റെ നാളായി മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ദ ഗ്രേറ്റ്ഫാദര്‍. ആ കാത്തിരിപ്പ് വെറുതെയായില്ല. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചാണ് ഗ്രേറ്റ്ഫാദര്‍ മുന്നേറുന്നത്.

സന്തോഷത്തോടെ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തില്‍ അപ്രതീക്ഷിതമായി വരുന്ന ഒരു വിപത്തിനെ പിന്തുടരുന്ന ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ കഥയാണ് ഗ്രേറ്റ്ഫാദര്‍. അദ്ദേഹം എങ്ങനെ തന്റെ ലക്ഷ്യത്തിലെത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ കാതല്‍. നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടി കൂടിയാണ് ഈ ചിത്രം.

മമ്മൂട്ടിയെ നൂറ് ശതമാനവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. മമ്മൂട്ടിയിലെ താരപരിവേഷത്തെയാണ് ഗ്രേറ്റ്ഫാദറില്‍ സംവിധായകന്‍ ഹനീഫ് അദേനി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. അതിന് ശക്തമായ പിന്തുണയുമായി ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജുമുണ്ട്. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ഗോപീ സുന്ദറിന്റെ സംഗീതവും കൈയടി കിട്ടാന്‍ പോന്നവയാണ്.

മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു വില്ലനെ അവതരിപ്പിക്കാനും അതുവഴി പ്രേക്ഷകനെ ഞെട്ടിക്കാനും ചിത്രത്തിന്റെ തിരക്കഥ കൂടി കൈകാര്യം ചെയ്തിരിക്കുന്ന സംവിധായകന്‍ ഹനീഫിന് സാധിച്ചിട്ടുണ്ട്. ഒപ്പം ഒട്ടൊന്ന് ഭീതിപ്പെടുത്തുന്ന രീതിയിലുള്ള, മലയാളികള്‍ അടുത്ത കാലത്തൊന്നും കണ്ട് പരിചയമില്ലാത്ത ക്ലൈമാക്‌സും പ്രേക്ഷകരെ ആകര്‍ഷിക്കും.

great father

കഴിഞ്ഞ വര്‍ഷം അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ ഖാലിദ് റഹ്മാന്‍ എന്ന സംവിധായകനെയാണ് തങ്ങളുടെ ചിത്രം ചെയ്യാന്‍ ആഗസ്റ്റ് സിനിമ നിയോഗിച്ചതെങ്കില്‍ ഇത്തവണ അതിനുള്ള ഭാഗ്യം ലഭിച്ചത് ഹനീഫ് അദേനിക്കാണ്. ആദ്യ സംവിധാന സംരംഭം ഹനീഫ് മോശമാക്കിയിട്ടില്ല. തുടക്കക്കാരനായ ഒരാളെക്കൊണ്ട് ഇത്തരമൊരു ചിത്രം സംവിധാനം ചെയ്യിക്കാനുള്ള ആഗസ്റ്റ് സിനിമയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. 

ആര്യ, ആര്‍.ശ്യാം, സ്‌നേഹ, മാളവിക, മിയ, അനിഘ, ദീപക്, ഐ.എം.വിജയന്‍, കലാഭവന്‍ ഷാജോണ്‍ മുതലായവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ആര്യ  വേഷം മികച്ചതായിട്ടുണ്ട്. എന്നാല്‍ ഡബ്ബിങ്ങിലെ പോരായ്മ ചിലയിടങ്ങളില്‍ കല്ലുകടിയാവുന്നുണ്ട്. മമ്മൂട്ടിയുടെ  ഡേവിഡ് നൈനാനും ആര്യയുടെ ആന്‍ഡ്രൂസ് ഈപ്പനും തമ്മിലുള്ള രംഗങ്ങള്‍ ഇരുവരുടേയും ആരാധകരെ തൃപ്തിപ്പെടുത്തും.