ലയാളത്തില്‍ ജനിച്ച് പാട്ടിന്റെ ചിറകില്‍ ലോകത്തിന്റെ നെറുകയിലേയ്ക്ക് പറന്നുയര്‍ന്നയാളാണ് സംഗീത വിസ്മയം എ.ആര്‍. റഹ്മാന്‍. ഓസ്‌ക്കറിനപ്പുറം വളര്‍ന്ന റഹ്മാന്‍ എന്നിട്ടും മലയാളത്തിന്റെ കൈ പിടിച്ചു നടന്ന വഴികള്‍ മറക്കുന്നില്ല. ഞാന്‍ വളര്‍ന്നത് മലയാളത്തിനൊപ്പമാണെന്ന് പറയുന്നു റഹ്മാന്‍. ഷാര്‍ജയിലെ സംഗീത പരിപാടിക്കെത്തിയ റഹ്മാന്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു.

എന്റെ അച്ഛന്‍ മലയാളത്തിലെ ഒരുപാട് സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറേ മലയാള ഗാനങ്ങള്‍ക്ക് ഈണമിട്ടു. ഞാനും ഒരു മലയാള ചിത്രത്തിന് സംഗീത നല്‍കി. ഇതൊക്കെ ഒരു സിസ്റ്റമാണ്. നമുക്ക് അതിനെ വേര്‍പ്പെടുത്താനാവില്ല. നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ സംാസ്‌കാരികമായി ഒരുപാട് കാര്യങ്ങള്‍ പങ്കിടുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരെയും കാണാനായി കാത്തിരിക്കുകയാണ്-റഹ്മാന്‍ പറഞ്ഞു.

ആരാധകരാണ് ഞങ്ങളെപ്പോലുള്ള സംഗീതജ്ഞരെ സൃഷ്ടിക്കുന്നതെന്നും റഹ്മാന്‍ പറഞ്ഞു. ഒരോ സംഗീതവിരുന്നിലും ആഘോഷിക്കുന്നത് എന്റെ പാട്ടുകള്‍ മാത്രമല്ല, ആ പാട്ടുകളോടുള്ള സ്‌നേഹം കൂടിയാണ്. ആ പാട്ടുകള്‍ എത്രമാത്രം നിങ്ങളുടെ ഭാഗമായി എന്നത് കൂടിയാണ്. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. പല വലിയ സംഗീജ്ഞര്‍ക്കും ഇതിനുള്ള അവസരം ലഭിച്ചിട്ടില്ല. ആരാധകരാണ് ഇതെല്ലാം സാധ്യമാക്കിയത്. ഇതിന് ഞാന്‍ എല്ലാ ആരാധകരോടും കടപ്പെട്ടിരിക്കുകയാണ്-റഹ്മാന്‍ പറഞ്ഞു.

ദുബായ് സംസ്‌കാരങ്ങളുടെ ഒരു സംഗമ ഭൂമിയാണ്. ഇവിടെ എല്ലാതരം ആളുകളുമുണ്ട്. എല്ലാവരില്‍ നിന്നും നല്ല സ്‌നേഹമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയാഴ്ചത്തെ സംഗീത പരിപാടിയെ ആവേശത്തോടെയാണ്് കാണുന്നത്-റഹ്മാന്‍ പറഞ്ഞു.