ലിയ പ്രതീക്ഷയും അവകാശവാദങ്ങളുമില്ലാതെ വന്നതുകൊണ്ടാകണം കളി കണ്ടുകഴിയുമ്പോള്‍ കാഴ്ചക്കാരന് ക്ഷീണമൊന്നുമുണ്ടാകുന്നില്ല. കൊച്ചിയുടെ പശ്ചാത്തലത്തില്‍ സ്ഥിരം വന്നുപോകുന്നൊരു ചിത്രം,യൂത്തിനെ പിടിച്ചിരുത്താനുള്ള  ചേരുവകളാണ് ചിത്രത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബാച്ചിലേഴ്സിന്റെ  ആഘോഷങ്ങളും അവരുടെ പ്രണയവും സൗഹൃദവുമെല്ലാം ഊതിവീര്‍പ്പിച്ചുകൊണ്ടാണ് കളിതുടങ്ങുന്നത്. ആര്‍ഭാടജീവിതത്തിനു ശ്രമിക്കുന്ന കൗമാരപ്പിള്ളേര്‍ ചെന്നുപെടുന്നൊരു പ്രശ്നവും അതിന്മേല്‍ കെട്ടിമറിഞ്ഞുപോകുന്ന രണ്ടാംപകുതിയിലൂടെയും ചിത്രം വികസിക്കുന്നു. 

തമാശയ്ക്കായി എഴുതിച്ചേര്‍ത്ത സംഭാഷണങ്ങള്‍ പലതും തിയേറ്ററില്‍ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ലെന്നത് നിരാശാജനകമാണ്. ഇടവേളയ്ക്കു ശേഷമുള്ള ത്രില്ലര്‍ രംഗങ്ങളാണ് സിനിമയുടെ മുതല്‍ക്കൂട്ട്.

ആദ്യപകുതി അവസാനിക്കുമ്പോള്‍ കഥയിലേക്ക് കടന്നുവരുന്ന കൊലപാതകം സിനിമയ്ക്ക് അല്‍പ്പമെങ്കിലും കരുത്തുനല്‍കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നുണ്ടെങ്കിലും അവയ്ക്കൊന്നും മികച്ചൊരു ക്ലൈമാക്സ് സമ്മാനിക്കാന്‍ കഴിയുന്നില്ല. സുന്ദരിമാരെ കാമുകിയാക്കാന്‍ പൂവാലന്‍ പിള്ളേരിറക്കുന്ന സ്ഥിരം നമ്പറുകള്‍ക്ക് പുതുമ അവകാശപ്പെടാനില്ല. അച്ഛന്‍ വിദേശത്താണെന്നുതുടങ്ങി അവിടത്തെ ആര്‍ഭാടത്തിന്റെ ഇല്ലാക്കഥകള്‍ തട്ടിവിടുകയും, കോഫി ഷോപ്പില്‍  കാമുകിയെക്കൊണ്ട് പണംകൊടുപ്പിക്കാന്‍ നമ്പറിറക്കുന്ന കാമുകനേയും  ഇനിയും സിനിമയില്‍ കാണുകയെന്നത് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്. പുതുമുഖങ്ങളായെത്തിയ കുട്ടികള്‍ കളംനിറഞ്ഞാടി എന്നതാണ് സിനിമ നല്‍കുന്ന ആശ്വാസം.

ജോജു ജോര്‍ജ്, ഷമ്മി തിലകന്‍, ബാബുരാജ് എന്നിവരെല്ലാമാണ് സിനിമയിലെ പ്രധാന പരിചിതമുഖങ്ങള്‍. നെഗറ്റീവ് ഷേഡുള്ള പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ജോജുജോര്‍ജ്ജ് കൈയടിനേടുന്നുണ്ട്.

മലയാളത്തിന് വിജയചിത്രങ്ങള്‍  സമ്മാനിച്ച ഓഗസ്റ്റ് സിനിമ പുതുമുഖങ്ങളെ കോര്‍ത്തിണക്കി  കഥപറയുമ്പോള്‍ അതില്‍ പ്രേക്ഷകരെ രസിപ്പിക്കാനുള്ള വകയുണ്ടാക്കാന്‍ അല്പംകൂടി കരുതല്‍ കാണിക്കണമായിരുന്നു.

താരഭാരമില്ലാത്ത ചെറിയ സിനിമകള്‍ അടുത്തിടെ മലയാളത്തില്‍ വലിയവിജയങ്ങള്‍ നേടിയിട്ടുണ്ട്, എന്നാല്‍ കെട്ടുറപ്പില്ലാതെപോയ കഥയാണ് കളിയെ തളര്‍ത്തുന്നത്. കഥയെഴുത്തില്‍നിന്ന് സംവിധാനത്തിലേക്ക് ചുവടുവെച്ച  നജീം കോയയ്ക്ക് അഭിമാനിക്കാനുള്ള വകയൊന്നും കളി നല്‍കുന്നില്ല. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതv.