ഷാര്‍ജ: മണലാരണ്യത്തില്‍ സ്വര്‍ഗം പണിത മനുഷ്യരുടെ മണ്ണ് സംഗീതത്തിന്റെ മാസ്മരിക ലഹരിയിലമര്‍ന്നു. വേനല്‍ക്കാലത്തെ കാത്തിരിക്കുന്ന ഷാര്‍ജയുടെ തെളിഞ്ഞ ആകാശത്തിന് ചുവടെ അലയടിച്ച സംഗീതസാഗരത്തില്‍ അലിഞ്ഞു ചേര്‍ന്ന ഹൃദയങ്ങള്‍ ഒന്നായി തുടിച്ചു, ജയ് ഹോ...

സംഗീതലോകത്ത ബാദുഷ എ.ആര്‍. റഹ്മാന്‍ പകര്‍ന്നു നല്‍കിയ ഈണങ്ങളില്‍, സ്വരമാധുരിയില്‍, ചടുല താളങ്ങളില്‍ പുതിയ സ്വര്‍ഗം പിറക്കുകയായിരുന്നു. ക്രിക്കറ്റിലെ മാസ്മരികപ്രകടനങ്ങള്‍ക്ക് വേദിയായിരുന്ന ഷാര്‍ജ സ്റ്റേഡിയത്തില്‍ അരങ്ങേറിയ സംഗീത നിശ-മാതൃഭൂമി എ.ആര്‍. റഹ്മാന്‍ ലൈവ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യു.എ.ഇ.യിലെ കലാപ്രണയികള്‍ക്ക് നവ്യാനുഭവമായി. 


സ്റ്റേജിനടിയില്‍ നിന്ന് വര്‍ണപ്രപഞ്ചം വിരിയിച്ച പശ്ചാത്തലത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മുകളിലേക്ക് ഉയര്‍ന്നുവന്ന റഹ്മാനെ സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് എതിരേറ്റത്. 'ഓ നാദാന്‍ പരിന്തേ ഘര്‍ ആജാ...' എന്നുതുടങ്ങുന്ന ഹൃദ്യമായ ഹിന്ദിഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.

ഓസ്‌കര്‍ അവാര്‍ഡും ഗ്രാമിയും ഗോള്‍ഡന്‍ ഗ്ലോബും ഉള്‍പ്പെടെ, ഈ ഭൂമിയില്‍ പിറന്ന് കലാകാരന്മാര്‍ക്ക് ലഭിക്കാവുന്ന സകല പുരസ്‌കാരങ്ങളും ഏറ്റുവാങ്ങിയ മദ്രാസ് മൊസാര്‍ട്ട്, പാട്ടുകാരനും പിയാനോയിസ്റ്റും ഡ്രമ്മിസ്റ്റുമായി പല രൂപങ്ങളില്‍ അവതരിച്ചപ്പോള്‍ സ്റ്റേഡിയത്തിലെത്തിയിരുന്ന കാല്‍ലക്ഷത്തിലധികംവരുന്ന ജനക്കൂട്ടം സ്വയം മറന്നാടി.

സംഗീതസംവിധായകനായിരുന്ന പിതാവ് ആര്‍.കെ. ശേഖറിനുള്ള സമര്‍പ്പണമായിരുന്നു അദ്ദേഹം പാടിയ രണ്ടാമത്തെ ഗാനം. ചോറ്റാനിക്കരയമ്മ എന്ന മലയാളം സിനിമയ്ക്കുവേണ്ടി ശേഖര്‍ ഈണം പകര്‍ന്ന 'മനസ്സു മനസ്സിന്റെ...' എന്നുതുടങ്ങുന്ന വരികള്‍ റഹ്മാനും ശ്വേതാമോഹനും ചേര്‍ന്ന് ആലപിച്ചപ്പോള്‍ സദസ്സ് നിശ്ശബ്ദമായി. 

പിതാവിന്റെ കാലംതൊട്ടേ പിന്തുടര്‍ന്നു വരുന്ന സൂഫിപാരമ്പര്യത്തെ ഉദ്ഘോഷിക്കുന്ന 'കുന്‍ ഫയാകുന്‍', 'അര്‍സിയാ' തുടങ്ങിയ ഗാനങ്ങള്‍ വേദിയുടെ മുന്നറ്റത്ത് തബല ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങളുമായി ജാവദ് അലിക്കും മറ്റ് ഗായകര്‍ക്കുമൊപ്പം നിലത്തിരുന്നാണ് റഹ്മാന്‍ ആലപിച്ചത്.  'മുസ്തഫാ...മുസ്തഫാ' എന്ന സൂപ്പര്‍ഹിറ്റ് ഗാനം റഹ്മാന്‍ തന്റെ ഗായകസംഘത്തെ മുഴുവന്‍ കോറസാക്കിനിര്‍ത്തി പാടിത്തകര്‍ത്തു. 

സംഗീതനിശയുടെ ഇടവേളയില്‍ ക്ലബ്ബ് എഫ്.എം. 99.6-ന്റെ ബ്രാന്‍ഡ് അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാന്‍ മാതൃഭൂമി മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ ഡയറക്ടര്‍ എം. വി. ശ്രേയാംസ് കുമാറിനൊപ്പം സ്റ്റേജിലെത്തി റഹ്മാന്‍ സംഘത്തെയും സംഗീതനിശയ്‌ക്കെത്തിയ കലാസ്വാദകരെയും അഭിവാദ്യംചെയ്തു.

യു.എ.ഇ.യിലെ എന്‍.എം.സി. ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും കോ- ചെയര്‍മാനുമായ ബി.ആര്‍. ഷെട്ടിയും കല്യാണ്‍ ജ്വല്ലേഴ്സിന്റെ ചെയര്‍മാന്‍ ടി. എസ്. കല്യാണരാമനും മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനൊപ്പം വേദിയില്‍വന്ന് റഹ്മാനെ ആദരിച്ചു. 

ഹൃദയഹാരിയായ 28 ഗാനങ്ങളാണ് റഹ്മാനും ഗായകസംഘവും ചേര്‍ന്ന് മൂന്നുമണിക്കൂറിലധികം നീണ്ട സംഗീതനിശയില്‍ അവതരിപ്പിച്ചത്.എല്‍.ഇ.ഡി. സ്‌ക്രീനുകളും ചലിച്ചു കൊണ്ടിരിക്കുന്ന ഹെഡ്ലൈറ്റുകളും വര്‍ണാഭമായ സ്‌പെഷ്യല്‍ ഇഫക്റ്റ് ലൈറ്റുകളും ചാരുതപകര്‍ന്ന കൂറ്റന്‍ സ്റ്റേജ് ഗ്രൗണ്ടിനകത്ത് വിസ്മയലോകം തന്നെ സൃഷ്ടിച്ചു. സാങ്കേതികമായി ഏറ്റവും മികവുള്ള ലൈവ് റെയിന്‍ ഇന്‍ഫോസ്മെന്റ് ശബ്ദസംവിധാനമായിരുന്നു ഷോയ്ക്ക് വേണ്ടി ഉപയോഗിച്ചത്.