ഇരുപത്തിയൊന്നാമത് രാജ്യാന്തര മേളയെയും മേളയിലെ ചിത്രങ്ങളെയും വിവാദങ്ങളെയും വിലയിരുത്തുകയാണ് കഥാകൃത്ത് സുസ്‌മേഷ് ചന്ത്രോത്ത്‌.

 

ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഇത്തവണത്തെ മേളയെ എങ്ങിനെ വിലയിരുത്തുന്നു?

ഐ.എഫ്.എഫ്.കെയില്‍ ഒരു ഇടവേളയ്ക്കുശേഷമാണ് ഞാന്‍ സിനിമ കാണാന്‍ വരുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി കൊല്‍ക്കത്തയില്‍ താമസിക്കുന്നത് കൊണ്ട് കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലാണ് കാണുന്നത്. എന്നാല്‍, ഞാന്‍ കണ്ട് തുടങ്ങിയ ഫെസ്റ്റിവല്‍ കേരളത്തിന്റേതാണ്. കോഴിക്കോട്ട് നടക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നത്. അന്നത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ കാണികളുടെ പങ്കാളിത്തം വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ പറ്റും. നല്ല സിനിമകള്‍ വരുന്നൊരു മേളയാണ് കേരളത്തിലേത്. ഗോവയും കൊല്‍ക്കത്തയുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ മികച്ച സിനിമകള്‍ കാണാന്‍ സാധിക്കുന്നത് കേരളത്തില്‍ തന്നെയാണ്. അതിന്റെയൊരു സന്തോഷം ഇവിടെ വരുമ്പോഴുണ്ട്. അതുപോലെ തന്നെ ഒരു മലയാളിയുടെ പൊതുസ്വഭാവം പ്രകടമാവുന്ന മേള കൂടിയാണിത്. അകത്ത് സിനിമ നടക്കുമ്പോള്‍ പുറത്ത് എല്ലാ തരത്തിലുള്ള ആഘോഷങ്ങള്‍ നടക്കുകയും ചെയ്യുന്നത് ഇവിടെ കാണാം. കൊല്‍ക്കത്തയിലൊന്നും നമ്മള്‍ക്ക് അതങ്ങിനെ കാണാന്‍ പറ്റില്ല.

കണ്ടതില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സിനിമ?

ഇവിടെ ഇക്കുറി ഏറ്റവും കൂടുതല്‍ ഇഷ്ടമായത് നെരൂദയാണ്. ഒരു കലാകാരന്റെ ജീവിതത്തെ, അയാളുടെ മാനസിക വ്യാപാരങ്ങളെയും അയാളുടെ ഉള്ളിലുള്ള അനവധി സംഘര്‍ഷങ്ങളെയും സങ്കല്‍പങ്ങളെയുമൊക്കെ അതിവിദഗ്ദ്ധമായി അഴിച്ചെടുത്ത് കാണിച്ചുകൊടുത്ത ഒരു സിനിമയാണ് നെരൂദ. അതുപോലെ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് ആഫ്റ്റര്‍ ഇമേജ്. എണ്ണിപ്പറയാന്‍ ഒരുപാട് സിനിമകളുണ്ടെങ്കിലും നെരൂദയാണ് ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമായി എനിക്ക് തോന്നിയത്. തന്റെ തന്നെ ഒരു കഥാപാത്രത്തെ പിന്തുടരുന്ന, തന്റെ തന്നെ ഒരു കഥാപാത്രത്താല്‍ പിന്തുടരപ്പെടുന്ന നെരൂദയെന്ന ഒരു വലിയ കലാകാരന്റെ സന്നിഗ്ദ്ധാവസ്ഥ അതിവിദഗ്ദ്ധമായിട്ട് ആ സിനിമയില്‍ കാണിച്ചിട്ടുണ്ട്.

ഇത്തവണ സിനിമകള്‍ക്കൊപ്പം തന്നെ ചില വിവാദങ്ങളും ഉണ്ടായി. അത് ഏതെങ്കിലും തരത്തില്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തിയോ?

 ഉണ്ട്. തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നും ദേശീയ പതാക കാണിക്കണമെന്നും സുപ്രീം കോടതി  പറഞ്ഞതിനുശേഷമാണല്ലോ ഇവിടെ ഫെസ്റ്റിവല്‍ വരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഒരു അന്തിമ വിധി അതിന് മുന്‍പ് കിടപ്പുണ്ട്.  അതനുസരിച്ച് ദേശീയഗാനം ആലപിക്കുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് ശല്ല്യമാകാത്ത രീതിയില്‍ നിങ്ങള്‍ക്ക് വിയോജിക്കാം. അതിന് പ്രയാസമൊന്നുമില്ല. തിയ്യറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിന് നിങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല. ചലച്ചിത്ര അക്കാദമിയുടെ ഒരു പരിപാടിയില്‍ അക്കാദമിയുടെ അനുമതിയില്ലാതെ പോലീസ് വരുന്നത് ശരിയല്ല.