിനേത്രിയെ വ്യത്യസ്തയാക്കുന്നതും. നാട്ടുകാര്‍ക്ക് സുരഭി മ്മ്ടെ കുട്ടിയാവുന്നതും അതുകൊണ്ടുതന്നെ.  
    
മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, ഇപ്പോള്‍ ദേശീയ അവാര്‍ഡും. അതെ കോഴിക്കോട്ടുകാരുടെ 'പാത്തു' കേരളക്കരയും കടന്ന് വളര്‍ന്നിരിക്കുന്നു. 

അഭിനയം ഉജ്ജ്വലമെന്ന് ജൂറി

ന്യൂഡല്‍ഹി: 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തില്‍ സുരഭി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നെന്നാണ് വിധിനിര്‍ണയസമിതിയുടെ വിലയിരുത്തല്‍. സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റി കൊണ്ടുപോയത് സുരഭിയാണ്. അതിവൈകാരികതയിലേക്ക് വീണുപോകാമായിരുന്ന പല ഘട്ടത്തിലും നിയന്ത്രണത്തോടെ അവര്‍ അഭിനയിച്ചു വിജയിച്ചു -സമിതി അഭിപ്രായപ്പെട്ടു.

ശാരദമുതല്‍ സുരഭിവരെ

മികച്ച നടിക്കായി മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ദേശീയ പുരസ്‌കാരമാണ് സുരഭിയുടേത്. ശാരദ, മോനിഷ, ശോഭന, മീരാ ജാസ്മിന്‍ എന്നിവര്‍ക്കാണ് ഇതിനുമുമ്പ് പുരസ്‌കാരം ലഭിച്ചത്.
  
1968-ല്‍ എം.വിന്‍സന്റ് സംവിധാനംചെയ്ത 'തുലാഭാര'ത്തിലെ അഭിനയത്തിന് ശാരദയിലൂടെയായിരുന്നു ആദ്യമായി മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്.

1972-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ  'സ്വയംവരം' എന്ന ചിത്രത്തിലൂടെ  ശാരദ വീണ്ടും മികച്ച നടിയായി. 

14 വര്‍ഷങ്ങള്‍ക്കുശേഷം ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലൂടെ മോനിഷ പുരസ്‌കാരം വീണ്ടും മലയാളസിനിമയ്ക്ക് സമ്മാനിച്ചു.

1993-ല്‍ ഫാസില്‍ ചിത്രം 'മണിച്ചിത്രത്താഴി'ലൂടെ ശോഭനയും 2004-ല്‍ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത 'പാഠം ഒന്ന് ഒരു വിലാപ'ത്തിലൂടെ മീരാജാസ്മിനും രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനര്‍ഹയായി.