കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കുന്ന പെട്ടി 6' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞയനുസരിച്ച് തല്ലാനും കൊല്ലാനും നടക്കുന്ന അണികള്‍ക്ക് പുനര്‍വിചിന്തനത്തിന് അവസരം നല്‍കുന്നതാണ് ഷൈന്‍ ടോം ചാക്കോ മുഖ്യ കഥാപാത്രമായി വേഷമിടുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം. ഈ മാസം 21-ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പെട്ടി 6' ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞുവെന്നത് തന്നെ ഇതിന്റെ സാമൂഹിക പ്രസക്തി വിളിച്ചോതുന്നതാണെന്ന് സംവിധായകന്‍ എംസി ജോസഫ് പറയുന്നു.   രാഷ്ട്രീയ കുറ്റകൃത്യങ്ങളിലേക്കെത്തിപ്പെടുന്ന മൂന്ന് യുവാക്കളിലുണ്ടാകുന്ന മാനസാന്തരമാണ് ചിത്രത്തിന്റെ പ്രമേയം. ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അനാഥമാക്കപ്പെടുന്ന കുടുംബവും ആക്രമണത്തില്‍ അംഗഭംഗം സംഭവിക്കുന്നവരും അക്രമിയുടെ മനസിലുണ്ടാക്കുന്ന അസ്വസ്ഥതയാണ് ചിത്രം വരച്ചുക്കാട്ടുന്നത്. നാടിന് വേണ്ടിയാണ് കൊലപാതകങ്ങള്‍ ചെയ്യുന്നതെന്ന ധാരണ കൊലയാളിയില്‍ വളര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വം വിജയിക്കുന്നു. എന്നാല്‍ സത്യം തിരിച്ചറിയുമ്പോഴേക്കും അവരില്‍ ഒരുതരം ഭീതി വളര്‍ത്തിയെടുക്കാന്‍ നേതൃത്വം വിജയിക്കുന്നതോടെ വീണ്ടും വീണ്ടും കൊലപാതകങ്ങള്‍ നടത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതായാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിന്റെ അവസാനം 'മരിച്ചുവീഴട്ടെ ആയുധമേന്തുന്ന രാഷ്ട്രീയ സംസ്‌കാരം, കുഴിച്ചുമൂടട്ടെ സഹോദരന് നേരെ ഓങ്ങിയേക്കാവുന്ന വാളുകള്‍' എന്ന മുദ്രാവാക്യം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി കൂട്ടിമുട്ടുന്നു.

പേരക്ക മീഡിയയുടെ ബാനറില്‍ ബൈജു ചമ്പക്കരയും റെക്സണ്‍ ആന്റണിയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ എംസി ജോസഫ് തന്നെ രചന നിര്‍വഹിച്ചിട്ടുള്ള ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ടി.ഡി. ശ്രീനിവാസാണ്. ഹിഷാം അബ്ദുള്‍ വഹാബാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.