ളികളെ മറന്നവര്‍ക്കും കുട്ടികളുടെ നിഘണ്ടുവില്‍ നിന്ന് കളിക്കാലം വെട്ടിക്കളഞ്ഞവര്‍ക്കും കളിസ്ഥലം പോലും അനാവശ്യ ഇടമായി കാണുന്നവരുടെയും കാലത്തെ പ്രതിനിധീകരിക്കുന്ന സിനിമയാണ് രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു ഒപ്പ്. സാധാരണ സിനിമയുടെ ട്വിസ്റ്റോ നാടകീയതയോ ഞെട്ടിക്കാന്‍ ക്ലൈമാക്സോ ഒന്നും ഇല്ലാത്ത ഗ്രാമീണ സിനിമ. 

ഇതിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും നിഷ്‌കളങ്കരാണ്. നിഷ്‌കളങ്കരില്‍ നിഷ്‌കളങ്കനായ കഥാപാത്രമാണ് ബൈജു. നായകന്റെ ഭാരമില്ലാത്ത(ഹീറോയിസം) കഥാപാത്രമാണ് ബിജുമേനോന്റെ ഈ ബൈജു. ഒരുപാട് ഇഷ് ടവും സഹതാപവും തോന്നുന്ന കഥാപാത്രം. കുമ്പളം ബ്രദേഴ്സ് എന്ന ക്ലബിന്റെയും ക്രിക്കറ്റ് ടീമിന്റെയും നട്ടെല്ലാണ് ബൈജു. 

വെറ്ററന്‍ ക്യാപ്റ്റനായ ബൈജു എല്ലാ കളിയിലും സിക്സറടിച്ച് ജയിപ്പിക്കുന്നില്ല. തോല്‍വികളിലാണ് പാഠമുള്ളത് എന്നതാണ് ബൈജുവിന്റെ പക്ഷം. കളിയിലായാലും ജീവിതത്തിലായാലും അതില്‍ ഒരു ശരിനമുക്കും കാണാം. കളി ജയിച്ചാലും തോറ്റാലും ട്രോഫി നാട്ടിലെത്തണം, അത് ബൈജുവിന് നിര്‍ബന്ധമാണ്. ഒരു അനുമോദനവും അനൗണ്‍സ്മെന്റും പതിവ് രീതികളില്‍ പെടും.

കുമ്പളം ബ്രദേഴ്സ് ടീമും അതിലെ അംഗങ്ങളും അവരുടെ ജീവിതവുമാണ് ഈ ചിത്രം. അതില്‍ നര്‍മ്മമുണ്ട്, നൊമ്പരമുണ്ട്, നഷ് ടപ്പെടലുകളുണ്ട്, പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്.

അച്ഛന്‍, അമ്മ, ഭാര്യ, മകള്‍ എന്നിവരടങ്ങുന്നതാണ് ബൈജുവിന്റെ കുടുംബം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥനാണെങ്കിലും കക്ഷി പകല്‍സമയം ഏതാണ്ട് പൂര്‍ണമായും മൈതാനത്തായിരിക്കും, വീട്ടുകാരുമായുള്ളതിനേക്കാള്‍ ആത്മബന്ധം മൈതാനവുമായി ബൈജുവിനുണ്ട്. എട്ടാം വയസ്സില്‍ കളിക്കാനിറങ്ങിയ ഗ്രൗണ്ടാണ്. 36 വര്‍ഷമായിട്ടും അതിനെവിട്ടൊരു ഇടമില്ല ബൈജുവിന്. 

കുട്ടികാലത്തെ കളിയോര്‍മ്മകള്‍ ഒരു നൊസ്റ്റാള്‍ജിയ പോലെ സന്നിവേശിച്ച ചിത്രമായിരുന്നു എബ്രിഡ് ഷൈന്റെ 1983. ഈ സിനിമയിലെ ജോര്‍ജ് എന്ന അമേരിക്കക്കാരനായ ദിലീഷ് പോത്തന്റെ കഥാപാത്രം പഴയ കളിയോര്‍മ്മകള്‍ മനസ്സില്‍കൊണ്ടുനടക്കുന്നവരുടെ പ്രതിനിധിയാണ്. 

കുമ്പളം ബ്രദേഴ്‌സ് ക്ലബിന്റെ നാടകത്തിലെ സ്ഥിരം ഹീറോയായ മനോജായിയെത്തുന്ന ദീപക് പറമ്പോല്‍, നാള്‍ക്കുനാള്‍ നല്ലനടനായി വളരുകയാണ്. അജു വര്‍ഗീസിന്റെ ഉണ്ണി എന്ന കഥാപാത്രം ബിജുമേനോനോടൊപ്പം ആദ്യവസാനം ശ്രദ്ധേയവേഷമാണ്. 26 വയസ്സുകാരന്റെ പക്വത കുറവുമായി ഹരീഷ് പെരുമണ്ണയുടെ കഥാപാത്രം പക്ഷേ ബൈജുവിന്റെ വിലയിരുത്തലില്‍ നാട്ടിലെ ഏറ്റവും ബുദ്ധിമാനാണ്. 

biju menon

കളിക്കാരുടെ സ്ഥിരം ശത്രുവായ ജനാര്‍ദനന്‍, സ്ഥിരം പരിഹാസവുമായി ഇന്ദ്രന്‍സിന്റെ വേഷം അങ്ങനെ ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങളുണ്ട്. ബൈജുവിന്റെ സഹോദരിയായി അഞ്ജലി, ഭാര്യ അജിതയായി ഹന്നാ റെജി കോശി എന്നിവര്‍ക്കും മികച്ച വേഷമാണ് സിനിമയില്‍. അലന്‍സിയര്‍, വിജയരാഘവന്‍, വിശാല്‍ കൃഷ്ണ, കൂടാതെ ഒട്ടേറെ പുതുമുഖങ്ങളുമായി നിരവധി കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. അജു വര്‍ഗീസിന്റെ ഇഷ് ടം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം ശ്രീകല പ്രതീക്ഷ പുലര്‍ത്തുന്ന നടിയാണ്‌.

