നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച സിനിമകളെല്ലാം തന്നെ സ്ത്രീ കേന്ദ്രീകൃതമായിരുന്നു. ഇതിന്റെ കാരണമെന്താണെന്ന് ഒരു അഭിമുഖത്തില്‍ മഞ്ജുവിനോട് ചോദിച്ചപ്പോള്‍ (മറ്റൊരാള്‍ ചോദിച്ചത്) എന്നോട് കഥ പറയാന്‍ വരുന്നവരൊക്കെ സ്ത്രീ കേന്ദ്രീകൃത കഥയാണ് പറയുന്നതെന്നായിരുന്നു മറുപടി. മഞ്ജുവിന്റെ രണ്ടാം വരവിലെ മുന്‍സിനിമകളെന്ന പോലെ കെയര്‍ ഓഫ് സൈറാബാനുവും ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ്. 

കഥകളിലും സിനിമകളിലുമുള്ള ഡ്രാമകള്‍ മനുഷ്യ ജീവിതത്തിലുള്ള ഡ്രാമയുടെ ചെറിയൊരു അംശം മാത്രമാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ പറയുന്നുണ്ട്. സൈറാ ബാനു കാണുമ്പോള്‍ നമുക്ക് തോന്നുന്നതും അത് തന്നെയാണ്. ഈ സിനിമയ്ക്ക് പശ്ചാത്തലമായിരിക്കുന്ന കഥയും ഏതാണ്ട് സമാന സാഹചര്യത്തിലുള്ള ഒന്നാണ്. കഥ പറഞ്ഞു പോകുന്നതിനൊപ്പം സമകാലീന സംഭവവികാസങ്ങളും സിനിമയ്ക്ക് പ്രമേയമാകുന്നുണ്ട്. ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജിന്റെ മരണം, കൊച്ചിയിലെ ചുംബന സമരം, ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍, കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ഊരും പേരുമില്ലാത്ത ബംഗാളികള്‍ തുടങ്ങി ഈ തലമുറയ്ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരുപാട് സംഭവങ്ങളും വിഷയങ്ങളും തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ നമ്മുടെ കാഴ്ച്ചയില്‍ വെറും സംഭവങ്ങളാണെങ്കില്‍ ഇവയെല്ലാം തമ്മില്‍ വളരെ ബുദ്ധിപരമായി ബന്ധിപ്പിച്ചിരിക്കുകയാണ് ഈ സിനിമയില്‍. 

തുടക്കത്തില്‍ ഫാമിലി ഡ്രാമയും അവസാനിക്കുമ്പോള്‍ കോര്‍ട്ട് റൂം ഡ്രാമയുമാണ് ഈ ചിത്രമെന്ന് വിലയിരുത്താം. സൈറാ ബാനുവും മകന്‍ ജോഷ്വ പീറ്ററും തമ്മിലുള്ള ബന്ധവും സ്‌നേഹവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം പറയുന്നത് തന്റെ മകനെ നിയമക്കുരുക്കില്‍ നിന്ന് രക്ഷിക്കാനുള്ള സൈറയുടെ നെട്ടോട്ടവും പോരാട്ടവുമാണ്. സാധാരണ പോസ്റ്റ്‌വുമണായ സൈറയ്ക്ക് പറയത്തക്ക വിദ്യാഭ്യാസമോ പണമോ സ്വാധീനമോ ഒന്നുമില്ല. എങ്കിലും, നീതിക്കായി ഏതറ്റം വരെയും പോകാനും തയ്യാറായ ശക്തമായ കഥാപാത്രമാണിത്. ക്ലൈമാക്‌സിലെ ചില സംഭവവികാസങ്ങള്‍ മനസ്സില്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ടെങ്കിലും കണ്ടുമുഴുമിപ്പിക്കാന്‍ പോന്ന ചിത്രമാണിത്. 

കിസ്മത്തിന് ശേഷം ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ചിത്രത്തില്‍ ജോഷ്വ പീറ്ററുടെ വേഷത്തിലൂടെ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട് ഷെയ്ന്‍. രണ്ടു പതിറ്റാണ്ടിന് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ അമല അക്കിനേനി ഇനിയും ഇവിടെയൊക്കെ തന്നെ കാണും എന്ന് ഈ സിനിമയിലൂടെ ഉറപ്പിക്കാം. ആനി ജോണ്‍ തറവാടി എന്ന വക്കീലിന്റെ വേഷം അമല നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ലിപ് സിങ്കിലെ ചെറിയ  കല്ലുകടി ഒഴിച്ചാല്‍ സംതൃപ്തി നല്‍കുന്ന പ്രകടനമായിരുന്നു അവരുടേത്. ജോയ് മാത്യു, ഗണേഷ് കുമാര്‍, സുജിത്ത് ശങ്കര്‍, ജോണ്‍ പോള്‍, നിരഞ്ജന അനൂപ്, ജഗദീഷ്, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, സുനില്‍ സുഗത എന്നിവര്‍ വന്ന് പോയി നിന്ന കഥാപാത്രങ്ങളായപ്പോള്‍ ഉപ്പും മുളകും ഫെയിം ബിജു സോപാനം ചെറുതല്ലാത്തൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ പലരായി വന്നും പോയും ഇരുന്നെങ്കിലും പ്രധാനമായി സിനിമ ഫോക്കസ് ചെയ്തത്  മഞ്ജു, അമല, ഷെയ്ന്‍ എന്നിവരിലായിരുന്നു. സിനിമയില്‍ വരുന്നില്ലെങ്കിലും ജോഷ്വ പീറ്ററുടെ പിതാവ് പീറ്റര്‍ ജോര്‍ജിനെക്കുറിച്ച് പലയിടത്തും പരാമര്‍ശിക്കുന്നു. 

ചെറിയ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകനായ മെജോ ജോസഫ് മടങ്ങിവരവ് നടത്തിയിരിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. പശ്ചാത്തല സംഗീതത്തിലും സംഗീത സംവിധാനത്തിലും മെജോ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അബ്ദുള്‍ റഹീമാണ് ഛായാഗ്രഹണം. സാഗര്‍ ദാസാണ് എഡിറ്റര്‍.