സാഹസികമായ കാര്‍ റേസിംഗ്, സംഘട്ടന രംഗങ്ങള്‍ എന്നിവയെല്ലാം ഇഷ്ടപ്പെടുന്ന ഒരു ശരാശരി പ്രേക്ഷകനെ എപ്പോഴും രസിപ്പിച്ചിരുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എട്ടാം ഭാഗത്തില്‍ എത്തിയപ്പോള്‍ അതിശയോക്തിയുടെ അത്യുന്നതങ്ങളില്‍ എത്തിയെന്നു വേണം കരുതാന്‍. എഫ് ഗാരി ഗാരി സംവിധാനത്തില്‍ ഒരുങ്ങിയ ഈ ചിത്രം സാമാന്യ യുക്തിക്കപ്പുറമുള്ള ദൃശ്യങ്ങളാണ് പ്രേക്ഷകന് മുന്‍പില്‍ അവതരിപ്പിക്കുന്നത്. 

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസില്‍  പോള്‍ വാക്കറില്ലാതെ ഇറങ്ങിയ ആദ്യ ചിത്രമാണ് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് അഥവാ ദ ഫെയ്റ്റ് ഓഫ് ഫ്യൂരിയസ്. ജയിംസ് വാന്‍ സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രം പുറത്തിറങ്ങിയത് പോള്‍ വാക്കറിന്റെ മരണത്തിന് ശേഷമായിരുന്നു. അതുകൊണ്ട് തന്നെ വിന്‍ഡീസല്‍ അവതരിപ്പിക്കുന്ന ഡോമും അയാളുടെ പ്രണയവും സംഘര്‍ഷങ്ങളും കുടുംബത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധിയുമൊക്കെയാണ് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8 പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആറാമത്തെ പതിപ്പില്‍ മിഷേല്‍ റോഡിഗസ് അവതരിപ്പിക്കുന്ന ലെറ്റി എന്ന കഥാപാത്രത്തിന് ഒരു പ്രത്യേക സാഹചര്യത്തില്‍ ശത്രുപക്ഷത്ത് ചേരേണ്ടി വരുകയാണ്. എട്ടാം ഭാഗമാകുമ്പോള്‍ ആ ദുര്‍വിധി തേടിവരുന്നത് നായകന്‍ ഡോമിനെ തന്നെയാണ്. 

സംഭവ ബഹുലമായ എഴാമത്തെ മിഷന് ശേഷം ലെറ്റിയും ഡോമും മധുവിധു ആഘോഷിക്കാന്‍ ക്യൂബയില്‍ എത്തുന്നത് മുതലാണ് ചിത്രം തുടങ്ങുന്നത്. അവിടെ വച്ച് അയാള്‍ ഒരു യുവതിയെ കണ്ടുമുട്ടുന്നു. അവളുടെ ആജ്ഞയ്ക്കു മുന്‍പില്‍ അയാള്‍ക്ക് വഴങ്ങേണ്ടി വരുന്നു. അവളുടെ ദുഷ് പ്രവര്‍ത്തികള്‍ക്ക് ഡോമം എന്തുകൊണ്ട് കൂട്ടു നില്‍ക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും കാതലായ ഭാഗം. 

വില്ലനായെത്തുന്നത് ഒരു സ്ത്രീ കഥാപാത്രമാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷാര്‍ലി ടെറനാണ് സിഫര്‍ എന്ന് വിളിപ്പേരുള്ള സൈബര്‍ തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പതിപ്പില്‍ പ്രതിനായകനായെത്തിയ ജേസണ്‍ സ്റ്റാഥമിന്റെ ഡെക്കാര്‍ഡ് ഷോ എന്ന കഥാപാത്രം ഫെയ്റ്റ് ഓഫ് ഫ്യൂരിയസില്‍ നന്‍മയുടെ പക്ഷത്താണെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 

രണ്ട് മണിക്കൂര്‍ സമയം പോകാന്‍ ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമ മാത്രം ലക്ഷ്യമിടുന്ന ഒരാളെ ഒരു പക്ഷെ ഫെയ്റ്റ് ഓഫ് ഫ്യൂരിയസ് രസിപ്പിച്ചേക്കാം. എന്നാല്‍ എഫ്എഫ് പതിപ്പുകള്‍ ഒന്നു വിടാതെ കണ്ട് വിലയിരുത്തിയിട്ടുള്ള ഒരു പ്രേക്ഷകനെ ഈ ചിത്രം നിരാശപ്പെടുത്തിയേക്കാം.