2016 നവംബര്‍ എട്ട് എന്ന ദിവസം ഇന്ത്യക്കാർക്ക് മറക്കാനാവില്ല. രാജ്യത്തെ കള്ളപ്പണക്കാര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനം വന്ന ദിവസമായിരുന്നു അത്. ഈ നിരോധനം ആരെയെല്ലാം, എങ്ങനെയെല്ലാം ബാധിച്ചു എന്ന പശ്ചാത്തലത്തിലാണ്  രഞ്ജിത് തന്റെ പുത്തന്‍പണം എന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അടിമുടി കാസര്‍ക്കോട്ടുകാരനായ നിത്യാനന്ദ ഷേണായിയാണ് പുത്തന്‍പണത്തിലെ നിറസാന്നിധ്യം. ഓരോ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നപോലെ അദ്ദേഹത്തെ ചുറ്റിക്കൊണ്ടിരിക്കുന്നു. സ്‌ട്രോങ്ങാണ് ഷേണായിയും അദ്ദേഹത്തിന്റെ കൂട്ടരും. നോട്ട് നിരോധനം മൂലം ഷേണായിക്കുണ്ടാവുന്ന പ്രശ്‌നങ്ങളും അത് എങ്ങനെ അദ്ദേഹം തരണം ചെയ്യുന്നു എന്നുള്ളതുമാണ് ചിത്രത്തിന്റെ ആകെ തുക. 

പൂര്‍ണമായും നോട്ട് നിരോധനത്തില്‍ അധിഷ്ഠിതമായ ഒരു ചിത്രമല്ല പുത്തന്‍പണം. നിത്യാനന്ദ ഷേണായിയുടെ ജീവിതത്തില്‍ നോട്ട് നിരോധനം ഒരു പശ്ചാത്തലമായി വരുന്നു എന്ന് മാത്രം. നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മറ്റു കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. കാസര്‍ക്കോട്ടുകാരനായ, കാസര്‍ക്കോട് ഭാഷ മാത്രം സംസാരിക്കുന്ന നിത്യാനന്ദ ഷേണായിയെ ഗംഭീരമാക്കിയിട്ടുണ്ട് മമ്മൂട്ടി. പ്രാദേശിക ഭാഷകളില്‍ സംസാരിക്കുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് എടുത്തുകാണിക്കുന്നുണ്ട് പുത്തന്‍പണം.

കാസര്‍ക്കോട് ഭാഷയായതിനാല്‍ മനസിലാവുമോ എന്നൊരു ആശങ്ക ട്രെയിലറും ടീസറും ഇറങ്ങിയപ്പോള്‍ പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാവുമെങ്കിലും അതിനെയെല്ലാം അസ്ഥാനത്താക്കുകയാണ് പുത്തന്‍പണം. ഇതിന് സംഭാഷണമെഴുതിയ സംവിധായകനും പി.വി.ഷാജികുമാറിനുമാണ് കയ്യടി നല്‍കേണ്ടത്. ആദ്യപകുതിയില്‍ നോട്ട് നിരോധനം ഒരു വിഷയമായിരുന്നുവെങ്കില്‍ രണ്ടാംപകുതിയില്‍ കഥ മറ്റൊരു ട്രാക്കിലാണ് സഞ്ചരിക്കുന്നത്. അത് ഏച്ചുകെട്ട് തോന്നിക്കാത്ത വിധം ആദ്യപകുതിയുമായി കൂട്ടിയിണക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാന്റെ സംഗീതവും അച്ചു രാജാമണിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ കഥയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

മലയാളത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഛായാഗ്രാഹകന്‍ ഓം പ്രകാശിനെ പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു കളര്‍ ടോണിലാണ് അദ്ദേഹം ദൃശ്യങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മുത്തുവായെത്തിയ ബാലതാരം ഭാവിയില്‍ മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്. നിത്യാനന്ദ ഷേണായിക്കൊപ്പം പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാന്‍ മുത്തുവിനാവുന്നുണ്ട്. ലീലയ്ക്ക് ശേഷം അഭിനയംകൊണ്ടും രൂപംകൊണ്ടും കാഴ്ചക്കാരെ ഞെട്ടിക്കാന്‍ ഇന്ദ്രന്‍സിനും കഴിഞ്ഞു.

ബൈജു, ഇന്ദ്രന്‍സ്, മാമുക്കോയ, സിദ്ദിഖ്, ഹരീഷ്, നിര്‍മല്‍ പാലാഴി എന്നിവരുടെ കഥാപാത്രങ്ങള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. ഏതാനും രംഗങ്ങളില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ക്കുപോലും വ്യക്തിത്വമുണ്ട്. ചുരുക്കത്തില്‍ ആരാധകരെയും നിഷ്പക്ഷരായ ആസ്വാദകരേയും കയ്യിലെടുക്കാന്‍ പോന്ന ചിത്രമാണ് പുത്തന്‍പണം.