കളിയും കളിക്കാരനും വളരുന്നതും താരങ്ങളുണ്ടാകുന്നതും നല്ല സംഘാടകരും കൂടി ഉണ്ടാകുമ്പോഴാണ്. എങ്കിലും ജയിക്കുന്ന ടീമും കളിയിലെ ഹീറോയും മാത്രമാണ് എന്നും ആഘോഷിക്കപ്പെടുക. അവിടെയാണ് താരനിര്‍മ്മിതി. കളിയിലായാലും സിനിമയിലായാലും അതിന് മാറ്റമില്ല. എന്നാല്‍ ജീവിതത്തില്‍ നിസ്സഹായതകളുണ്ടെന്നും പഠനം മാത്രമല്ല ഒരു കുട്ടിക്കാലമെന്നും സംവിധായകന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. 

നല്ല സിനിമയ്ക്ക് ഒപ്പ് ചാര്‍ത്തുന്ന മലയാളി പ്രേക്ഷകര്‍ തീര്‍ച്ചയായും ടിക്കറ്റെടുക്കേണ്ട സിനിമയാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരിയായ ഈ ചിത്രം. എഴുത്തിനൊപ്പം സംവിധാനവും ഏറ്റെടുത്ത് തുടങ്ങിയപ്പോള്‍ എവിടെയോ കൈമോശം വന്ന രസച്ചരട് രഞ്ജന്‍ പ്രമോദ് തിരികെ പിടിച്ചിരിക്കുന്നു മീശമാധവനും, മനസ്സിനക്കരെയും, അച്ചുവിന്റെ അമ്മയും, നരനും ഒക്കെ പിറന്ന തൂലികയില്‍ നിന്ന് ഇനി മികച്ച സിനിമകള്‍ ബാക്കിയുണ്ടെന്ന രഞ്ജന്‍ പ്രമോദിന്റെ ഉറപ്പാണ് രക്ഷാധികാരി ബൈജു ഒപ്പ്

സഹനായകനില്‍ നിന്ന് നായകനായി വളര്‍ന്ന ബിജുമേനോന്‍ അഭിനയരസം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കൂട്ടുകയാണ് ബൈജുവിലൂടെയും. കവി ഉദ്ദേശിച്ചതില്‍ കോച്ചായി ചിരിപ്പിച്ച ബിജുമേനോന്റെ വെള്ളിമൂങ്ങയ്ക്ക് ശേഷമുള്ള മികച്ച വേഷവും സിനിമയുമാണ് രക്ഷാധികാരി ബൈജു ഒപ്പ്. 

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളുള്ള സിനിമകളില്‍ ഒന്നായിരിക്കും രക്ഷാധികാരി ബൈജു ഒപ്പ്. ഒരു ഗ്രാമത്തെ മുഴുവന്‍ സിനിമയിലൂടെ അടയാളപ്പെടുത്തുകയും ആ നാട്ടുകാരെ മുഴുവന്‍ സിനിമയില്‍ കഥാപാത്രങ്ങളാക്കുകയും ചെയ്ത സാഹസികതയും അതിന്റെ ഫലമായുള്ള സിനിമയുടെ രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും ഒരു വെല്ലുവിളിയാണ്‌. സംഭാഷണങ്ങളുള്ള കഥാപാത്രങ്ങള്‍ തന്നെ 100 ലധികം വരും. 

ബിജി ബാല്‍ ഈണിട്ട ഏഴ് ഗാനങ്ങളുണ്ട് ചിത്രത്തില്‍. ആകാശം പന്തല്‍ കെട്ടി.. ജീവിതമെന്നത്... ഞാനേ ഊഞ്ഞാലില്‍ എന്നീ ഗാനങ്ങള്‍ എടുത്തുപറയേണ്ടതാണ്. പ്രശാന്ത് രവീന്ദ്രന്റെ ദൃശ്യങ്ങള്‍ ഒരു തനി ഗ്രാമീണ അന്തരീക്ഷം സിനിമയ്ക്ക് പകരുന്നതില്‍ വലിയ പങ്കുണ്ട്. 100 th monkey പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കോലം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

കുട്ടികളെ കളിക്കാന്‍ വിടാതെ തടവിലിട്ട് എഞ്ചിനീയര്‍മാരും ഡോക് ടര്‍മാരും ആക്കുന്ന വ്യഗ്രതയുടെ കാലത്തിന് ബൈജുവിന്റെ നിവേദനമാണ് ഈ സിനിമ. കളിച്ചുവളരേണ്ട കാലത്ത് അത് നിഷേധിക്കപ്പെടുന്ന കുട്ടിക്കാലത്തിന്റെ കരച്ചിലും നൊമ്പരവും ഒക്കെയാണ് ഈ സിനിമ. ആ നിസഹായതയുടെ കാലത്തിന്റെ പ്രതിനിധിയാണ് ബൈജു. ഗ്രാമത്തെ നഗരങ്ങളാക്കുന്നതാണോ വികസനമെന്ന ചോദ്യം ഓരോരുത്തരോടും സ്വന്തം കൈയ്യൊപ്പോടെ ചോദിക്കുകയാണ് രഞ്ജന്‍ പ്രമോദ്, അതിനുള്ള ഉത്തരം കണ്ടെത്തേണ്ട ബാധ്യത നമുക്കുണ്ട്.