മ്മ്യൂണിസ്റ്റ് സിനിമകള്‍ എന്നും വിജയിപ്പിച്ചിട്ടുള്ള മലയാളികളുടെ മനസ്സ് കണ്ടറിഞ്ഞും അതിന്റെ വാണിജ്യസാധ്യതകള്‍ മുതലാക്കിയുമാണ് സിദ്ധാര്‍ത്ഥ് ശിവ സഖാവ് എന്ന ചിത്രവുമായി തിയേറ്ററുകളിലെത്തിയിരിക്കുന്നത്. യഥാര്‍ഥ കമ്മ്യൂണിസ്റ്റിന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് കാണിച്ചു തരാനാണ് സഖാവിലൂടെ സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നത്.

മുന്‍ ചിത്രം കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയിലെ വിരസമായ സാരോപദേശങ്ങള്‍ ഇതിലും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും മികച്ച ആസ്വാദനക്ഷമതയുള്ള ചിത്രമാണ് സഖാവ്. ഉത്സവ റിലീസുകളില്‍ പണംവരാനുള്ള എല്ലാ ഘടകങ്ങളും ഇഴചേര്‍ത്ത് നെയ്‌തെടുത്തതാണ് സഖാവിന്റെ കുപ്പായമെന്ന് നിസ്സംശയം പറയാം.  

പേരില്‍ നിന്ന് തന്നെ മനസ്സിലാക്കാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന്. സഖാവ് കൃഷ്ണന്‍, സഖാവ് കൃഷ്ണകുമാര്‍ ഈ രണ്ടു തലമുറകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള താരതമ്യമാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ സിനിമ. ഈ രണ്ടു വേഷത്തിലും അഭിനയിച്ചിരിക്കുന്നത് നിവിന്‍ പോളി തന്നെ. കൃഷ്ണന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റാണെങ്കില്‍ തട്ടിപ്പ് രാഷ്ട്രീയക്കാരനാണ് കൃഷ്ണകുമാര്‍. ആശുപത്രി കിടക്കയില്‍ ജീവിതത്തോട് മല്ലടിക്കുന്ന സഖാവ് കൃഷ്ണന്റെ ജീവിതകഥ പലയാളുകള്‍ കൃഷ്ണകുമാറിനോട് സംസാരിക്കുകയും അയാള്‍ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് ഇതിവൃത്തം. ധീരനും വ്യക്തമായ നിലപാടുകളുള്ളവനുമാണ് സഖാവ് കൃഷ്ണന്‍. അയാളുടെ കാഴ്ച്ചപ്പാടുകള്‍ ജീവിതം, സമരം എന്നിവ സിനിമയെ സമ്പുഷ്ടമാക്കുന്നു. ഫ്ലാഷ്ബാക്കില്‍ പറയുന്ന കഥയില്‍ ഏറ്റവും അധികം മുഴങ്ങുന്നത് മുദ്രാവാക്യങ്ങളാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും ഊറ്റം കൊള്ളുന്ന തൊഴിലാളി സമരങ്ങള്‍ പശ്ചാത്തലമാക്കിയിരിക്കുന്നു എന്നതിനാല്‍ ഈ ആശയങ്ങളോട് കൂറും ചായ്‌വുമുള്ളവര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബപ്രേക്ഷകരെ എത്ര അളവില്‍ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും എന്നിടത്താണ് സിനിമയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. പീരുമേട്ടിലെ തെയിലത്തോട്ട സമരങ്ങളുടെ കഥ പറഞ്ഞുപോകുമ്പോള്‍ നീളക്കൂടുതല്‍ തോന്നുന്നുണ്ട്. അതിനെ മറികടക്കാന്‍ സഹായിക്കുന്നത് നിവിന്‍ പോളിയുടെ സ്‌ക്രീന്‍ പ്രസന്‍സും പശ്ചാത്തലസംഗീതവുമാണ്. രണ്ടു കഥാപാത്രങ്ങളിലെ മൂന്നു ഗെറ്റപ്പുകളിലായി കൈയ്യടി നേടുന്ന പ്രകടനമാണ് നിവിന്‍ പോളി നടത്തിയിരിക്കുന്നത്. നിവിന്റെ എല്ലാ സിനിമകളിലും കൂട്ടുകാരനായി വിലസുന്നത് അജുവാണെങ്കില്‍ ഈ സിനിമയില്‍ അത് അല്‍ത്താഫാണ്. നിവിന്റെ അടുത്ത സിനിമയുടെ സംവിധായകന്‍ കൂടിയാണ് അല്‍ത്താഫ്. രാഷ്ട്രീക്കാരനായത് കൊണ്ടു തന്നെ അച്ചടി ഭാഷയില്‍ വളരെ നാടകീയമാണ് സഖാവ് കൃഷ്ണന്റെ കഥാപാത്രം സംസാരിക്കുന്നത്. യാഥാര്‍ഥ്യം, സത്യസന്ധത, ഡ്രാമ ഇവയെല്ലാം കൂട്ടിയിണക്കിയുള്ള സിദ്ധാര്‍ത്ഥിന്റെ രചനാപാടവത്തില്‍ കാര്യമായി സിനിമ ബോറടിപ്പിക്കുന്നില്ല. സംഭാഷണങ്ങളിലൂടെ സമകാലീന രാഷ്ട്രീയക്കാരെ കണക്കിന് പരിഹസിക്കുന്ന സിനിമ പഴയകാല രാഷ്ട്രീയ നിലപാടുകളെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു. പ്രണയമാണെങ്കിലും വിപ്ലവമാണെങ്കിലും പഴമയ്ക്കാണ് പെരുമയെന്ന് പലവിധ സംഭവങ്ങളിലൂടെ സിനിമ പറഞ്ഞു വെയ്ക്കുന്നു. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ നിവിന്‍ പോളി കാണിക്കുന്ന പാടവം സഖാവിലൂടെ വീണ്ടും അംഗീകരിക്കപ്പെടുകയാണ്.

നിവിന്‍ പോളി, അല്‍ത്താഫ്, അപര്‍ണാ ഗോപിനാഥ്, ഐശ്വര്യാ രാജേഷ്, ഗായത്രി സുരേഷ്, സൂരജ് എസ് കുറുപ്പ്, ബൈജു, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ടൈറ്റില്‍ ഗ്രാഫിക്‌സ് മുതല്‍ ക്രെഡിറ്റ്‌സ് വരെ വിപ്ലവഗാനങ്ങളുടെ അകമ്പടിയിലാണ് കഥ പറയുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതവും പശ്ചാത്തലസംഗീതവും. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍.