paaru
രൂപാന്തരത്തിൽ സ്നേഹയും
കൊച്ചുപ്രേമനും

തിരുവനന്തപുരം: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 24 ന് പ്രദര്‍ശിപ്പിക്കുന്ന 'രൂപാന്തരം' എന്ന സിനിമയില്‍ തിരുവനന്തപുരത്തെ പിന്നാക്കദേശത്തു നിന്ന് ഒരു കൊച്ചുപെണ്‍കുട്ടിയും അഭിനയിച്ചിട്ടുണ്ട്. ചെങ്കല്‍ച്ചൂള കോളനിയിലെ രാജാജി നഗറിലെ എട്ടുവയസ്സുകാരി സ്നേഹയാണ് ഈ താരം.

രണ്ടു ജീവിതങ്ങള്‍ക്ക് വഴികാട്ടിയാകുന്ന പാറുവെന്ന കഥാപാത്രമായി അഭിനയിച്ചാണ് സ്നേഹ ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ചിത്രം കണ്ട ജൂറിമാര്‍ സ്നേഹയുടെ തനതായ അഭിനയ മികവ് പരിഗണിച്ച് രൂപാന്തരത്തെ പനോരമ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞടുക്കുകയായിരുന്നു.

നഗരത്തിലെയും ചേരിയിലെയും ജീവിതമാണ് രൂപാന്തരം വരച്ചുകാട്ടുന്നത്. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളോടൊപ്പം അഭിനയിക്കാന്‍ ജീവിതാനുഭവങ്ങളുള്ള കഥാപാത്രം വേണമെന്ന് തോന്നിയിരുന്നു. സിനിമ ഷൂട്ട് ചെയ്യുന്നതോടൊപ്പം സംഭാഷണവും തത്സമയം ആലേഖനം ചെയ്യുന്ന സിങ്ക് സൗണ്ടിങ് സംവിധാനമാണ് സിനിമയിലേത്. അതിനാല്‍ സ്വാഭാവിക അഭിനയം കാഴ്ചവെയ്ക്കുന്ന ഒരു പെണ്‍കുട്ടിയാണ് സിനിമയ്ക്ക് വേണ്ടതെന്ന നിലപാടിലായിരുന്നു സംവിധായകന്‍ എം.ബി.പത്മകുമാര്‍.

ഇതേത്തുടര്‍ന്നാണ് ലൊക്കേഷനായ ചെങ്കല്‍ച്ചൂളയില്‍നിന്ന് കുട്ടികളെ കണ്ടെത്തണമെന്ന് തീരുമാനിച്ചത്. ഇതിനായി രാജാജി നഗറില്‍ നിരവധി കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ഈ കഥാപാത്രത്തിനുള്ള അഭിനേതാവിനെ കണ്ടെത്തിയത്. സിനിമയിലെ രംഗം വിഷയമായി നല്‍കി. 

ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുന്നതോടൊപ്പം സംഭാഷണങ്ങളും നന്നായി പറഞ്ഞ് സ്നേഹ അഭിനയിച്ചു. ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിനെപ്പോലെയാണ് സ്നേഹ അഭിനയിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. അവഗണിക്കപ്പെടുന്ന പ്രതിഭകളെയും വെള്ളിത്തിരയിലെത്തിക്കണമെന്ന ആഗ്രഹം സഫലമായെന്നും സംവിധായകന്‍ പറഞ്ഞു.

സ്വന്തം വീടിന്റെ പരിസരത്ത് തന്നെ സ്നേഹയ്ക്ക് അഭിനയിക്കാനുമായി. അന്ധനായ രാഘവനെന്ന കഥാപാത്രത്തെയാണ് കൊച്ചുപ്രേമന്‍ അവതരിപ്പിക്കുന്നത്. മൂകനായ അബ്ദുള്ളയെന്ന കഥാപാത്രത്തെ ഭരത് ചന്ദ്രനും അവതരിപ്പിക്കുന്നു. ഇവര്‍ക്കിടയിലെ ആശയങ്ങള്‍ കൈമാറുന്ന പാറുവായാണ് സ്നേഹ അഭിനയിച്ചത്. അന്ധനായ ഒരാള്‍ക്ക് കാഴ്ച ലഭിച്ചിട്ടും അയാള്‍ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലെന്നതാണ് സിനിമയുടെ ഇതിവൃത്തം.

ചെങ്കല്‍ച്ചൂള രാജാജി നഗറിലെ ഫ്ലാറ്റ് നമ്പര്‍ ബി. മൂന്നില്‍ അനു-നിഷ ദമ്പതിമാരുടെ മകളായ സ്നേഹ, കുന്നുകുഴി മെഡോണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പാശ്ചാത്യനൃത്തത്തില്‍ പ്രാവീണ്യമുള്ള സ്നേഹ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തമ്പാനൂരില്‍ നടക്കുന്ന സ്റ്റേജ് ഷോയില്‍ നൃത്തം ചെയ്യാറുണ്ട്. ഈ പരിചയം സിനിമയില്‍ ഭയമില്ലാതെ അഭിനയിക്കാന്‍ സഹായിച്ചുവെന്ന് സ്നേഹ പറഞ്ഞു.