സിനിമയുടെ ആദ്യ സീന്‍ മുതല്‍ ഒടുവിലത്തെ സീന്‍ വരെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശേഷിയുള്ള ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് ധ്രുവങ്ങള്‍ 16. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ അത്ഭുതങ്ങള്‍ വിരിയിച്ചിട്ടുള്ള സംവിധായകരുണ്ടായിരുന്ന മേഖലയാണ് നമ്മുടെ സിനിമാ മേഖലയെങ്കില്‍ 21ാം വയസ്സില്‍ അരങ്ങേറ്റ ചിത്രത്തില്‍ ഇത്ര ഗംഭീരമായ തുടക്കം ലഭിച്ചിട്ടുള്ള സിനിമാക്കാര്‍ ഉണ്ടായിരിക്കില്ല. മലയാളത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനെന്ന പേരൊടെ ഖ്യാതി നേടിയ ബേസില്‍ ജോസഫിനെക്കാള്‍ അതിഗംഭീര തുടക്കമാണ് കാര്‍ത്തിക് നരേന് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്തതാണെങ്കിലും ധ്രുവങ്ങള്‍ 16 കേരളത്തിലെ തിയേറ്ററുകളിലെത്തിയത് കഴിഞ്ഞയാഴ്ച്ചയായിരുന്നു. 

ട്വിസ്റ്റുകളും ടേണുകളും കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ഒരു സിനിമയ്ക്ക് കഥയുടെ സൂചനകള്‍ നല്‍കാതെ റിവ്യു എഴുതുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. സിനിമയുടെ തുടക്കം മുതല്‍ ക്ലൈമാക്‌സ് സീന്‍ വരെ കഥ ഊഹിക്കാനുള്ള അവസരം സംവിധായകന്‍ നിരത്തുന്നുണ്ട്. പക്ഷെ, പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് കഥ മറ്റൊരു വഴിക്ക് പോവുകയും ചെയ്യും. ഒരു ചെറിയ സംഭവത്തെ പല വീക്ഷണകോണുകളില്‍ നിന്ന് നോക്കിക്കാണുന്നൊരു സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണിത്.

Read More: എഞ്ചിനീയറിങ് കോളേജിൽ നിന്ന് മുങ്ങി, 22-ാം വയസ്സിൽ ത്രില്ലര്‍ സിനിമയുമായി പൊങ്ങി

മലയാളികള്‍ക്കും തമിഴ് സിനിമാപ്രേമികള്‍ക്കും പരിചിതമല്ലാത്ത കഥപറച്ചില്‍ രീതിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. 

തിരക്കഥയിലും സിനിമയുടെ എഡിറ്റിംഗിലും നടത്തിയിരിക്കുന്ന അതിസൂക്ഷ്മമായ ആസൂത്രണമാണ് സിനിമയുടെ മികവിന് കാരണം. ഈ സിനിമയ്ക്ക് പിന്നില്‍ വലിയൊരു പ്രയത്‌നമുണ്ടെന്ന് കാഴ്ച്ചയില്‍ അനുഭവപ്പെടുകയും ചെയ്യും. പ്രണയം, പ്രതികാരം, പക, ദേഷ്യം, പ്രണയനിരാസം, സൗഹൃദം ഇവയെല്ലാം കഥയുടെ അന്തര്‍ലീനമായ ഘടകങ്ങളാണ്. വില്ലന്‍ ആര് നായകനാര് എന്നുള്ള ആശയക്കുഴപ്പങ്ങള്‍ സിനിമ കഴിഞ്ഞാലും നിലനില്‍ക്കും. ഓരോ കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കുമ്പോഴും അവര്‍ ചെയ്ത എല്ലാറ്റിനും ന്യായീകരണങ്ങളുണ്ട്. എന്നാല്‍, ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍ മറ്റൊരു കഥാപാത്രത്തെ നോക്കുമ്പോള്‍ അവരെല്ലാവരും വില്ലന്മാരായി തോന്നുകയും ചെയ്യും. തത്വത്തില്‍ നായകന്‍, വില്ലന്‍ സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ത്ത് എല്ലാവരും നായകന്മാര്‍ എല്ലാവരും വില്ലന്മാര്‍ എന്ന തരത്തിലാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. 

Read More: ഡി 16 വ്യാജനെ പേടിക്കാത്തതിന് കാരണം ഈ 22 വയസുകാരുടെ ആത്മവിശ്വാസം

ചിത്രം തുടങ്ങുമ്പോള്‍ സൈക്കോ ത്രില്ലര്‍ സിനിമകളില്‍ സ്ഥിരം കാണുന്ന ചില സൂചനകള്‍ വ്യക്തമായി വരച്ചിടുന്നുണ്ട് സംവിധായകന്‍. പ്രേക്ഷകനെ മന:പൂര്‍വം ചിന്തകളിലൂടെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണിത്. ഇതില്‍ കാര്‍ത്തിക് നരേന്‍ അതിഗംഭീരമായി വിജയിച്ചിട്ടുമുണ്ട്. കഥയും തിരക്കഥയും കഴിഞ്ഞാല്‍ ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് റഹ്മാന്‍ എന്ന നടന്റെ സാന്നിധ്യമാണ്. മറുപടി എന്ന മലയാള സിനിമയ്ക്ക് ശേഷം റഹ്മാന്റേതായി കാണുന്ന ചിത്രമാണിത്. മറുപടിയും ധ്രുവങ്ങള്‍ 16 ഉം താരതമ്യം അര്‍ഹിക്കുന്നില്ലെങ്കിലും ഒരു നടനെ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് ധ്രുവങ്ങള്‍ 16ല്‍ നിന്ന് പഠിക്കാനുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനായി സ്വാഭാവിക അഭിനയം കാഴ്ച്ചവെച്ച റഹ്മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രവും പ്രകടനവുമാണിത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ അശ്വിന്‍ കുമാര്‍ ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വന്നു പോയ കഥാപാത്രങ്ങളില്‍ ഏറെയും പുതുമുഖങ്ങളും പരിചയക്കുറവുള്ളവരായിരുന്നെങ്കിലും സംവിധായകന് തിരക്കഥയുടെ മേലുള്ള കെട്ടുറപ്പ് ന്യൂനതകളെ മറച്ചു.